| Wednesday, 8th June 2016, 5:33 pm

മലാപ്പറമ്പ് സ്‌കൂള്‍ എ.ഇ.ഒ അടച്ചുപൂട്ടി; ക്ലാസുകള്‍ താല്‍ക്കാലികമായി കലക്ട്രേറ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ എ.ഇ.ഒ കെ.എസ് കുസുമം അടച്ചുപൂട്ടി. സ്‌കൂള്‍ പൂട്ടാനെത്തിയ എ.ഇ.ഒയെ സമരക്കാര്‍ തടഞ്ഞില്ല. കുട്ടികളേയും ജീവനക്കാരേയും തല്‍ക്കാലത്തേക്ക് കലക്ട്രേറ്റിലേക്ക് മാറ്റി. സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടിയുമായി മുന്നോട്ടു പോകാന്‍ അധികൃതര്‍ തീരുമാനിച്ചത്. അതേസമയം സ്‌കൂള്‍ പൂട്ടുന്നത് തടയില്ലെന്ന് സ്‌കൂള്‍സംരക്ഷണ സമിതി അറിയിച്ചിരുന്നു.

സ്‌കൂള്‍ പൂട്ടിയ നടപടി ഹൈക്കോടതിയെ അറിയിച്ച ശേഷം സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. സ്‌കൂള്‍ അടച്ചുപൂട്ടുന്നതോടെ കുട്ടികള്‍ക്ക് കലക്ട്രേറ്റില്‍ താല്‍ക്കാലികമായി ക്ലാസുകള്‍ക്കുള്ള സൗകര്യമൊരുക്കും. കുട്ടികള്‍ക്ക് വ്യാഴാഴ്ച മുതല്‍ കലക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലായിരിക്കും ക്ലാസുകള്‍ നടക്കുക. ഭക്ഷണത്തിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം ക്ലാസുകള്‍ സ്‌കൂളിലേക്ക് മാറ്റും.

സര്‍ക്കാര്‍ നടപടികളില്‍ ആത്മവിശ്വാസമുണ്ടെന്നും, സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന വിശ്വാസമുണ്ടെന്നും സ്‌കൂള്‍ സംരക്ഷണ സമിതി അംഗങ്ങള്‍ പറഞ്ഞു.

സ്‌കൂള്‍ പൂട്ടണമെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ മറ്റൊന്നും ഈ സാഹചര്യത്തില്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി അംഗീകരിച്ചില്ല. ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും മുന്‍ ഉത്തരവുകള്‍ ആദ്യം നടപ്പാക്കണം. സ്‌കൂള്‍ പൂട്ടണമെന്ന വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറിച്ച് തീരുമാനമെടുക്കാന്‍ ആവില്ലെന്നും ഹൈക്കോടതി ജഡ്ജി ജയശങ്കര്‍ നമ്പ്യാര്‍ നേരത്തെ പറഞ്ഞിരുന്നു.

നേരത്തെ നഷ്ടപരിഹാരം നല്‍കി സ്‌കൂള്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതെപോലെ മറ്റ് മൂന്ന് സ്‌കൂളുകള്‍ കൂടി ഭാവിയില്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാങ്ങാട്ടുമുറി,കിരാലൂര്‍, പാലാട്ട് എന്നിങ്ങനെ അടച്ച്പൂട്ടല്‍ ഭീഷണിയിലായ മറ്റ് മൂന്ന് സ്‌കൂളുകളാണ് മലാപ്പറമ്പിന് പിന്നാലെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. സുപ്രീംകോടതി വിധിക്ക് വിധേയമായിട്ടായിരിക്കും ഏറ്റെടുക്കല്‍ നടപടികളെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചിട്ടുണ്ട്.

ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുന്നതില്‍ നിയമതടസം ഇല്ലെന്നും നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കണമെന്നും നിയമസെക്രട്ടറിയും പറഞ്ഞു. സര്‍ക്കാരിന്റെ നിലപാട് അഡ്വക്കേറ്റ് ജനറല്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് സ്‌കൂള്‍ മാനേജര്‍ പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more