| Thursday, 22nd January 2026, 12:32 pm

ആ നടി കരിയറില്‍ ഇന്നേവരെ മര്യാദക്ക് ഡയലോഗ് പറഞ്ഞിട്ടില്ല, വണ്‍ ടു ത്രീ ഫോര്‍ മാത്രം; ആളെ കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

പട്ടം പോലെയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് മാളവിക മോഹനന്‍. മാജിദ് മജീദി സംവിധാനം ചെയ്ത ബിയോണ്ട് ദി ക്ലൗഡ്‌സിലൂടെ മലയാളത്തിന് പുറത്തും മാളവിക തന്റെ സാന്നിധ്യമറിയിച്ചു. തമിഴ്, തെലുങ്ക് ഭാഷകളിലും മികച്ച സിനിമകളുടെ ഭാഗമാകാനാണ് താരം പലപ്പോഴും ശ്രമിക്കുന്നത്. അടുത്തിടെ മാളവിക നല്‍കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

ഗലാട്ട പ്ലസ് സംഘടിപ്പിച്ച റൗണ്ട് ടേബിളില്‍ മാളവികയും പങ്കെടുത്തിരുന്നു. ഇതില്‍ തനിക്ക് അറിയാവുന്ന ഒരു നടിയെക്കുറിച്ച് മാളവിക പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. അഭിനയിക്കാനറിയാത്ത ചില നടിമാര്‍ ഒരുപാട് കാലമായി ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് മാളവിക പറഞ്ഞത്.

‘തമിഴിലും തെലുങ്കിലും ഒരുപാട് കാലമായി നിറഞ്ഞുനില്‍ക്കുന്ന ഒരു നടിക്ക് മര്യാദക്ക് അഭിനയിക്കാന്‍ പോലും അറിയില്ല. ഇത്രയും കാലത്തെ കരിയറില്‍ ഒരിക്കല്‍ പോലും അവര്‍ ഡയലോഗ്  ശരിക്ക് പറയാറില്ല. ലൈനൊന്നും നോക്കുന്ന പതിവ് ഇല്ലെന്ന് തോന്നുന്നു. ലിപ് സിങ്കാകുന്ന രീതിക്ക് ചുണ്ടനക്കും എന്നിട്ട് അത് ഡബ്ബിങ്ങില്‍ ശരിയാക്കലാണ് പതിവ്. ആകെ അവര്‍ പറയുന്ന ഡയലോഗ് ‘വണ്‍ ടു ത്രീ ഫോര്‍, വണ്‍ ടു ത്രീ ഫോര്‍’ എന്ന് മാത്രമാണ്. അത് പല രീതിയില്‍ ചുണ്ടനക്കിക്കൊണ്ട് പറയും.

മാളവിക മോഹനന്‍ Photo: Screen grab/ Galatta Plus

അതിപ്പോള്‍ ഇമോഷണല്‍ സീനാണെങ്കിലും ദേഷ്യപ്പെടുന്ന സീനാണെങ്കിലും ഇതുതന്നെയാണ് പറയാറുള്ളത്. വല്ലാതെ ദേഷ്യപ്പെടുന്ന സീനില്‍ കണ്ണ് തള്ളിക്കൊണ്ട് ‘എ ബി സി ഡി’ എന്ന് വേഗത്തില്‍ പറഞ്ഞുകൊണ്ടിരിക്കും. ഇതൊക്കെ പിന്നീട് ഡബ്ബിങ്ങില്‍ ശരിയാക്കുകയാണ്’ മാളവിക പറയുന്നു. ഈ വീഡിയോ ഇപ്പോള്‍ പല പേജുകളിലും ചര്‍ച്ചാവിഷയമാണ്.

മാളവിക ഇത് പറയുമ്പോഴുള്ള എക്‌സ്പ്രഷന്‍ വെച്ച് കാജല്‍ അഗര്‍വാളിനെയാണ് താരം ഉദ്ദേശിച്ചതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. തമിഴും തെലുങ്കും ഒട്ടും അറിയാത്ത താരമായതുകൊണ്ട് കാജലിനാണ് കൂടുതല്‍ സാധ്യതയെന്ന് ഭൂരിഭാഗം കമന്റുകളും. എന്നാല്‍, കാജലിനെ കളിയാക്കാന്‍ മാളവികക്ക് അത്ര അര്‍ഹതയില്ലെന്നും അഭിപ്രായമുയരുന്നുണ്ട്.

കാജല്‍ അഗര്‍വാള്‍ Photo: Reddit

മാസ്റ്റര്‍ എന്ന ചിത്രത്തിലെ ഇന്റര്‍വെല്‍ സീനില്‍ മാളവകിയുടെ ഡയലോഗിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് പ്രധാന വിമര്‍ശനം. വിജയ് അവതരിപ്പിച്ച ജെ.ഡി. എന്ന കഥാപാത്രത്തെ കുറ്റപ്പെടുത്തുന്ന ഡയലോഗിന്റെ സ്‌ക്രീന്‍ഷോട്ട് അന്നേ ട്രോള്‍ മെറ്റീരിയലായിരുന്നു. പുതിയ വീഡിയോക്ക് പിന്നാലെ ഇതെല്ലാം വീണ്ടും വൈറലായിരിക്കുകയാണ്.

ധനുഷിനെ നായകനാക്കി കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത മാരന്‍ എന്ന ചിത്രത്തില്‍ മാളവികയുടെ കഥാപാത്രവും ട്രോള്‍ മെറ്റീരിയലാകുന്നുണ്ട്. യാതൊരു പ്രധാന്യവുമില്ലാത്ത മാളവികയുടെ താര എന്ന കഥാപാത്രത്തിന് ച്യൂയിങ് ഗം ചവക്കലാണ് എപ്പോഴും പണിയെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. നമുക്ക് അഭിനയിക്കാനറിയില്ലെന്ന സത്യം മറന്നിട്ട് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നും ചോദ്യങ്ങള്‍ ഉയരുന്നു.

എന്നാല്‍ കരിയറില്‍ മാളവികയെത്തേടി മികച്ച വേഷങ്ങള്‍ എത്തിയിട്ടുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാജിദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്‌സിലെ താര, തങ്കലാനിലെ ആരതി എന്നീ കഥാപാത്രങ്ങള്‍ താരത്തിന്റെ റേഞ്ച് വ്യക്തമാക്കുന്നതാണെന്നും അഭിപ്രായങ്ങള്‍ ഉയരുന്നു.

Content Highlight: Malavika Mohanan’s interview clip viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more