| Wednesday, 18th November 2026, 1:15 pm

ബ്രസീലിയൻ ഗോളടി യന്ത്രത്തെ റാഞ്ചി; മലപ്പുറം എഫ്.സി ഇനി ട്രിപ്പിൾ സ്ട്രോങ്ങ്

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പർ ലീഗ് കേരള മൂന്നാം സീസൺ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കെ എതിരാളികളെ ഞെട്ടിച്ചുകൊണ്ട് മലപ്പുറം എഫ്.സിയുടെ സർപ്രൈസ് നീക്കം. ബ്രസീലിയൻ താരം ജോൺ കെന്നഡിയെ വീണ്ടും കളത്തിലിറക്കിയിരിക്കുകയാണ് മലപ്പുറം.

കഴിഞ്ഞ സീസണിൽ മലപ്പുറത്തിന്റെ മുന്നേറ്റ നിരയിൽ ഗോളടിച്ചുകൂട്ടിയ കെന്നഡിയുടെ വരവ് ടീമിന് കൂടുതൽ കരുത്തുപകരുമെന്നുറപ്പാണ്. കഴിഞ്ഞ സീസണിൽ എട്ട് ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയതും കെന്നഡിയാണ്.

ആദ്യ സീസണിൽ കിരീടം ചൂടിയ കാലിക്കറ്റ് എഫ്.സിയുടെ താരമായിരുന്നു കെന്നഡി. പ്രഥമ സീസണിൽ നാല് മത്സരങ്ങളിൽ മാത്രമാണ് താരം കളിച്ചിരുന്നതെങ്കിലും രണ്ട് ഗോളുകളും ഒരു അസിസ്റ്റും ബ്രസീലിയൻ സ്‌ട്രൈക്കർ കൈപ്പിടിയിലാക്കിയിരുന്നു.

സൂപ്പർ ലീഗ് കേരളയിൽ താരത്തിന്റെ വലിയ പരിചയസമ്പത്ത് സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഒരുങ്ങുന്ന മലപ്പുറത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

കടത്തനാടൻ പോരിൽ കാലിക്കറ്റ് എഫ്.സി കണ്ണൂർ വാരിയേഴ്സിനെ വീഴ്ത്തിയതിന് പിന്നാലെയാണ് മലപ്പുറം എഫ്.സി സെമിയിലേക്ക് മുന്നേറിയത്. ഈ വിജയത്തോടെ കാലിക്കറ്റ് ലീഗ് ഷീൽഡ് ജേതാക്കളാവുകയും ചെയ്തിരുന്നു. സെമി ഫൈനൽ പോരാട്ടങ്ങൾക്ക് മുമ്പ് ഇനി രണ്ട് ഗ്രൂപ്പ് മത്സരങ്ങളാണ് മലപ്പുറത്തിന് ബാക്കിയുള്ളത്.

നവംബർ 21ന് തിരുവനന്തപുരം കൊമ്പൻസിനെതിരെയാണ് മലപ്പുറത്തിന്റെ അടുത്ത മത്സരം. മലപ്പുറത്തിന്റെ തട്ടകമായ മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ് വേദി. ഈ സീസണിൽ ഇരു ടീമുകളും ഇതിനുമുമ്പ് നേർക്കുനേർ വന്നപ്പോൾ വിജയം കൊമ്പൻസിനൊപ്പമായിരുന്നു.

തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ പെനാൽറ്റിയിൽ 4-2നായിരുന്നു തിരുവനന്തപുരം മലപ്പുറത്തെ വീഴ്ത്തിയത്. ഈ തോൽവിക്ക് സ്വന്തം മണ്ണിൽ പകരം വീട്ടാനായിരിക്കും മലപ്പുറം കളത്തിലിറങ്ങുക.

ഇതിന് ശേഷം കണ്ണൂരിന്റെ മണ്ണിൽ മലപ്പുറം ഈ സീസണിലെ അവസാന ഗ്രൂപ്പ് മത്സരം കളിക്കും. നവംബർ 25നാണ് പോരാട്ടം. മലപ്പുറത്തിന്റെ തട്ടകമായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കണ്ണൂരിനെ മലപ്പുറം പരാജയപ്പെടുത്തിയിരുന്നു.

Content Highlight: Malappuram fc sign Brazilian player John Kennedy in Super league Kerala

We use cookies to give you the best possible experience. Learn more