| Saturday, 20th July 2019, 10:37 am

കെ.എസ്.യു സമരങ്ങള്‍ക്ക് 'ഊര്‍ജ്ജം' നല്‍കി മലയാള മനോരമയുടെ വാര്‍ത്തകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു സമരങ്ങള്‍ക്ക് ‘ഊര്‍ജ്ജം നല്‍കി’ മലയാള മനോരമയിലെ വാര്‍ത്തകള്‍. എസ്.എഫ്.ഐയെ തുടര്‍ച്ചയായ പ്രതിരോധത്തിലാക്കുന്ന വാര്‍ത്ത നല്‍കിയ മനോരമ അതേസമയം കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ വാര്‍ത്തകളെ മറയ്ക്കുകയാണ്.

സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധവുമായി ഓടിക്കയറിയ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ശില്‍പ്പയുടെ പ്രായത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച വന്നപ്പോള്‍ കെ.എസ്.യുവില്‍ പ്രവര്‍ത്തിക്കാവുന്ന പ്രായം 27 ആണെന്ന് ന്യായീകരിക്കാന്‍ മനോരമ മുന്‍പന്തിയിലുണ്ടായിരുന്നു.

എസ്.എഫ്.ഐ അക്രമത്തിനെതിരെ സമരം നടത്തുന്ന ശില്‍പ്പയ്‌ക്കെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചതടക്കമുള്ള 19 കേസുകള്‍ ഉണ്ടെന്നത് മനോരമ വാര്‍ത്തയില്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ ഈ സംഭവത്തെയെല്ലാം മറ്റ് വര്‍ണനകള്‍ കൊണ്ട് ലഘൂകരിക്കുകയാണ് മനോരമ ചെയ്യുന്നത്.

സമരം വീര്യം ചോരാതെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്ന തലക്കെട്ടില്‍ കൊടുത്ത വാര്‍ത്തയിലും സമാനമായ വര്‍ണനകളാണ്. കെ.എസ്.യു സമരപന്തലില്‍ പ്രവര്‍ത്തകര്‍ മുന്‍പ് കാണാത്ത ആവേശത്തിലാണെന്നും മറ്റ് ജില്ലകളില്‍ നിന്ന് പോലും പ്രവര്‍ത്തകര്‍ എത്തുന്നുണ്ടെന്നും മനോരമ എഴുതിയിട്ടുണ്ട്.

ഇതിനിടെ എസ്.എഫ്.ഐ ആക്രമണത്തിനെതിരെ എന്ന് പറഞ്ഞ് നിരാഹാര സമരം നടത്തുന്ന കെ.എസ്.യു വെട്ടിലായപ്പോള്‍ ആ വാര്‍ത്ത ‘ആഘോഷിക്കാതെ മാറിനില്‍ക്കാനും’ മനോരമയ്ക്കായി. കെ.എസ്.യു നിരാഹാരപന്തലില്‍ സഹപ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയും ഉണ്ടെന്ന വാര്‍ത്തവന്നിരുന്നു. സംസ്ഥാന അദ്ധ്യക്ഷന്‍ അഭിജിത്തിനൊപ്പം നിരാഹാര പന്തലില്‍ ഇരിക്കുന്ന നേതാവിന്റെ ഫോട്ടോ തിരിച്ചറിഞ്ഞതാണ് തിരിച്ചടിയായത്.

മനോരമയുടെ ഇരട്ടത്താപ്പ് ചൂണ്ടിക്കാണിച്ച് അഡ്വ. ഹരീഷ് വാസുദേവനടക്കമുള്ളവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

‘SFI വിദ്യാര്‍ത്ഥി സമരത്തിന്റെ ഭാഗമായി ഒരു വനിതാ സഖാവാണ് മതില്‍ ചാടിയതെന്നു കരുതൂ, എങ്ങനെയാകും മലയാളമനോരമ അതിനെ കാണുക?


‘കുടുംബത്തുനിന്നും പഠിക്കാന്‍ വിടുന്ന പെണ്‍പിള്ളേര്‍ സെക്രട്ടേറിയറ്റിന്റെ മതില് ചാടുകയോ !’ എന്നാശ്ചര്യപ്പെടുന്ന സാംസ്‌കാരിക നായകന്മാരുടെയും നായികമാരുടെയും വാചകമേള ബോക്സ് ഐറ്റം, അതിരുകടക്കുന്ന വിദ്യാര്‍ത്ഥിരാഷ്ട്രീയത്തെപ്പറ്റി ‘നമ്മുടെ യുവതലമുറ എങ്ങോട്ട്’ എന്നൊക്കെയുള്ള മുഖപ്രസംഗം.. എഴുതി നിറച്ചേനെ മനോരമ. സാധാരണ പിള്ളേര്‍ മതില് ചാടുമ്പോള്‍ വിദേശത്ത് ജോലി ചെയ്തു കാശുണ്ടാക്കുന്ന ഇടതുനേതാക്കളുടെ മക്കളുടെ ലിസ്റ്റും വിശദാംശങ്ങളും മറ്റൊരു പേജില്‍…’- ഹരീഷ് കുറിച്ചു.


സര്‍ക്കാരിനെതിരേ എഴുതാനാണെങ്കിലും മനോരമ ‘വനിത മതില്‍ ചാടുന്ന’ ആ വിപ്ലവകരമായ സംഗതി ഒന്നാം പേജില്‍ പ്രാധാന്യത്തോടെ കൊടുത്തല്ലോയെന്നും ഹരീഷ് പരിഹസിക്കുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more