| Friday, 6th November 2026, 10:36 pm

കൊച്ചിയുടെ കാറ്റുപോയി; പയ്യനാട്ടിൽ വീണ്ടും മലപ്പുറത്തിന്റെ ഓറഞ്ച് അലേർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പർ ലീഗ് കേരളയിൽ സ്വന്തം തട്ടകത്തിൽ വമ്പൻ തിരിച്ചുവരവ് നടത്തി മലപ്പുറം എഫ്.സി. ഫോഴ്സ കൊച്ചിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പയ്യനാടിന്റെ മണ്ണിൽ മലപ്പുറം തകർത്തുവിട്ടത്. സീസണിലെ ആദ്യ മത്സരത്തിൽ കൊച്ചിയുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളുകൾക്ക് പരാജയപ്പെട്ട മലപ്പുറം സ്വന്തം മണ്ണിൽ കൊച്ചിക്കെതിരെ കണക്കുതീർക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ മലബാർ ഡെർബിയിൽ കാലിക്കറ്റ് എഫ്.സിക്കെതിരെ 6-2ന് തകർന്നുവീണ മലപ്പുറം സ്വന്തം ആരാധകരുടെ മുന്നിൽ തന്നെ ശക്തമായി തിരിച്ചുവരികയായിരുന്നു. ഈ സീസണിലെ മലപ്പുറത്തിന്റെ മൂന്നാം ഹോം വിജയമാണിത്.

പ്രതികൂല കാലാവസ്ഥയിലും മഞ്ചേരിയിലെ ഗ്യാലറി വീണ്ടും ഓറഞ്ച് കടലായപ്പോൾ മലപ്പുറവും ഉയിർത്തെഴുന്നേറ്റു. മത്സരം തുടങ്ങി 14ാം മിനിട്ടിൽ ഗ്യാലറിയെ പൊട്ടിത്തെറിപ്പിച്ചുകൊണ്ട് എൽഫോർസി മലപ്പുറത്തിന് ആദ്യ ലീഡ് സമ്മാനിച്ചു. മനോഹരമായ ഫ്രീക്ക് ഗോളിലൂടെയാണ് താരം കൊച്ചിയുടെ വല കുലുക്കിയത്.

ആദ്യ ഗോളിന്റെ ആവേശം കെട്ടടങ്ങളും മുമ്പേ മലപ്പുറം രണ്ടാം ഗോളും നേടി. 27ാം മിനിട്ടിൽ നെദീം ഹാദ്സിക് ആണ് ഗോൾ സ്‌കോറർ. ഒടുവിൽ ആദ്യപകുതിയിൽ മലപ്പുറം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിൽ മലപ്പുറം പ്രതിരോധം കൂടുതൽ ശക്തമാക്കിയതോടെ കൊച്ചിയുടെ ആക്രമണങ്ങളെല്ലാം വിഫലമാവുകയായിരുന്നു. ഒടുവിൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഹാദ്സിക് രണ്ടാം ഗോളും നേടിയതോടെ കൊച്ചിയുടെ പതനം പൂർത്തിയായി.

കൊച്ചിയുടെ പ്രതിരോധനിരയെ പൊളിച്ചുകൊണ്ടുള്ള പാസിൽ പന്തുമായി മുന്നേറിയ താരം കോൾ കീപ്പറെ മറികടന്നുകൊണ്ട് ലക്ഷ്യം കാണുകയായിരുന്നു. മത്സരത്തിലെ താരത്തിന്റെ രണ്ടാം ഗോളായിരുന്നു ഇത്.

മത്സരത്തിൽ ഹാട്രിക് പൂർത്തിയാക്കാൻ ഹാദ്സിക്കിന് വീണ്ടും അവസരം ലഭിച്ചെങ്കിലും കൊച്ചിയുടെ പോസ്റ്റിൽ തട്ടി പന്ത് പുറത്തേക്ക് പോകുകയായിരുന്നു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ മലപ്പുറം സ്വന്തം മണ്ണിൽ നിർണായകമായ വിജയം കൈപ്പിടിയിലാക്കി.

നിലവിൽ ഏഴ് മത്സരങ്ങളിൽ നിന്നും 11 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മലപ്പുറം. 13 പോയിന്റോടെ കൊച്ചി രണ്ടാം സ്ഥാനത്തുമാണ്. ആറ് മത്സരങ്ങളിൽ നിന്നും 14 പോയിന്റുമായി കാലിക്കറ്റ് എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്.

നവംബർ 14ന് തൃശൂർ മാജിക് എഫ്.സിക്കെതിരെയാണ് മലപ്പുറത്തിന്റെ അടുത്ത മത്സരം. എതിരാളികളുടെ തട്ടകത്തിലാണ് പോരാട്ടം. പയ്യനാട്ടിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഈ സീസണിൽ ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത നാല് ഗോളുകളുടെ വമ്പൻ വിജയം മലപ്പുറം സ്വന്തമാക്കിയിരുന്നു.

Content Highlight: Malappuram FC beat Forca Kochi in Super league Kerala

We use cookies to give you the best possible experience. Learn more