ന്യൂദല്‍ഹി: മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി.
സ്‌കൂള്‍ ജൂണ്‍ എട്ടിനകം അടച്ചുപൂട്ടണണെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സമയം നീട്ടിനല്‍കണമെന്ന സര്‍ക്കാരിന്റെ വാദവും സുപ്രീം കോടതി അംഗീകരിച്ചില്ല.
ജസ്റ്റിസുമാരായ പിസി ഘോഷ്, അമിതാവാ റോയ് എന്നിവരടങ്ങുന്ന ബെഞ്ചാണ് സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ചത്. അതേസമയം, കോടതി വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്് പ്രതികരിച്ചു.
സ്‌കൂള്‍ അധ്യയനവര്‍ഷം ആരംഭിച്ചെന്നും അതുകൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ സ്‌കൂള്‍ പൂട്ടരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2015 ല്‍ കേരളത്തിലെ തന്നെ മറ്റൊരു സ്‌കൂളുമായി ബന്ധപ്പെട്ട് കേസില്‍ സ്‌കൂള്‍ അടച്ചുപൂട്ടാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരുന്നെന്നും എന്നാല്‍ അധ്യയനവര്‍ഷം കഴിയുന്നതുവരെ സമയം അനുവദിച്ചാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാടെന്നും സുപ്രീം കോടതി ജഡ്ജി പറഞ്ഞു.
അത്തരത്തില്‍ മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന വിധി മാര്‍ച്ചില്‍ തന്നെ ഹൈക്കോടതി പുറപ്പെടുവിച്ചതാണെന്നും ബദല്‍ മാര്‍ഗങ്ങള്‍ അപ്പോള്‍ തന്നെ സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരുന്നെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അടിയന്തര പ്രാധാന്യമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. അടിയന്തര പ്രാധാന്യമുള്ള കേസല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ജൂലൈയില്‍ പരിഗണിക്കാമെന്നും പറഞ്ഞു.
എന്നാല്‍ സുപ്രീംകോടതി രജിസ്ട്രാറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ഇന്ന് തിങ്കളാഴ്ച പരിഗണിക്കാന്‍ തീരുമാനിച്ചത്.
ജൂണ്‍ എട്ടിനകം സ്‌കൂള്‍ അടച്ചുപൂട്ടണമെന്നാണ് ഹൈകോടതിയുടെ അന്ത്യശാസനം. ഡി.ജി.പി, ജില്ലാ കലക്ടര്‍, സിറ്റി പൊലീസ് കമീഷണര്‍ എന്നിവരെ കക്ഷിചേര്‍ത്തായിരുന്നു ഹൈകോടതിയുടെ വിധി.
സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന വിധി നടപ്പാക്കാന്‍ എത്തിയ സിറ്റി ഉപജില്ലാ എ.ഇ.ഒയെ രണ്ടു തവണ സമരസമിതിക്കാര്‍ തിരിച്ചയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഡി.ജി.പി ഉള്‍പ്പെടെയുള്ളവരെ ഹൈകോടതി സ്വമേധയാ കക്ഷിചേര്‍ത്തത്.