പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന പയ്യന്നൂരുകാരിയാണ് മാളവിക മോഹനന്‍. വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമാണ് മാളവിക മലയാളികള്‍ക്ക് സമ്മാനിച്ചത്. പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകള്‍ കൂടിയായ മാളവിക, സിനിമയില്‍ മാത്രമല്ല മോഡലിങ്ങിലും തന്റേതായ മേല്‍വിലാസം ഉറപ്പിച്ചിട്ടുണ്ട്. ദുല്‍ഖറിന്റെ കൂടെ അരങ്ങിലെത്തിയ മാളവിക എത്തിനില്‍ക്കുന്നത് മോഹന്‍ലാലിനൊപ്പമാണ്. ഇതിനിടയില്‍ കന്നഡ, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും അവര്‍ അഭിനയിച്ചു.
ഹൃദയപൂര്‍വ്വം മാളവികക്ക് ഒരു ബ്രേക്കാണ്. 2023ല്‍ ഇറങ്ങിയ ക്രിസ്റ്റി എന്ന ചിത്രത്തിന് ശേഷം മാളവിക മലയാളത്തിലേക്ക് വരുന്നത് ഹൃദയപൂര്‍വ്വം എന്ന സിനിമയിലൂടെയാണ്. തിരിച്ചുവരവ് ഒട്ടും മോശമാകാതെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തി മാളവിക. വ്യാഴാഴ്ച ഇറങ്ങിയ ഹൃദയപൂര്‍വ്വം തിയേറ്ററില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ സന്ദീപ് എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ഹൃദയപൂര്‍വ്വം പറയുന്നത്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായിരുന്നു മാളവികയുടെ ഹരിത. ആര്‍കിടെക്റ്റായ ഹരിത വളരെ ബോള്‍ഡ് ആണ്. റിയല്‍ ലൈഫില്‍ മുംബൈയില്‍ താമസിക്കുന്ന മാളവികയെപ്പോലെ ചിത്രത്തിലെ ഹരിതയും പൂനെയിലാണ് താമസിക്കുന്നത്. ഹൃദയം മാറ്റിവെച്ച സന്ദീപിനെ കാണാന്‍ വേണ്ടിയിട്ടാണ് ദാതാവിന്റെ മകളായ ഹരിത എത്തുന്നത്. മോഹന്‍ലാലിനൊപ്പമുള്ള സീനുകളെല്ലാം മാളവിക അതിഗംഭീരമായിട്ടാണ് അഭിനയിച്ചത്. ഇമോഷന്‍സ്, കോമഡി എല്ലാം കൃത്യമായി കണ്‍വേ ചെയ്യാന്‍ മാളവികക്ക് സാധിച്ചിട്ടുണ്ട്.
മാളവികയും മോഹന്‍ലാലും തമ്മിലുള്ള കോമ്പോയെ ചിത്രം ഇറങ്ങുന്നതിന് മുമ്പ് കുറച്ചുപേര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ആദ്യം സിനിമ കാണൂവെന്നായിരുന്നു മാളവിക പറഞ്ഞിരുന്നത്. അത് അര്‍ത്ഥവത്തായിരുന്നെന്ന് സിനിമ കാണുമ്പോള്‍ മനസിലാകും. അച്ഛന്റെ ഹൃദയം മറ്റൊളില്‍ തുടിക്കുക്കുമ്പോള്‍ അച്ഛനോട് തോന്നുന്ന സ്നേഹമാണ് ഹരിതക്ക് സന്ദീപിനോടുള്ളത്.
ആര്‍ക്കും പകരം വെക്കാനില്ലാത്ത അഭിനയവും ഡയലോഗ് ഡെലിവറിയുമാണ് ചിത്രത്തില്‍ മാളവിക കാഴ്ച വെച്ചത്. പൂനെയില്‍ സ്ഥിരതാമസമാക്കിയ മലയാളിയുടെ സ്ലാങ് ഒട്ടും മോശമാക്കാതെ തന്നെ മാളവിക ചെയ്തിട്ടുണ്ട്. മാളവികക്ക് വേണ്ടി മറ്റാര് ഡബ്ബ് ചെയ്താലും ഇത്രയും പെര്‍ഫെക്ഷന്‍ കിട്ടുമെന്ന് തോന്നുന്നില്ല.
അമരന്‍ എന്ന തമിഴ് ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നെങ്കിലും മലയാളിയായി അഭിനയിച്ച സായ് പല്ലവിയുടെ ഡബ്ബിങ്ങിനായിരുന്നു വിമര്‍ശനം നേരിട്ടത്. എന്നാല്‍ ഇത്തരത്തിലുള്ള വിമര്‍ശനത്തിനൊന്നും ഒരു സ്‌കോപും നല്‍കാതെയാണ് മാളവിക ഇതില്‍ ഡയലോഗ് ഡെലിവറി നല്‍കിയത്. അതുപോലെ തന്നെയായിരുന്നു മാളവികയുടെ അഭിനയവും. വളരെ ബോള്‍ഡായ കഥാപാത്രത്തെയാണ് ഹരിതയിലൂടെ സത്യന്‍ അന്തിക്കാട് സമ്മാനിച്ചത്.
എന്‍ഗേജ്മെന്റിന് തൊട്ടുമുമ്പ് പ്രതിശ്രുത വരന്റെ സ്വഭാവത്തെക്കുറിച്ചറിഞ്ഞ ഹരിത അതിനെ കൈകാര്യം ചെയ്യുന്നത് വളരെ ബോള്‍ഡായും സ്ട്രോങ്ങായുമാണ്. അച്ഛനെ ഒരുപാട് ഇഷ്ടപ്പെടുന്ന ഹരിതയായി മാളവിക പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിപ്പിച്ചു. അച്ഛന് വേണ്ടി അമ്മയോട് വാദിക്കുക്കുമ്പോഴും അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുമ്പോഴുമെല്ലാം അവള്‍ അച്ഛന്റെ കുഞ്ഞായി മാറുന്നുണ്ട്. ഈ സീനുകളിലെല്ലാം മാളവിക തകര്‍ത്ത് അഭിനയിക്കുകയായിരുന്നു.
സത്യന്‍ അന്തിക്കാട് ഹൃദയപൂര്‍വ്വത്തില്‍ സമ്മാനിച്ച ഹരിത പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയില്ല.
Content Highlight: Malavika wins hearts in Hridayapoorvam Movie