| Saturday, 10th November 2012, 10:44 am

ഇന്ന് നവംബര്‍ 10; മലാല ദിനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.എന്‍: പാക്കിസ്ഥാനില്‍ സ്ത്രീ വിദ്യാഭ്യാസത്തിനായി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ താലിബാന്‍ ആക്രമണത്തിനിരയായ മലാല യൂസുഫ്‌സായി എന്ന
പതിനാലുകാരിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭ ഇന്ന് മലാല ദിനമായി ആചരിക്കുന്നു.

കരടിക്കുട്ടന്റെ പാവയെ ചേര്‍ത്ത് പിടിച്ച് ബര്‍മിങ്ഹാമിലെ ആശുപത്രിയില്‍ പുസ്തകം വായിക്കുന്ന മലാലയുടെ ഏറ്റവും പുതിയ ചിത്രത്തിനൊപ്പം ഇങ്ങനെയൊരു പ്രസ്താവന കൂടിയുണ്ടായിരുന്നു: “ലോകം മുഴുവന്‍ എനിക്ക് നല്‍കുന്ന പ്രചോദനത്തിനും പിന്തുണയ്ക്കും നന്ദി”.[]

അവകാശങ്ങള്‍ക്കായി പോരാടുന്ന പെണ്‍കുട്ടികളുടെ പ്രതീകം എന്നാണ് ഐക്യരാഷ്ട്ര സഭ അംഭിസംബോധന ചെയ്തത്.

മലാലയെ ആദരിച്ച് ഐക്യരാഷ്ട്ര ഇന്ന് മാലാല ദിനം ആചരിക്കുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ന്യൂയോര്‍ക്കില്‍ അറിയിച്ചു. പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു 10 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കു നല്‍കുകയും ചെയ്യും.

അതേസമയം, മലാലയെ സമാധാനത്തിനുള്ള നൊബേല്‍ നോമിനിയായി നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ബ്രിട്ടീഷ്-പാക് വനിതകള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് ഇവര്‍ ക്യാമ്പെയ്‌നും സംഘടിപ്പിക്കുന്നുണ്ട്.

” മലാല വെറും ഒരു പതിനഞ്ച്കാരി പെണ്‍കുട്ടിയല്ല, അവള്‍ സംസാരിച്ചത് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട നിരവധി പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ്.” ക്യാമ്പെയ്ന്‍ നേതാവ് ഷാഹിദ ചൗദരി പറയുന്നു. ഏതാണ്ട് 30,000 ഓളം പേരാണ് മലാലയക്ക് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്നാവശ്യപ്പെടുന്ന കത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത്.

ഫ്രാന്‍സ്, കാനഡ, സ്‌പെയ്ന്‍ എന്നിവിടങ്ങളിലും ഇതേ ആവശ്യമുന്നയിച്ച് സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്. നൊബേല്‍ കമ്മിറ്റിയുടെ നിയമമനുസിരിച്ച്, അതത് രാജ്യങ്ങളിലെ അതത് രാജ്യങ്ങളിലെ സര്‍ക്കാരാണ് നോബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം നല്‍കേണ്ടത്.
കഴിഞ്ഞ മാസം പത്തിന് സ്‌കൂള്‍ ബസില്‍ കയറിയ രണ്ട് ഭീകരരാണ് മലാലയെ വെടിവച്ചത്. സ്വാത് താഴ്‌വരയുടെ നിയന്ത്രണം പിടിച്ചെടുത്തശേഷം താലിബാന്‍ അവിടത്തെ സ്‌കൂളുകള്‍ അടച്ചുപൂട്ടിയിരുന്നു. വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ മലാലയെഴുതിയ ഡയറി ബി.ബി.സി.യുടെ ഉര്‍ദു വിഭാഗം പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ മലാല ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയും താലിബാന്‍ തീവ്രവാദികളുടെ ശത്രുവും ആവുകയായിരുന്നു.

അതേസമയം, മലാലയെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ എന്ന് ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങുന്നുവോ അന്ന് അവരുടെ മരണം ഉറപ്പാക്കിയിരിക്കുമെന്നും താലിബാന്‍ വൃത്തങ്ങള്‍ നേരത്തേ അറിയിച്ചിരുന്നു. തലയ്ക്കും കഴുത്തിനുമായിരുന്നു മലാലയ്ക്ക് വെടിയേറ്റത്.

We use cookies to give you the best possible experience. Learn more