| Friday, 29th August 2025, 6:06 pm

എന്റെ നടത്തം ഐപാഡില്‍ ഷൂട്ട് ചെയ്തു; ലൈവ് ഓഡിഷനാണ് മമ്മൂക്ക നടത്തിയതെന്ന് പിന്നീട് മനസിലായി: മാളവിക മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയാണ് മാളവിക മോഹന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെയിലൂടെയാണ് മാളവിക തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് തമിഴ്, ഹിന്ദി സിനിമകളുടെ ഭാഗമാകാന്‍ നടിക്ക് കഴിഞ്ഞു. വിഖ്യാത സംവിധായകന്‍ മജിദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന ചിത്രത്തിലും മാളവിക അഭിനയിച്ചിരുന്നു.

ഇപ്പോള്‍ ബോളിവുഡിലെയും സൗത്ത് ഇന്ത്യയിലെയും തിരക്കുള്ള നായികയാണ് അവര്‍. ഹൃദയപൂര്‍വ്വമാണ് മാളവികയുടേതായി തിയേറ്ററുകളില്‍ എത്തിയ പുതിയ ചിത്രം. ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പട്ടം പോലെ എന്ന സിനിമയിലേക്ക് മമ്മൂട്ടി തന്നെ വിളിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മാളവിക മോഹന്‍. മലയാള സിനിമയിലേക്കുള്ള തന്റെ എന്‍ട്രി ത്രില്ലടിപ്പിക്കുന്ന ഓര്‍മയാണെന്ന് പറഞ്ഞാണ് മാളവിക തുടങ്ങിയത്.

‘മുംബൈയില്‍ മമ്മൂക്കയുടെ പടത്തിന്റെ ഷൂട്ടിങ് നടക്കുന്നുണ്ടെന്ന് ഒരു ദിവസം അച്ഛന്‍ പറഞ്ഞു. അമ്മയും ഞാനും ഞങ്ങളുടെ അയല്‍ക്കാരായ കുറേ മലയാളികളും ലൊക്കേഷനിലെത്തി. അവിടെ മമ്മൂക്ക ഐപാഡുമായി ഇരിക്കുന്നുണ്ട്. ഇത്തിരിനേരം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ വിളിക്കുന്നതു പോലെ തോന്നി. എന്നെത്തന്നെയാണോ എന്ന് ഉറപ്പാക്കാന്‍ തിരിഞ്ഞുനോക്കിയ ഞാന്‍ കുറച്ച് നേരം അന്തംവിട്ടു നിന്നു.

അദ്ദേഹം അടുത്തേക്ക് വിളിച്ചു. സംശയത്തോടെ അടുത്തു ചെന്നപ്പോള്‍ മമ്മുക്ക എന്നോട് ഇരിക്കാന്‍ പറഞ്ഞു. കുട്ടി എന്താ ചെയ്യുന്നതെന്നായിരുന്നു ആദ്യ ചോദ്യം. കോളേജില്‍ പഠിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ എന്താണ് അടുത്ത പ്ലാന്‍ എന്നായി. ഞാന്‍ എന്തു പറയണമെന്നറിയാതെ നില്‍ക്കുമ്പോള്‍ അടുത്ത ചോദ്യമെത്തി.

‘എന്റെ മോന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു സിനിമയുണ്ട്. അതില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ?’ഞെട്ടിത്തരിച്ച എന്നോട് കുറച്ച് മുന്നോട്ടു പോയി തന്റെ അടുത്തേക്ക് നടന്നു വരാന്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ അനുസരിച്ചു. എന്റെ നടത്തം അദ്ദേഹം ഐപാഡില്‍ ഷൂട്ട് ചെയ്യുന്നുണ്ടായി രുന്നു. സത്യത്തില്‍ ലൈവ് ആയൊരു ഓഡിഷന്‍ തന്നെയായിരുന്നു മമ്മൂക്ക നടത്തിയതെന്ന് പിന്നീടാണ് മനസിലായത്,’ മാളവിക മോഹന്‍ പറയുന്നു.

Content Highlight: Malavika Mohan shares her memories of Mammootty calling her for the film Pattam Pole 

We use cookies to give you the best possible experience. Learn more