| Thursday, 28th August 2025, 8:58 pm

ബോളിവുഡ് സിനിമകളില്‍ ഇപ്പോഴും മലയാളികളെ കാണിക്കുമ്പോള്‍ കഥകളിയും മോഹിനിയാട്ടവുമാണ്, അത് മാറ്റേണ്ട സമയമായി: മാളവിക മോഹനന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് മാളവിക മോഹനന്‍. മൂന്നാമത്തെ ചിത്രം ലോകസിനിമയിലെ ഇതിഹാസമായ മജീദ് മജീദിയോടൊപ്പം ചെയ്യാന്‍ മാളവികക്ക് സാധിച്ചു. പിന്നീട് കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി മികച്ച സിനിമകളില്‍ മാളവിക ഭാഗമായിട്ടുണ്ട്.

ബോളിവുഡ് സിനിമകളില്‍ മലയാളി കഥാപാത്രങ്ങളായി എന്തുകൊണ്ട് മലയാളി താരങ്ങളെ കാസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മാളവിക മോഹനന്‍. സംവിധായകനും നിര്‍മാതാവും ചേര്‍ന്ന് എടുക്കേണ്ട തീരുമാനമാണ് അതെന്നും അക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നും മാളവിക പറഞ്ഞു.

‘എന്നാല്‍ ഈയടുത്ത് ബോളിവുഡ് പോലുള്ള ഇന്‍ഡസ്ട്രികളില്‍ മലയാളികളെ റെപ്രസെന്റ് ചെയ്യുന്ന കാര്യത്തില്‍ പാളിച്ച വന്നിട്ടുണ്ട്. അവുരടേതായ രീതിയലാണ് അത്തരം കാര്യങ്ങള്‍ ചിത്രീകരിച്ചത്. അതില്‍ വീഴ്ചകള്‍ വന്നിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പ്രൊഡക്ഷന്റെ സൈഡില്‍ നിന്ന് ഇതൊക്കെ നോക്കാന്‍ ഒരാളെ വെക്കാന്‍ വലിയ ചെലവൊന്നും ഇല്ലല്ലോ.

അങ്ങനെ ചെയ്യാമായിരുന്നിട്ടും ഇപ്പോള്‍ കാണുന്ന തരത്തിലുള്ള അധഃപതനം എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല. കുറച്ച് കുഴപ്പങ്ങളാണ് നമുക്ക് അത് മനസിലാക്കാന്‍ പറ്റും. ഈയൊരു കള്‍ച്ചറിനെക്കുറിച്ച് വലിയ ധാരണയില്ലാത്തതുകൊണ്ടാണെന്ന്. പക്ഷേ, ചിലതൊക്കെ കുറച്ച് കൂടുതലാണെന്ന് തോന്നുന്നുണ്ട്,’ മാളവിക മോഹനന്‍ പറയുന്നു.

ഈ വിഷയത്തിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാനുള്ള ആത്മവിശ്വാസം തനിക്ക് ഇല്ലെന്നും താരം പറഞ്ഞു. ബോളിവുഡില്‍ തനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ടെന്നും അവരോട് ഇക്കാര്യം പറഞ്ഞിട്ടില്ലെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും ബോളിവുഡ് സിനിമയില്‍ മലയാളി കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചാല്‍ താനത് സന്തോഷത്തോടെ സ്വീകരിക്കുമെന്നും താരം പറയുന്നു.

‘അങ്ങനെയൊരു കഥാപാത്രം കിട്ടിയാല്‍ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന കോണ്‍ട്രിബ്യൂഷന്‍ എന്തെങ്കിലും ചെയ്യും. ഉദാഹരണത്തിന് ഏതെങ്കിലും ഡയലോഗിന്റെ ശരിയായ ഉച്ചാരണവും തെറ്റായിട്ട് കാണിക്കുന്ന എന്തെങ്കിലും കാര്യത്തെക്കുറിച്ച് ശരിയായി പറയും.

ഇപ്പോഴത്തെ ആളുകള്‍ മലയാളി കഥാപാത്രങ്ങളെയോ കേരളത്തെയോ കാണിക്കുമ്പോള്‍ ഒരു ടെംപ്ലേറ്റ് സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. മോഹിനിയാട്ടവും കഥകളിയുമൊക്കെയാണ് അവരുടെ മനസില്‍. അത് മാറേണ്ട സമയമായെന്നാണ് എന്റെ അഭിപ്രായം,’ മാളവിക മോഹനന്‍ പറഞ്ഞു.

Content Highlight: Malavika Mohanan about the representation of Malayali characters in Bollywood movies

We use cookies to give you the best possible experience. Learn more