തിരുവനന്തപുരം: മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. പൂട്ടല്‍ ഭീഷണി നേരിടുന്ന മറ്റ് മൂന്ന് സ്‌കൂളുകളും ഭാവിയില്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. മങ്ങാട്ടുമുറി, കിരാലൂര്‍, പാലാട്ട് എന്നീ സ്‌കൂളുകളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക.
മലാപ്പറമ്പ് സ്‌കൂള്‍ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസായതില്‍ തന്നെ സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കും. സുപ്രീം കോടതിയുടെ നിലപാട് കൂടി പരിഗണിച്ച് മുന്നോട്ടു പോകുമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
പൊതുവിദ്യാലയങ്ങള്‍ സംരക്ഷിച്ചു തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളിന് നഷ്ടപരിഹാരം നല്‍കി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ നിയമതടസമില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് സ്‌കൂളും തിരുവണ്ണൂര്‍ പാലാട്ട് എ.യു.പി സ്‌കൂളും പൂട്ടാന്‍ സുപ്രീംകോടതിയും അനുമതി നല്‍കിയിരുന്നു. സ്‌കൂളുകള്‍ അടച്ചുപൂട്ടി മാനേജറെ ഏല്‍പിക്കാനായിരുന്നു നേരത്തെ ഹൈകോടതി ഉത്തരവിട്ടത്.
മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ പൂട്ടാന്‍ ഹൈകോടതി നല്‍കിയ സമയപരിധി ഇന്നായിരുന്നു അവസാനിക്കുന്നത്. പാലാട്ട് സ്‌കൂളും ഉടന്‍ പൂട്ടാനാണ് കോടതി നിര്‍ദേശിച്ചിരുന്നത്.
ഉത്തരവ് നടപ്പാക്കാനായി മലാപ്പറമ്പ് സ്‌കൂളില്‍ നിരവധി തവണ എത്തിയ എ.ഇ.ഒയെ തടഞ്ഞാണ് നാട്ടുകാര്‍ ചെറുത്തുനില്‍പ്പ് തുടര്‍ന്നത്.
എയ്ഡഡ് സ്‌കൂളുകള്‍ നിര്‍ത്തുമ്പോള്‍ കെട്ടിടവും ഭൂമിയും മാനേജറെ ഏല്‍പിക്കണമെന്നാണ് ചട്ടം. ഇതിന്റെ ചുവടുപിടിച്ചാണ് 57കുട്ടികളുള്ള മലാപ്പറമ്പ് സ്‌കൂളും 13 പേരുള്ള പാലാട്ട് സ്‌കൂളും പൂട്ടാന്‍ കോടതി അനുമതി നല്‍കിയത്.