മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ പേരില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട ലീഗ് നേതാവിനെ പുറത്താക്കാനൊരുങ്ങി മലപ്പുറം ജില്ലാ പഞ്ചായത്ത്. അയച്ച നോട്ടീസുകള്‍ക്ക് മറുപടി നല്‍കാത്തതിനാല്‍ പുറത്താക്കല്‍ അടക്കമുള്ള നടപടികളുമായി മുമ്പോട്ട് പോകാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു.
മക്കരപ്പറമ്പ് ഡിവിഷന്‍ അംഗമായ യൂത്ത് ലീഗ് നേതാവ് ടി.പി. ഹാരിസ് തുടര്‍ച്ചയായി മൂന്ന് മാസം ഭരണസമിതി, സ്ഥിരം സമിതി യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല. ഇതിന് ജില്ലാ പഞ്ചായത്ത് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഹാരിസ് നോട്ടീസ് കൈപ്പറ്റാത്തതിനാല്‍ തിരിച്ചുവന്നു.
ഇതോടെയാണ് പഞ്ചായത്ത് നേതൃത്വം നടപടികളിലേക്ക് കടക്കുന്നത്. ഈ വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം അറിയിക്കാനാണ് ശനിയാഴ്ച ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായത്.
സെക്രട്ടറി മുഖേനയാകും വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരിക. ആഗസ്റ്റ് 22നാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഹാരിസിന് നോട്ടീസ് നല്‍കുന്നത്. നോട്ടീസ് ലഭിച്ച് 15 ദിവസം മറുപടി നല്‍കണമെന്നാണ് ചട്ടം.
മെയ് 12ന് ശേഷമുള്ള ഒറ്റ യോഗത്തിലും ഹാരിസ് പങ്കെടുത്തിട്ടില്ല. അനുവാദമില്ലാതെ സ്ഥിരം സമിതി യോഗങ്ങളില്‍ നിന്നോ ഭരണസമിതി യോഗങ്ങളില്‍ നിന്നോ വിട്ടുനിന്നാല്‍ അംഗത്തെ അയോഗ്യനാക്കണമെന്നാണ് പഞ്ചായത്തീരാജ് വ്യവസ്ഥ.
ജില്ലാ പഞ്ചായത്ത് പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് ലാഭം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്നാണ് ഹാരിസിനെതിരെയുള്ള പരാതി.
പലരില്‍ നിന്നുമായി ഇയാള്‍ 25 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. നല്‍കിയ തുക ഇതുവരെ തിരിച്ചുകിട്ടിയില്ലെന്ന് കാണിച്ച് ആറ് പേരാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.
ഇരുന്നൂറിലധികം ആളുകള്‍ ഹാരിസിന്റെ തട്ടിപ്പില്‍ പണം നിക്ഷേപിച്ച് പറ്റിക്കപ്പെട്ടിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളില്‍ പണം മുടക്കിയാല്‍ ലക്ഷങ്ങള്‍ ലാഭവിഹിതം നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച ആളുകള്‍ പദ്ധതിയില്‍ പണം നിക്ഷേപിക്കുകയായിരുന്നു.
ലീഗ് നേതാക്കള്‍ ഉള്‍പ്പെട്ട വന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലുള്ളതെന്നാണ് ആരോപണം. പണം നഷ്ടപ്പെട്ടവരില്‍ മിക്കവരും ലീഗ് അനുഭാവികളാണെന്നതും ശ്രദ്ധേയമാണ്.
ഓഗസ്റ്റ് ഒന്നിന് ഇയാളെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. ദുബായില്‍ നിന്നും വിമാന മാര്‍ഗമെത്തിയ ഹാരിസിനെ എമിഗ്രേഷന്‍ വിഭാഗം പിടികൂടുകയായിരുന്നു. തട്ടിപ്പ് കേസില്‍ മലപ്പുറം പൊലീസ് കേസെടുത്തിരുന്നു. ഇയാളെ ഒന്നാം പ്രതിയായും പഞ്ചായത്ത് സെക്രട്ടറി എസ്. ബിജുവിനെ രണ്ടാം പ്രതിയായും ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഹാരിസിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതോടെ യൂത്ത് ലീഗ് ഭാരവാഹി സ്ഥാനത്ത് നിന്നും ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Content highlight: Malappuram District Panchayat is preparing to expel Muslim League leader T.P. Harris, who is accused in a financial fraud case.