| Friday, 13th March 2026, 9:12 pm

അച്ഛന്‍ സിനിമയിലുണ്ടായിരുന്നത് കൊണ്ട് ഞാന്‍ സ്റ്റാര്‍ കിഡാണെന്ന് അര്‍ത്ഥമില്ല: മാളവിക മോഹനന്‍

ഐറിന്‍ മരിയ ആന്റണി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിക്കുകയും ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ അറിയപ്പെടുകയും ചെയ്യുന്ന നടിയാണ് മാളവിക മോഹനന്‍. മാജീദ് മജീദി സംവിധാനം ചെയ്ത ബിയോണ്ട് ദി ക്ലൗഡ്‌സ് പോലുള്ള ഓഫ് ബീറ്റ് സിനിമകളും പേട്ട, മാസ്റ്റര്‍ പോലുള്ള കൊമേഴ്ഷ്യല്‍ സിനിമകളിലും ഒരുപോലെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയുടെ ഭാഗമായ മാളവിക മോഹന്‍ പ്രശസ്ത ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകള്‍ കൂടിയാണ്. ഹിന്ദിയിലും മലയാളത്തിലുമായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2018ല്‍ പുറത്തിറങ്ങിയ കാര്‍ബണ്‍ എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ ഫിലിം ഫെയറുമായുളള്ള അഭിമുഖത്തില്‍ അച്ഛനെ കുറിച്ച് സംസാരിക്കുകയാണ് മാളവിക മോഹനന്‍. അച്ഛന് സിനിമയുമായി ബന്ധമുണ്ടെന്നല്ലാതെ താന്‍ അദ്ദേഹത്തിന്റെ കൂടെ സിനിമാ സെറ്റുകളിലൊന്നും അധികം പോയിട്ടില്ലെന്ന് മാളവിക പറയുന്നു.

‘മൂന്നോ നാലോ തവണ ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ടാകും. ഞാന്‍ ഒരു ഇന്‍ഡസ്ട്രി കിഡല്ല. വളര്‍ന്നുവരുമ്പോള്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആളുകളുമായി ഞാന്‍ ഒരിക്കലും ഇടപഴകിയിട്ടില്ല. എന്റെ അച്ഛന്‍ ജോലി ചെയ്യുമായിരുന്നു, പക്ഷേ ഞങ്ങളുടെ ജീവിതം ഇന്‍ഡസ്ട്രിയില്‍ നിന്ന് വളരെ അകലെയായിരുന്നു.

ചെറുപ്പം മുതലേ ഞാന്‍ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ആളുകള്‍ കരുതുന്നത്. യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ഞാന്‍ അവിടെ നിന്ന് വളരെ അകലെയാണ് വളര്‍ന്നത്. എന്റെ അച്ഛന്‍ ഉപജീവനത്തിനായി ജോലിചെയ്തു, കൂടാതെ ഒരു കലാകാരനെന്ന നിലയില്‍ അദ്ദേഹത്തിന് സിനിമാട്ടോഗ്രാഫിയില്‍ വലിയ താത്പര്യമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ അതിലൊന്നും ഭാഗമായിരുന്നില്ല. ഒരു സ്റ്റാര്‍ കിഡ് ആകുന്നതിന് തുല്യമല്ല അത്,’ മാളവിക പറയുന്നു.

തനിക്ക് ഒരു ഡോക്യുമെന്ററി ഫിലിം മേക്കറാകാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും ആളുകളെ വ്യത്യസ്ത സ്ഥലങ്ങള്‍ സംസ്‌കാരങ്ങള്‍ എന്നിവയിലെല്ലാം വലിയ താത്പര്യമുണ്ടായിരുന്നുവെന്നും മാളവിക പറഞ്ഞു. അത്തരം കാര്യങ്ങളില്‍ താത്പര്യമുള്ളതിനാല്‍ ഡോക്യുമെന്ററി മേക്കിങ് നല്ലൊരു ഓപ്ഷനായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

രാജാസാബാണ് മാളവികയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. മാരുതി രചനയും സംവിധാനവും നിര്‍വഹിച്ച് 2025ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പ്രഭാസാണ് നായകവേഷത്തിലെത്തിയത്. 400 കോടി ബജറ്റിലൊരുങ്ങിയ ഈ സിനിമ എന്നാല്‍ ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.

Content Highlight: Malavika Mohanan talks about her father K.U. Mohanan

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more