| Friday, 10th October 2014, 1:35 pm

മലാല: ഉത്തരം പറയേണ്ടത് താലിബാനും ഭരണവര്‍ഗങ്ങളും അമേരിക്കയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദളിതരും സ്ത്രീകളും തൊഴിലാളികളുമടങ്ങുന്ന അടിച്ചമര്‍ത്തപ്പെടുന്നവന് ഒരേ കഥകളാണ് പറയാനുള്ളത് എന്നാണ് മലാലയും ദൃഷ്ടാന്തവല്‍ക്കരിക്കുന്നത്. പ്രാന്തവല്‍ക്കരിക്കപ്പെടുന്ന ഒരു ജനത നടത്തുന്ന അവകാശ സമരങ്ങളോടാവണം മലാലയുടെ സമരവും കണ്ണിചേര്‍ക്കപ്പെടേണ്ടത്‌


ബുക്‌ന്യൂസ് / ദിവ്യ ദിവാകരന്‍


പുസ്തകം: മലാല യൂസഫ്‌സായ്: ഒരു പാകിസ്ഥാനി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ജീവിതക്കുറിപ്പുകള്‍
പേജ്: 120
വില: 100 രൂപ
പ്രസാധകര്‍: ഇന്‍സൈറ്റ് പബ്ലിക്ക, കോഴിക്കോട്‌

…………………………………………………………………………………………………………………………………..

അജ്ഞാതകേന്ദ്രങ്ങളിലിരുന്ന് ആസൂത്രണം ചെയ്യപ്പെടുകയും അവ സ്വഭാവിക സംഭവങ്ങളായി അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു ലോകമാണിത്. ഭീകരവാദത്തിനെതിരെയുള്ള യുദ്ധ പ്രഖ്യാപനം തന്നെ മറ്റൊരു ഭീകരവാദം നടപ്പാക്കാനുള്ള പദ്ധതിയായിരുന്നല്ലോ. പലപ്പോഴും നമ്മളെ ഉപരിപ്ലവവും ഏകപക്ഷീയവുമായ നിഗമനങ്ങളിലേയ്ക്ക് വളരെ വേഗത്തില്‍ വലിച്ചിറക്കാന്‍ ഇവര്‍ പ്രാപ്തരാണ്.

മലാല യൂസഫ്‌സായ് എന്ന പതിനാലുകരിയെ താലിബാന്‍ മതതീവ്രവാദ സംഘടന ബസ്സില്‍ നിന്ന് വലിച്ചിറക്കി വെടിവെച്ചിട്ടത് ലോക മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. വിദ്യാഭ്യാസത്തിന് വേണ്ടി അവള്‍ നടത്തിയ പോരാട്ടത്തിന് പ്രതികാരമെന്നോണമാണ് താലിബാന്‍ ക്രൂരത അവള്‍ക്ക് നേരെ നിറയൊഴിച്ചത്. എന്നാല്‍ ഈ ഒരു സംഭവത്തിന് നിറം പകര്‍ന്നുകൊണ്ട് കെട്ടുകഥകള്‍ മെനയുന്ന തിടുക്കത്തിലാണ് പാകിസ്ഥാന്‍ ഭരണാധികാര വര്‍ഗങ്ങളും പാശ്ചാത്യ മാധ്യമങ്ങളും.[] അവരുടെ ഒളിയജണ്ടകളിലൊരിടത്തും പാക് ജനതയുടെ വിമോചനം ഒരു വിദൂര സ്വപ്‌നം പോലുമല്ല. മുതാലാളിത്തക്കൊള്ളയുടെ രാഷ്ട്രീയ താല്‍പര്യം മാത്രമാണ് അവര്‍ പടച്ചുവിടുന്ന ഓരോ കഥകളിലുമുള്ളത്.

ഇവിടെയാണ് നമുക്ക് തുടങ്ങാനുള്ളത്. അതിലളിതവല്‍ക്കരണ കഥകളിലോ, പൊലിപ്പിച്ചു പാടുന്ന പടപ്പാട്ടുകളിലോ വഴുതി വീഴാന്‍ മലാല അനുഭവിച്ച, പാകിസ്ഥാനിലെ ഒരോ പെണ്‍കുട്ടികളുമനുഭവിച്ചുകൊണ്ടിരിക്കുന്ന, പാക് ജനത തന്നെ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശ നിഷേധങ്ങള്‍ നമ്മേ ഒരു വിധത്തിലും അനുവദിക്കുന്നില്ല.

പാകിസ്ഥാന്റെ ചരിത്രപരവും സാമ്പത്തികവും സാമൂഹ്യവുമായ മണ്ഡലങ്ങളില്‍ അടിത്തട്ടില്‍ വേരൂന്നിയിട്ടുള്ള അസമത്വത്തിന്റെയും അനീതിയുടെയും വര്‍ഗബന്ധങ്ങളെ ആഴത്തില്‍ തന്നെ വിശകലനം ചെയ്താലെ മലാലമാര്‍ ജനിക്കുന്ന ഒരു വ്യവസ്ഥിതിയെ കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കൂ. അത്തരം ചിത്രങ്ങള്‍ക്കുമാത്രമേ അവരുടെ വിമോചനം സ്വപ്‌നം കാണുന്ന രാഷ്ട്രീയം ഉയര്‍ത്താന്‍ സാധിക്കു. ആ നിലയ്ക്കുള്ള ചെറുതെങ്കിലും ഗൗരവമായ ശ്രമമാണ് ഇന്‍സൈറ്റ് പബ്ലിക്ക കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച “മലാല യൂസഫ്‌സായ്: ഒരു പാകിസ്ഥാനി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ജീവിതക്കുറിപ്പുകള്‍” എന്ന ഗ്രന്ഥം.

“താലിബാനെ പോലെയുള്ള മതതീവ്രവാദികളെ ഭയചകിതരാക്കുന്നത് അമേരിക്കന്‍ പീരങ്കികളോ ബോംബുകളോ ബുള്ളറ്റുകളോ അല്ല, പുസ്തകം കൈയ്യിലേന്തിയ വിദ്യാര്‍ത്ഥിനികളാണ്” എന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്ന പുസ്തകം മലാലയെന്ന പ്രതീകത്തെ സൃഷ്ടിച്ച പാക് സമൂഹത്തിന്റെ രാഷ്ട്രീയ സമ്പദ്ഘടനയെയും സാംസ്‌കാരിക രാഷ്ട്രീയത്തേയും വിശകലനം ചെയ്യാന്‍ ധൈര്യം കാണിക്കുന്നുണ്ട്. ഓസ്‌കാര്‍ ജേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ ആഞ്ജലീന ജൂലിയുടെ നിലപാടില്‍ നിന്നും ആരംഭിച്ച് പാകിസ്ഥാന്റെ സങ്കീര്‍ണ്ണതകളിലേയ്ക്ക് ഊളിയിടാന്‍ ഈ ഗ്രന്ഥം തയ്യാറാവുന്നുണ്ട്.

ഫാസിസത്തിന്റെ ക്രൂരമുഖം അനാവരണം ചെയ്ത ആന്‍ ഫ്രാങ്ക് എന്ന ജൂതപെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പിന് സമാനമായ മലാലയുടെ ഡറിക്കുറിപ്പുകള്‍ മലയാള വായനക്കാര്‍ക്കായി പുസ്തകം പ്രധാനം ചെയ്യുന്നുണ്ട്. ഒപ്പം അവളെ കുറിച്ചുള്ള ഒര്‍മക്കുറിപ്പുകളും അഭിമുഖങ്ങളും. ഇവയൊക്കെ അനാവരണം ചെയ്യുന്നത്, താലിബാന്‍ എന്ന ക്രൂരതപോലും പാക് മണ്ണില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന സാമൂഹ്യ അസ്സമത്വത്തിന്റെ ഉല്‍പന്നം മാത്രമാണെന്നാണ്. അപ്പോള്‍ ഇത്തരം അസ്സമത്വത്തെ കുറിച്ച് യാതൊന്നും മിണ്ടാതെ താലിബാനെ കുറിച്ചും മലാലയെ കുറിച്ചും പാടുന്നത് അമേരിക്കയുടെയും പാക് ഭരണാധികാരവര്‍ഗങ്ങളുടെയും താല്‍പര്യം മാത്രമാണെന്ന് പുസ്തകം പറഞ്ഞുവെയ്ക്കുന്നു.

എവിടയും ദളിതരും സ്ത്രീകളും തൊഴിലാളികളുമടങ്ങുന്ന അടിച്ചമര്‍ത്തപ്പെടുന്നവന് ഒരേ കഥകളാണ് പറയാനുള്ളത് എന്നാണ് മലാലയും ദൃഷ്ടാന്തവല്‍ക്കരിക്കുന്നത്. പ്രാന്തവല്‍ക്കരിക്കപ്പെടുന്ന ഒരു ജനത നടത്തുന്ന അവകാശ സമരങ്ങളോടാവണം മലാലയുടെ സമരവും കണ്ണിചേര്‍ക്കപ്പെടേണ്ടതെന്ന് ഈ ഗ്രന്ഥം ഓര്‍മപ്പെടുത്തുന്നു.

പാകിസ്ഥാനിലെ സാമൂഹ്യ രാഷ്ട്രീയ അവസ്ഥകളെ വിശകലനം ചെയ്തുകൊണ്ടുള്ള അക്രം ജാവേദിന്റെ ലേഖനം പുസ്തകത്തില്‍ നിന്നും ഡൂള്‍ന്യൂസ് അടുത്ത ദിവസം പ്രസിദ്ധീകരിക്കുന്നു.

Book Name:  Malala usufsai Oru Pakistani School Vidyarthinyude Jeevithakurippukal
Page: 120
Price: Rs 100.00
Publisher: Insight Publica

Latest Stories

We use cookies to give you the best possible experience. Learn more