| Thursday, 22nd May 2025, 9:58 am

പൂണൂല് കാണിക്കാന്‍ ഷര്‍ട്ടില്ലാതെ നടന്നപ്പോള്‍ തോന്നാത്ത അമര്‍ഷം ഇപ്പോള്‍ തോന്നുന്നുണ്ടെങ്കില്‍ അതിന്റെ പേരാണ് ജാതി; കെ.പി. ശശികലക്കെതിരെ മാളവിക ബിന്നി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ ചരിത്രാധ്യാപിക മാളവിക ബിന്നി. പൂണൂല് കാണിക്കാന്‍ ചിലര്‍ ഷര്‍ട്ടില്ലാതെ നടന്നപ്പോള്‍ തോന്നാത്ത അമര്‍ഷം ഇപ്പോള്‍ തോന്നുന്നുണ്ടെങ്കില്‍ അതിന്റെ പേരാണ് ജാതിയെന്ന് മാളവിക ബിന്നി പറഞ്ഞു. റാപ്പര്‍ വേടനെതിരായ ജാതി അധിക്ഷേപത്തിലാണ് മാളവിക ബിന്നിയുടെ വിമര്‍ശനം.

‘ഇത്രയും നാളും തുണിയില്ലാതെ സോപാന സംഗീതം പാടിയപ്പോഴും പൂണൂല് കാണിക്കാന്‍ ഷര്‍ട്ടില്ലാതെ നടന്നപ്പോഴും തോന്നാത്ത അമര്‍ഷം ഇപ്പോള്‍ തോന്നുന്നതിന്റെ പേരാണ് ജാതി. ‘കുലതൊഴില്‍’, ‘തനത് കല’, ‘പാരമ്പര്യമായി സിദ്ധിച്ച കഴിവ്’ എന്നീ ജാതി ആഭാസങ്ങളെ ഡോ. അംബേദ്കര്‍ എന്നേ എട്ടായി മടക്കി 1930കളില്‍ തന്നെ തിരികെ തന്നിട്ടുണ്ട്,’ മാളവിക ബിന്നി പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മാളവിക ബിന്നിയുടെ പ്രതികരണം.

അക്ഷരവിരോധം മാറ്റിവെച്ച് ശരിക്കും ഒരു ടീച്ചറായാല്‍ ഇത് എളുപ്പത്തില്‍ മനസിലാക്കാമെന്നും മാളവിക ബിന്നി കെ.പി. ശശികലയോട് പറഞ്ഞു.

ഇന്നലെ (ബുധന്‍)യാണ് വേടനെതിരെ കെ.പി. ശശികല അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. റാപ്പ് സംഗീതത്തിന് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗവുമായി പുലബന്ധം പോലുമില്ലെന്നും കഞ്ചാവോളികള്‍ പറഞ്ഞാല്‍ മാത്രമേ ഭരണകൂടം കേള്‍ക്കുകയുള്ളുവെന്നുമാണ് കെ.പി. ശശികല പറഞ്ഞത്.

‘റാപ്പ് സംഗീതമാണോ പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും തനതായ കലാരൂപം? ഇന്ന് വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുന്നിലാണ് സമാജം അപമാനിക്കപ്പെടുന്നത്. അതുകൊണ്ട് സാധാരണക്കാരന് പറയാനുള്ളത് കേള്‍ക്കണം, കഞ്ചാവോളികള്‍ പറയുന്നതേ കേള്‍ക്കൂ എന്ന നിലപാട് ഭരണകൂടം മാറ്റണം,’ കെ.പി. ശശികല പറഞ്ഞു.

പട്ടികജാതി വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഒരു പരിപാടി നടത്തുമ്പോള്‍ ആ വിഭാഗവുമായി ബന്ധപ്പെട്ട കാലാരൂപത്തെയല്ലേ അവിടെ അവതരിപ്പിക്കേണ്ടതെന്നും ശശികല ചോദിച്ചിരുന്നു. പാലക്കാട് നടന്ന വേടന്റെ പരിപാടിയെ മുന്‍നിര്‍ത്തിയായിരുന്നു ശശികലയുടെ പരാമര്‍ശം.

പട്ടികജാതി വിഭാഗത്തെ വിഘടനവാദത്തിലേക്ക് തള്ളിവിടാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും കെ.പി. ശശികല പറഞ്ഞിരുന്നു.

വേടന് മുന്നില്‍ ചാടികളിക്കട കുഞ്ഞിരാമ എന്ന് പറഞ്ഞിട്ട് ആ കുഞ്ഞിരാമന്മാരെ ചാടികളിപ്പിക്കുകയും ചുടുചോറ് മാന്തിപ്പിക്കുകയും ചെയ്യുന്ന ഇത്തരം സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും ഭരണകൂടത്തിന് മുന്നില്‍ കെഞ്ചാനല്ല, ആജ്ഞാപിക്കാന്‍ വേണ്ടി തന്നെയാണ് ഹിന്ദു ഐക്യവേദി വന്നിരിക്കുന്നതെന്നും ശശികല ഭീഷണി മുഴക്കിയിരുന്നു.

Content Highlight: Malavika Binny against KP Sasikala

We use cookies to give you the best possible experience. Learn more