| Wednesday, 25th November 2026, 5:23 pm

മലപ്പുറത്ത് വാടക വീട്ടില്‍ നിലവിളക്ക് കത്തിക്കുന്നത് വിലക്കിയെന്ന പ്രചാരണം തെറ്റ്; പൊടിയിട്ട് പുകയ്ക്കരുതെന്നാണ് പറഞ്ഞതെന്ന് വിട്ടുടമ

റെന്വര്‍ പി

മലപ്പുറം: തിരൂരങ്ങാടിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഹിന്ദു കുടുംബം വിളക്ക് കത്തിക്കുന്നത് തങ്ങള്‍ വിലക്കിയിട്ടില്ലെന്ന് വീട്ടുടമയായ നാലകത്ത് മൂസക്കുട്ടി. മലപ്പുറത്ത് മുസ്‌ലിം വീട്ടുടമ ഹിന്ദുവായ വാടകക്കാര്‍ വിളക്ക് കത്തിക്കുന്നത് വിലക്കിയെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരം വന്നിരുന്നു. ഈ പ്രചാരണങ്ങള്‍ തെറ്റാണെന്ന് തിരൂരങ്ങാടി ടുഡേ എന്ന ഒരു പ്രാദേശിക ചാനലിനോട് സംസാരിക്കവെ മൂസക്കുട്ടി പറഞ്ഞു.

ഹിന്ദു കുടുംബം കാലാകാലങ്ങളായി തന്റെ വാടക വീട്ടില്‍ കഴിയുന്നവരാണ്. അവരോട് വീട്ടില്‍ വിളക്ക് വെക്കേണ്ടതെന്നല്ല പറഞ്ഞത്. അവിടെ ഒരു പൊടി കത്തിച്ച് പകയ്ക്കുന്നത് വീടിന്റെ താഴത്തെ നിലയില്‍ നിന്ന് മുകളിലെ നിലയിലേക്കോ പടിഞ്ഞാറ് ഭാഗത്തുള്ള മുറിയിലേക്കോ മാറ്റാനാണ് താന്‍ പറഞ്ഞതെന്നും മൂസക്കുട്ടി പറഞ്ഞു.

പൊടി കത്തിക്കുമ്പോഴുള്ള പുകയും വാസനയും കാരണം തനിക്ക് ശ്വാസ തടസ്സം ഉണ്ടാകുന്നുണ്ട്. താമസിക്കുന്ന വീടിനോട് ചേര്‍ന്നാണ് വാടക വീടും. അവരുടെ മുറിയിലെ ദ്വാരങ്ങളിലൂടെ പുക നേരെ തങ്ങളുടെ കിടപ്പുമുറിയിലേക്കാണ് അടിക്കുന്നത്. വാടകക്കാര്‍ പുകയിടുന്ന മുറിയില്‍ നിന്നുള്ള പുക ദ്വാരങ്ങളിലൂടെയും ഫാന്‍ കറങ്ങുമ്പോഴും തങ്ങള്‍ കിടക്കുന്ന മുറിയിലേക്കാണ് എത്തുന്നത്. അതിനാലാണ് പുകയിടുന്നത് മറ്റൊരു മുറിയിലേക്ക് മാറ്റാന്‍ പറഞ്ഞതെന്നും മൂസക്കുട്ടി പറഞ്ഞു.

പുകയിടുന്നത് മറ്റൊരു മുറിയിലേക്കോ മുകള്‍നിലയിലേക്കോ മാറ്റണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റൊരു മുറിയിലേക്ക് മാറ്റാന്‍ പറഞ്ഞപ്പോള്‍ മുകളിലേക്ക് സ്വാമിയെ വെക്കാന്‍ പറ്റില്ല എന്നാണ് അവര്‍ പറഞ്ഞത്. പത്ത് മാസം മുമ്പ് പറഞ്ഞതിന് ശേഷം പുക കുറച്ചെങ്കിലും സ്ഥലം മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Malappuram: Allegations about House owner denying Ritual Lamp

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more