| Monday, 24th November 2025, 5:38 pm

തൊഴിലാളികളെ എതിര്‍പക്ഷമാക്കരുത്; കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡിനെതിരെ എഡിറ്റോറിയലുമായി മനോരമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലേബര്‍ കോഡിനെതിരെ ശക്തവും ശ്രദ്ധേയവുമായ എഡിറ്റോറിയലുമായി മനോരമ ദിനപത്രം. ‘അവകാശം കവരരുത് തൊഴില്‍ച്ചട്ടങ്ങള്‍, ലേബര്‍ കോഡുകള്‍ക്കെതിരെ പ്രതിഷേധമിരമ്പുന്നു’ എന്ന തലക്കെട്ടിലാണ് മനോരമയുടെ എഡിറ്റോറിയല്‍.

നമ്മുടെ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ കാലാനുസ്യതമായ പല പരിഷ്‌കരണങ്ങളിലൂടെയും കടന്നുപോന്നിട്ടുണ്ടെന്നും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും സമഗ്രമായ കേന്ദ്രീകൃത തൊഴില്‍ പരിഷ്‌കാരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ച 4 തൊഴില്‍ കോഡുകള്‍ രാജ്യത്ത് വെള്ളിയാഴ്ച പ്രാബല്യത്തിലായതോടെ കടുത്ത പ്രതിഷേധങ്ങളും ആശങ്കകളും ഉയര്‍ന്നിരിക്കുകയാണെന്ന് എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടി.

വിവിധ തൊഴില്‍നിയമങ്ങള്‍ ക്രോഡീകരിച്ചു തയാറാക്കിയ ഈ കോഡുകള്‍ 2019-20ല്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നെങ്കിലും 5 വര്‍ഷത്തിനു ശേഷമാണു നടപ്പില്‍ വരുന്നത്.

തൊഴില്‍ നിയമങ്ങളുടെ എണ്ണം കുറയ്ക്കുകയും ലളിതവും യുക്തിസഹവുമാക്കുകയും ചെയ്തുള്ള ലേബര്‍ കോഡുകള്‍ പുതിയ ചരിത്രമാണെന്നും അസംഘടിത തൊഴില്‍ മേഖലയ്ക്കുള്‍പ്പെടെ മെച്ചപ്പെട്ട പരിരക്ഷ ഉറപ്പാക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സര്‍ക്കാരിന്റെ ആ വാദം പൊള്ളത്തരമെന്നാണ് മിക്ക തൊഴിലാളി സംഘടനകളും പറയുന്നതെന്ന് എഡിറ്റോറ്റിയല്‍ ചൂണ്ടിക്കാട്ടി.

ഉപരിപ്ലവ പരിഷ്‌കാരങ്ങള്‍ക്കപ്പുറത്ത്, സംഘടിക്കാനും അവകാശങ്ങള്‍ക്കായി വാദിക്കാനും തൊഴിലാളികള്‍ക്കുള്ള അവകാശത്തെയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തെയും പുതിയ വ്യവസ്ഥകള്‍ സാരമായി ബാധിക്കുമെന്നാണ് ആരോപണമെന്നും എഡിറ്റോറിയല്‍ പറയുന്നു.

‘പുതിയ ലേബര്‍ കോഡുകള്‍ ജോലി സ്ഥിരത ഇല്ലാതാക്കുമെന്നതാണ് ഏറ്റവും കടുത്ത ആശങ്ക. വ്യവസായബന്ധ കോഡിനോടാണ് യൂണിയനുകള്‍ക്കും പ്രതിപക്ഷപാര്‍ട്ടികള്‍ക്കും ഏറ്റവും വലിയ എതിര്‍പ്പ്. പിരിച്ചുവിടലും അടച്ചുപൂട്ടലും നിര്‍ബാധം നടത്താന്‍ വഴിയൊരുക്കുന്നതാണ് പല വ്യവസ്ഥകളുമെന്നു തൊഴില്‍ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അന്‍പതില്‍ താഴെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പിരിച്ചുവിടലിനു നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നാണു പുതിയ വ്യവസ്ഥ. ജോലിസമയം, ശമ്പളം, അവധി, പിരിച്ചുവിടല്‍, സസ്‌പെന്‍ഷന്‍, പരാതി പരിഹാര സംവിധാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടു രേഖാമൂലമുള്ള ഉത്തരവുകള്‍ മുന്നൂറിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയാകും.

മുന്‍പ് ഇതു 100 തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കു വരെ ബാധകമായിരുന്നു. ചെറിയ സ്ഥാപനങ്ങ ളിലെല്ലാം തൊഴില്‍ചൂഷണം വര്‍ധിക്കാന്‍ ഈ വ്യവസ്ഥ കാരണമാകുമെന്നാണ് ആശങ്കയെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കി.

ആകെ ജീവനക്കാരുടെ 10 ശതമാനമോ അല്ലെങ്കില്‍ 100 ജീവനക്കാരോ ഉണ്ടെങ്കില്‍ മാത്രമേ ട്രേഡ് യൂണിയനുകള്‍ അനുവദിക്കൂ എന്നതാണു മറ്റൊരു വിവാദ വ്യവസ്ഥയെന്നും എഡിറ്റോറിയല്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായ അനുകൂല നയത്തിന്റെ ചുവടുപിടിച്ചുള്ളതാണ് ഇപ്പോള്‍ പ്രാബല്യത്തിലായ ലേബര്‍ കോഡുകള്‍. ഈ പരിഷ്‌കരണത്തിനെതിരെ പ്രതിഷേധമുയരുമ്പോഴും ‘ഈസ് ഓഫ് ഡൂ യിങ് ബിസിനസ്’ ഉറപ്പാക്കാന്‍ ഇവ വേണമെന്നാണു സര്‍ക്കാര്‍ നിലപാടെന്നും വേതനം, സാമൂഹികസുരക്ഷ എന്നിവ സംബന്ധിച്ച കോഡുകള്‍ മികച്ചവയാണെന്നും അവ മാത്രം നടപ്പാക്കണമെന്നുമുള്ള നിര്‍ദേശം ആര്‍.എസ്.എസിന്റെ ഭാഗമായ തൊഴിലാളി സംഘടനയായ ബി.എം.എസ് മുന്നോട്ടുവച്ചെങ്കിലും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി.

മാറുന്ന സാഹചര്യങ്ങളും മാറുന്ന ആവശ്യങ്ങളും കണക്കിലെടുത്തുള്ളതാണ് പുതിയ തൊഴില്‍ച്ചട്ടങ്ങളെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ത്തന്നെ ബില്ലുകള്‍ കാര്യമായ ചര്‍ച്ചകളില്ലാതെ പാര്‍ലമെന്റ് പാസാക്കിയതുമുതല്‍ ഇപ്പോള്‍ പ്രാബല്യത്തില്‍ വരുത്തിയതുവരെ ജനാധിപത്യവിരുദ്ധ രീതിയിലാണെന്ന ആരോപണം ഗൗരവമുള്ളതാണെന്നും എഡിറ്റോറിയല്‍ പറഞ്ഞുവെക്കുന്നു.

കോഡുകള്‍ തയാറാക്കുന്ന ഘട്ടത്തിലും അവ പാസാക്കിയ ശേഷമുള്ള 5 വര്‍ഷവും പല ചര്‍ച്ചകള്‍ തൊഴിലാളിസംഘടനകളുമായി നട ത്തിയെങ്കിലും നീക്കുപോക്കുകള്‍ക്ക് സര്‍ക്കാര്‍ തയാറായില്ലെന്നും കോഡുകള്‍ പ്രാബല്യത്തിലാക്കുന്നതിനുമുന്‍പ് തൊഴിലാളികളുടെ ആശങ്കകള്‍ ദൂരീകരിക്കണമായിരുന്നെന്നും എഡിറ്റോറിയല്‍ പറയുന്നു.

സര്‍ക്കാരും തൊഴിലുടമകളും തൊഴിലാളികളും ഉള്‍പ്പെട്ട ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് 2015നുശേഷം ചേര്‍ന്നിട്ടില്ലെന്നതുതന്നെ സമീ പനത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നുണ്ടെന്നും നിലപാടുകള്‍ ക്യത്യമായി അവതരിപ്പിക്കുന്നതിനും ചര്‍ച്ചകളിലൂടെ ധാരണകള്‍ സാധ്യമാക്കുന്നതിനുമുള്ള ഇത്തരം വേദികളെപ്പോലും അവഗണിച്ച ഏകപക്ഷീയമായി വ്യവസഥകള്‍ അടിച്ചേല്‍പിക്കുന്നത് ജനാധിപത്യപരമല്ലെന്നും എഡിറ്റോറിയല്‍ പറയുന്നുണ്ട്.

തൊഴിലാളികളെ എതിര്‍പക്ഷമാക്കി നിര്‍ത്തിയല്ല. വികസനത്തിന്റെ അടിസ്ഥാനകണ്ണികളായി കണ്ടാണ് സുഗമമായ ബിസിനസിനും രാഷ്ട്രപുരോഗതിക്കുമായി നയങ്ങളുണ്ടാക്കേണ്ടതെന്ന് പറഞ്ഞാണ് എഡിറ്റോറിയല്‍ അവസാനിപ്പിക്കുന്നത്.

Content Highlight: Malayala Manorama Edito-real about Narendra Modi Government Labour Code

We use cookies to give you the best possible experience. Learn more