| Tuesday, 18th November 2025, 12:59 pm

വിളിച്ചുവരുത്തി അപമാനിക്കരുത്, ആദിലക്കും നൂറക്കുമെതിരായ പോസ്റ്റില്‍ മലബാര്‍ ഗോള്‍ഡ് ഉടമക്കെതിരെ സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലബാര്‍ ഗോള്‍ഡ് ഉടമ ഫൈസല്‍ എ.കെയുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ലെസ്ബിയന്‍ പങ്കാളികളായ ആദിലയെയും നൂറയെയും തന്റെ ഗൃഹപ്രവേശന ചടങ്ങില്‍ വിളിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ഇതിനോടകം പലയിടത്തും ചര്‍ച്ചയായി.

സമൂഹത്തിലെ പല മേഖലയിലുമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നെന്നും എല്ലാ തരം സൗഹൃദങ്ങളും കാത്തുസൂക്ഷിക്കാനുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും പറഞ്ഞുകൊണ്ടാണ് ഫൈസല്‍ തന്റെ പോസ്റ്റ് ആരംഭിച്ചത്. എന്നാല്‍ ആദിലയും നൂറയും ഈ ചടങ്ങില്‍ പങ്കെടുത്തത് തന്റെ അറിവോടെയല്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശമാണ് ഇവര്‍ നല്കുന്നതെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

‘പൊതുസമൂഹത്തിന്റെ സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ചും മാതാപിതാക്കളെ തന്നെ ധിക്കരിച്ചും സമൂഹമധ്യത്തില്‍ അവരെ താറടിച്ചും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതു തലമുറക്ക് തെറ്റായ സന്ദേശം നല്കി എന്ന ആരോപണം മുഖവിലക്കെടുക്കുന്നു. മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ട് സമൂഹത്തോടും സുഹൃത്തുക്കളോടും ക്ഷമ ചോദിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്.

ആദില, നൂറ എന്നിവരില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഫോട്ടോയോട് കൂടിയാണ് ഫൈസല്‍ പോസ്റ്റ് പങ്കുവെച്ചത്. എന്നാല്‍ പോസ്റ്റിന് താഴെ പലരും വിമര്‍ശനമുയര്‍ത്തിയതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ഇതിനോടകം പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് വൈറലായി. സമൂഹം ചേര്‍ത്ത് പിടിക്കുന്ന രണ്ട് വ്യക്തികളെ ഇങ്ങനെ അപമാനിക്കരുതെന്ന് പറഞ്ഞുകൊണ്ട് ധാരാളം ആളുകള്‍ ഇതിനോടകം രംഗത്തെത്തിയിരിക്കുകയാണ്.

ആരും വിളിക്കാതെ വലിഞ്ഞുകേറി വരുന്നവരല്ല ആദിലയും നൂറയുമെന്നും ഫൈസലിന്റെ മാനേജര്‍മാര്‍ അറിയാതെ ഇക്കാര്യം നടക്കില്ലെന്നും പലരും ആരോപിക്കുന്നു. ആദിലയും നൂറയും പങ്കെടുത്തത് ചില മത മേലാളന്മാര്‍ക്ക് ഇഷ്ടമാകാത്തതിനാലാണ് ഫൈസല്‍ ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചതെന്നും അത് മോശമായെന്നും അഭിപ്രായപ്പെടുന്നവരാണ് കൂടുതലും.

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ആദിലയെയും നൂറയെയും തന്റെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ആ നിലപാടില്‍ നിന്ന് അദ്ദേഹം മാറിയിട്ടില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ക്ഷണിച്ച് വരുത്തിയിട്ട് ഇങ്ങനെ അപമാനിക്കുന്നത് അങ്ങേയറ്റം മ്‌ളേച്ഛമാണെന്നും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. ഫൈസലിന്റെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെയും ചിലര്‍ വിമര്‍ശിച്ചുകൊണ്ട് കമന്റ് പങ്കുവെക്കുന്നുണ്ട്.

‘മണിക്കൂറുകള്‍ കൊണ്ട് നിലപാടുകള്‍ മാറ്റിമറിച്ച മഹാന്‍’, ‘സമ്പത്തുണ്ടെന്ന് കരുതി മനുഷ്യത്വം ഉണ്ടാകണമെന്നില്ല’, ‘ഇപ്പോഴത്തെ കാലഘട്ടത്തിലെ അരിപ്രാഞ്ചി പ്രോ’ ‘നാണമില്ലേ നിങ്ങള്‍ക്ക്’ എന്നിങ്ങനെയാണ് ഫൈസലിനെതിരെ ഉയരുന്ന കമന്റുകള്‍. ആദിലയോടും നൂറയോടും ഫൈസല്‍ മാപ്പ് പറയണമെന്നും ആവശ്യങ്ങള്‍ ഉയരുന്നുണ്ട്.

Content Highlight: Malabar Gold owner criticized after insulting Adhila Noora in social media

We use cookies to give you the best possible experience. Learn more