എയ്ഡഡ് വിദ്യാലയ നടത്തിപ്പില്‍ മാനേജ്‌മെന്റ് പരാജയപ്പെട്ടാല്‍ ബദല്‍സംവിധാനമൊരുക്കാന്‍ വിദ്യാഭ്യാസനിയമത്തില്‍ ഇപ്പോള്‍ വ്യവസ്ഥകളില്ല. കേരള വിദ്യാഭ്യാസനിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചാണ് എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ശ്രമിക്കുന്നത്.
കോഴിക്കോട്: മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാനുള്ള സുപ്രീം കോടതിയുടെ വിധി തിരിച്ചടിയായി കാണുന്നില്ലെന്ന് മലാപ്പറമ്പ് സ്‌കൂള്‍ സംരക്ഷണ സമിതി പ്രതിനിധിയായ അഡ്വ. ജയദീപ്. നിയമഭേദഗതിയിലൂടെ ഇതില്‍ പരിഹാരം കാണുകയാണ് വേണ്ടതെന്നും നിയസഭ കൂടി ഉടന്‍ തന്നെ വിഷയത്തില്‍ പരിഹാരം കാണമെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
മലാപ്പറമ്പ് സ്‌കൂളിന്റെ മാത്രം കാര്യമായി ഇതിനെ കാണുന്നില്ല. ലാഭകരമല്ലെന്ന് കാണിച്ച് സംസ്ഥാനത്തെ നിരവധി സ്‌കൂളുകള്‍ അടച്ച് പൂട്ടാന്‍ വിദ്യാഭ്യാസ നിയമത്തിലെ പഴുതുകള്‍ ഉപയോഗിക്കുകയാണ്.
സ്‌കൂളുകള്‍ സംരക്ഷിക്കണമെങ്കില്‍ സര്‍ക്കാര്‍ ഓര്‍ഡിനെന്‍സ് ഇറക്കണം. ഇത്രയും ഗൗരവമുള്ള ഒരു വിഷയമായിട്ടും മുന്‍സര്‍ക്കാര്‍ ഇതിനെ വേണ്ടവിധം പരിഗണിച്ചില്ല. സ്‌കൂള്‍ പൂട്ടണമെന്ന ഹൈക്കോടതി വിധി ഉണ്ടാകുന്നതിനും മുന്‍പ് തന്നെ സര്‍ക്കാരിന് വിഷയത്തില്‍ ഇടപെടാമായിരുന്നു. അവര്‍ക്ക് ഒരുപാട് സമയം അതിന് ലഭിച്ചിരിരുന്നു.
കുട്ടികളുടെ എണ്ണമോ അധ്യാപകരുടെ കാര്യമോ നോക്കാതെ ഒരു മാനേജര്‍ നോട്ടീസ് കൊടുത്താല്‍ സ്‌കൂളുകള്‍ പൂട്ടുന്ന ഒരു അവസ്ഥയാണ് കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നതെങ്കില്‍ അത് ആശങ്കാജനകമാണ്. സമൂഹത്തിന് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനും കൂടി ഉള്ളതാണ്. എന്നാല്‍ ആ അവകാശമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിക്കപ്പെടുന്നത്. സര്‍ക്കാര്‍ വിദ്യാലങ്ങള്‍ ഓരോന്നും ഇത്തരത്തില്‍ പൂട്ടിപ്പോകുമ്പോള്‍ കേരളത്തില്‍ കൂണുകള്‍ പോലെ സ്വകാര്യ സ്‌കൂളുകള്‍ പൊന്തിവരും. ഇത് പൊതുസമൂഹം ചോദ്യം ചെയ്‌തേ തീരു. ഇനിയും നിരവധി തലമുറകള്‍ക്ക് അറിവിന് വേദിയാകേണ്ട വിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെട്ടേ തീരുവെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.
പൊതുവിദ്യാലങ്ങള്‍ എന്ന് പറയുന്നത് ഒരു പൊതുസ്വത്താണ്. കേരളത്തിന്റെ നിലവിലെ പോക്ക് പിന്നോട്ടേക്കാണ്. എയ്ഡഡ് വിദ്യാലയ നടത്തിപ്പില്‍ മാനേജ്‌മെന്റ് പരാജയപ്പെട്ടാല്‍ ബദല്‍സംവിധാനമൊരുക്കാന്‍ വിദ്യാഭ്യാസനിയമത്തില്‍ ഇപ്പോള്‍ വ്യവസ്ഥകളില്ല. കേരള വിദ്യാഭ്യാസനിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചാണ് എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ശ്രമിക്കുന്നത്.
സംസ്ഥാന വിദ്യാഭ്യാസവകുപ്പിന് എയ്ഡഡ് സ്‌കൂള്‍ നടത്തിപ്പിന് അധികാരംനല്‍കുന്ന വിധത്തിലുള്ള ഭേദഗതികള്‍ നിയമത്തില്‍ കൊണ്ടുവരാന്‍ കഴിയണം. അടച്ചുപൂട്ടല്‍ഭീഷണി നേരിടുന്ന വിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ നിയമഭേദഗതികള്‍ നടപ്പാക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണം. അതിനുള്ള ആര്‍ജവം പുതിയ സര്‍ക്കാര്‍ കാണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
2016 ജനുവരി 18ന് ഹൈക്കോടതി പുറപ്പടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ ഏഴിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. എട്ട് അദ്ധ്യാപകരുടെയും ഒരു അനധ്യാപകന്റെയും എണ്‍പതോളം വിദ്യാര്‍ത്ഥികളുടെയും ഭാവി പരിഗണിക്കാതെയയായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ഈ ഉത്തരവ്.