| Tuesday, 7th June 2016, 5:17 pm

മലാപ്പറമ്പ് സ്‌കൂള്‍ വിഷയം; മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെതിരെ യൂത്ത് ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഇടയാക്കിയന്നൊരോപിച്ച് മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെതിരെ യൂത്ത് ലീഗ്. മന്ത്രിയായിരിക്കെ അബ്ദുറബ്ബിനോട് സ്‌കൂള്‍ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദേഹം യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് അദ്ദേഹം കീഴ്‌പ്പെട്ടോയെന്ന് അന്വേഷിക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് നജീബ് കാന്തപുരം ആവശ്യപ്പെട്ടു.

മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടുന്നതിനെതിരെ എം.എസ്.എഫ് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കവെയാണ് നജീബ് കാന്തപുരം അബ്ദുറബ്ബിനെ കുറ്റപ്പെടുത്തിയത്. തുടര്‍ന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലും യൂത്ത്‌ലീഗ് നേതാവ് മുന്‍ സര്‍ക്കാരിന്റെ കാലത്തെ നടപടികളെ വിമര്‍ശിച്ചു.

സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കച്ചവട താല്‍പര്യത്തിനു അനുകൂലമായി സുപ്രീം കോടതി വിധി വന്നതോടെ ഒരു നാട്ടിലെ പാവപ്പെട്ടവരുടെ മക്കള്‍ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്ന സഹചര്യത്തിലാണ്. കോടികള്‍ വിലമതിക്കുന്ന ഈ സ്ഥലം സ്വന്തമാക്കാന്‍ മാനേജ്മന്റ് നടത്തുന്ന കുതന്ത്രങള്‍ക്ക് ഓശാന പാടിയത് ഏത് രാഷ്ട്രീയ തമ്പുരാക്കന്മാരായാലും അവര്‍ തലമുറകളോട് ചെയ്ത പാതകം പൊറുക്കാന്‍ പറ്റാത്തതാണെന്നും നജീബ് കാന്തപുരം ഫേസ്ബുക്കില്‍ കുറിച്ചു.

ജൂണ്‍ എട്ടിനകം മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെ സ്‌കൂള്‍ ഇപ്പോള്‍ സമരഭൂമിയായി മാറിയിരിക്കുകയാണ്. വിവിധ വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധവുമായി സ്‌കൂളിലെത്തി. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെ.എസ്.യു പ്രസിഡന്റ് വി.എസ് ജോയി ആവശ്യപ്പെട്ടു. മാനേജര്‍മാര്‍ക്ക് അധികാരം നല്‍കുന്ന കേരള വിദ്യാഭ്യാസ ചട്ടം പരിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലാപ്പറമ്പ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എസ്.എഫ്.ഐയും ആവശ്യപ്പെട്ടു. എന്തു വില കൊടുത്തും സ്‌കൂള്‍ സംരക്ഷിക്കുമെന്നും വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more