| Monday, 26th May 2025, 10:26 am

സി.പി.ഐ.എം ഇലക്ടറല്‍ബോണ്ട് വാങ്ങിയെന്ന വ്യാജവാര്‍ത്ത; ഖേദം പ്രകടിപ്പിച്ച് മലയാള മനോരമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ.എം ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്ന വ്യാജവാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് മലയാള മനോരമ ദിനപത്രം. ദേശീയ പാത നിര്‍മാണത്തിന് കരാര്‍ ലഭിച്ച മേഘ എഞ്ചിനീയറിങ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിയില്‍ നിന്ന് സി.പി.ഐ.എം 25 ലക്ഷം രൂപ ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്നായിരുന്നു കഴിഞ്ഞ ദിവസം മനോരമ നല്‍കിയ വാര്‍ത്ത. ഈ വാര്‍ത്തക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് നിയമനടപടി ആരംഭിച്ചതിന് പിന്നാലെയാണ് മനോരമ ഇന്ന് ഖേദം പ്രകടിപ്പിടച്ചത്.

 പ്രസ്തുത വാര്‍ത്ത പിന്‍വലിച്ച് ഒന്നാം പേജില്‍ തിരുത്ത് നല്‍കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യണമെന്ന് കാണിച്ച് സി.പി.ഐ.എം നേതാവും അഭിഭാഷകനുമായ അഡ്വ. കെ.എസ്. അരുണ്‍കുമാര്‍ വഴി ലീഗല്‍ നോട്ടീസ് അയച്ചിരുന്നു. തിരുത്ത് നല്‍കാത്തപക്ഷം, ക്രിമിനല്‍ അപകീര്‍ത്തികേസും സിവില്‍ കേസും ഫയല്‍ ചെയ്യുമെന്നും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും പരാതി നല്‍കുമെന്നും നോട്ടീസിലുണ്ടായിരുന്നു. പിന്നാലെയാണ് ഇന്ന് മനോരമ പ്രസ്തുത വാര്‍ത്ത സംബന്ധിച്ച് തിരുത്തും ഖേദപ്രകടനവും അഞ്ചാം പേജില്‍ നല്‍കിയിരിക്കുന്നത്.

മേഘ കമ്പനിയില്‍ നിന്ന് സി.പി.ഐ.എം വാങ്ങിയതെന്ന് ഇലക്ടറല്‍ ബോണ്ടല്ലെന്നും സംഭവനയാണെന്നുമാണ് ഇന്ന് മനോരമ നല്‍കിയ തിരുത്ത്. 2021-22ല്‍ സി.പി.ഐ.എം 25 ലക്ഷം രൂപ ചെക്ക് വഴി വാങ്ങിയെന്നാണ് മനോരമയുടെ വാര്‍ത്ത. ഇത് സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച രേഖകളില്‍ നിന്ന് കണ്ടെത്തിയതുമാണ്.

വ്യാജ വാര്‍ത്ത വന്നതിന് പിന്നാലെ വലിയ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം പത്രത്തിനെതിരെയുണ്ടായത്. ഇലക്ടറല്‍ ബോണ്ടിനെതിരെ നിയമ പോരാട്ടം നടത്തി വിജയിച്ച പാര്‍ട്ടിയാണ് സി.പി.ഐ.എമ്മെന്നും സി.പി.ഐ.എമ്മിന്റെ പ്രഖ്യാപിത നിലപാട് തന്നെ ഈ സംവിധാനത്തിനെതിരായാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് ഇലക്ടറല്‍ ബോണ്ട് വാങ്ങാത്ത പാര്‍ട്ടികളാണ് സി.പി.ഐ.എം ഉള്‍പ്പടെയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളെന്നും എന്നാല്‍ പ്രസ്തുത മേഘ കമ്പനിയില്‍ നിന്ന് ബി.ജെ.പിയും കോണ്‍ഗ്രസും കോടികള്‍ ഇലക്ടറല്‍ ബോണ്ട് വഴി വാങ്ങിയിട്ടുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിമര്‍ശനവും സി.പി.ഐ.എമ്മിന്റെ നിയമനടപടിയും ഉയര്‍ന്നതിന് പിന്നാലെയാണ് മനോരമ ഇന്ന് വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ചത്.

Content Highlight: Malayala Manorama expresses regret over fake news that CPI(M) bought electoral bonds

We use cookies to give you the best possible experience. Learn more