| Tuesday, 25th June 2019, 7:46 am

പേരൂരിലെ കരിങ്കല്‍ ക്വാറി ഖനനം; ഒപ്പിട്ടത് ലീഗുകാര്‍, വ്യാജവാര്‍ത്ത നല്‍കിയ മനോരമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ഒറ്റപ്പാലം ലെക്കിടി പേരൂരില്‍ കരിങ്കല്‍ ക്വാറിയില്‍ ഖനനം നടത്താന്‍ ഉടമ സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിക്ക് കരാര്‍ ഒപ്പിട്ടു നല്‍കിയെന്ന മനോരമ വാര്‍ത്ത വ്യാജമെന്ന് സി.പി.ഐ.എം. വ്യാജവാര്‍ത്തയ്‌ക്കെതിരെ സിവില്‍, ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സി.പി.ഐ.എം ഒറ്റപ്പാലം ഏരിയാ കമ്മിറ്റി അറിയിച്ചു.

ക്വാറി ഉടമയും ലെക്കിടി പേരൂര്‍ പഞ്ചായത്തിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ അംഗവും മുസ്ലിംലീഗ് ഒറ്റപ്പാലം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ പി.എ ഷൗക്കത്തലി സി.പി.ഐ.എമ്മുമായി ക്വാറി ഖനനവുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പിട്ടു എന്നായിരുന്നു മലയാള മനോരമ ജൂണ്‍ 24 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത.

എന്നാല്‍ കരാറില്‍ ഒപ്പിട്ടത് ഷൗക്കത്തലിയും മറ്റ് രണ്ട് ലീഗ് നേതാക്കളുമാണെന്ന് സി.പി.ഐ.എം പറയുന്നു.

‘ആര്‍ക്കാണോ കരാര്‍ എഴുതിക്കൊടുക്കുന്നതെങ്കില്‍ കക്ഷിയും ഒപ്പിടണം. ഇവിടെ സി.പി.ഐ.എമ്മിനുവേണ്ടി ആരും ഒപ്പിട്ടിട്ടില്ല. നൂറുരൂപയുടെ മുദ്രപ്പത്രം വാങ്ങിയതും എഴുതിത്തയ്യാറാക്കിയ കുറെ വ്യവസ്ഥകളില്‍ ഒപ്പിട്ടതും ഷൗക്കത്തലിയാണ്. സി.പി.ഐ.എം ഏര്‍പ്പെടുന്ന കരാറുകളില്‍ കൃത്യമായി പാര്‍ടിയുടെ പേര് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്)എന്ന് വ്യക്തമാക്കും. ലെക്കിടി പേരൂര്‍ പഞ്ചായത്തില്‍ സി.പി.ഐ.എമ്മിന് രണ്ട് ലോക്കല്‍ കമ്മിറ്റിയുണ്ട്. ഇതില്‍ ഏത് ലോക്കല്‍ കമ്മിറ്റിക്കാണ് കരാര്‍ എഴുതി നല്‍കിയതെന്നും കരാറില്‍ വ്യക്തമാക്കിയിട്ടില്ല. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് ഒരുവര്‍ഷംമുമ്പ് കരാര്‍ ഉണ്ടാക്കിയെന്ന് പറയുന്നതുതന്നെ കള്ളമാണ്. ദിവസവും പത്ത് ലോഡ് കല്ല് സി.ഐ.ടി.യു മംഗലം യൂണിറ്റിന് നല്‍കുമെന്ന വ്യവസ്ഥയും അടിസ്ഥാനരഹിതമാണ്.’

ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുക എന്ന അജന്‍ഡയാണ് മനോരമക്കുള്ളതെന്നും എന്താണ് കരാര്‍ എന്ന പ്രാഥമിക ധാരണ പോലും മനോരമയ്ക്ക് അറിയില്ലെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ പറയുന്നു.

‘രണ്ടു കക്ഷികള്‍ തമ്മിലുള്ള ഉടമ്പടിയും ധാരണയുമാണ് കരാര്‍. മനോരമയുടെ കരാറില്‍ ഒരു കക്ഷി മാത്രമേയുള്ളു. സി.പി.ഐ.എമ്മിന്റെ ആരെങ്കിലും ഒപ്പിട്ടതായി കാണുന്നില്ല. ഏതു ലോക്കല്‍ കമ്മിറ്റിയാണെന്ന് പറയുന്നില്ല. ലെക്കിടി പേരൂര്‍ പഞ്ചായത്തില്‍ സി.പി.ഐ.എമ്മിന് രണ്ട് ലോക്കല്‍ കമ്മിറ്റികളുണ്ട്. സ്ഥിര ബുദ്ധിയുള്ള ആരെങ്കിലും ഇത്തരത്തിലൊരു കരാറിലേര്‍പ്പെടില്ല. വാര്‍ത്ത പടച്ചുണ്ടാക്കിയതിന് പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ടെന്ന് ആര്‍ക്കും മനസ്സിലാവും.’

ചില മാധ്യമങ്ങളുടെ മാര്‍ക്‌സിസ്റ്റ് വിരുദ്ധ ജ്വരം എത്രത്തോളമാണെന്നതിന്റെ തെളിവാണ് മനോരമ വാര്‍ത്ത. കള്ള പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more