കൊച്ചി: മലബാര്‍ സിമന്റ്‌സ് കമ്പനിയുടെ മുന്‍സെക്രട്ടറിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വി.എം രാധാകൃഷ്ണന് തിരിച്ചടി. കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ നിന്നും കുറ്റവിക്തനാക്കണമെന്ന വി.എം രാധാകൃഷ്ണന്റെ ഹരജി ഹൈക്കോടതി തള്ളി.
ജസ്റ്റിസ് വിജയ് അരുണിന്റെ ബെഞ്ച് ഹരജി തള്ളി ഉത്തരവിട്ടു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് രാധാകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ വിചാരണക്കോടതിയെ സമീപിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.
ശശീന്ദ്രന്റെ മരണത്തില്‍ വി.എം രാധാകൃഷ്ണന്‍ മൂന്നാംപ്രതിയാണ്. കേസില്‍ മലബാര്‍ സിമന്റ്‌സിന്റെ മുന്‍ എം.ഡി എം.സുന്ദര മൂര്‍ത്തിയായിരുന്നു ഒന്നാം പ്രതി.ഇയാളുടെ സെക്രട്ടറിയായിരുന്ന സൂര്യനാരായണന്‍ രണ്ടാം പ്രതിയുമായിരുന്നു. പിന്നീട് ഇരുവരും മാപ്പ് സാക്ഷിയായതോടെയാണ് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചത്.
2011 ജനുവരി 24നാണ് കഞ്ചിക്കോട്ടെ താമസസ്ഥലത്ത് ശശീന്ദ്രനെയും രണ്ട് മക്കളെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്ന് വാദമുയര്‍ന്നെങ്കിലും കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസില്‍ അന്വേഷണം നടത്തി. ആത്മഹത്യയാണെന്ന് അന്വേഷണസംഘങ്ങള്‍ ആവര്‍ത്തിച്ചതോടെ കേസിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കേസ് സി.ബി.ഐക്ക് വിട്ടു.
രണ്ട് തവണ രാധാകൃഷ്ണനെ സി.ബി.ഐ ചോദ്യം ചെയ്തു. 2023 മാര്‍ച്ചില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട്, എറണാകുളം സി.ജെ.എം കോടതിയാണ് കേസില്‍ ജാമ്യം നല്‍കിയത്. മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ് നടക്കുന്നതിനിടയിലായിരുന്നു ശശീന്ദ്രന്റെയടക്കം ദുരൂഹ മരണങ്ങളും സംഭവിച്ചത്.
പാലക്കാട് വാളയാറിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ സിമന്റ്‌സിലെ ക്രമക്കേടുകളാണ് അഴിമതിക്കേസിന് ആധാരം. 2012-13ലും 2014-15ലും കമ്പനിയുടെ ലാഭത്തിലുണ്ടായ വന്‍ ഇടിവിന് പിന്നില്‍ അഴിമതിയാണെന്നായിരുന്നു പരാതി. മലബാര്‍ സിമന്റ്‌സിലേക്ക് ഫ്‌ളൈ ആഷ് ഇറക്കുമതി ചെയ്യുന്നതില്‍ 2.7 കോടിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. ആര്‍ക്ക് വുഡ് ആന്‍ഡ് മെറ്റല്‍ കമ്പനിക്ക് ചട്ടവിരുദ്ധമായാണ് കരാര്‍ നല്‍കിയതെന്ന് പിന്നീട് കണ്ടെത്തി.
വ്യവസായിയും ആര്‍ക്ക് വുഡ് ആന്‍ഡ് മെറ്റല്‍ എം.ഡിയുമായ വി.എം രാധാകൃഷ്ണന്‍, മലബാര്‍ സിമന്റ്‌സ് എം.ഡി എം. സുന്ദരമൂര്‍ത്തി, ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ്, ആര്‍ക്ക് വുഡ് ആന്‍ഡ് മെറ്റല്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. വടിവേലു എന്നിവര്‍ക്ക്് എതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. ഈ കേസ് നിലനില്‍നില്‍ക്കെയായിരുന്നു ശശീന്ദ്രനും മക്കളും മരണപ്പെട്ടത്. പിന്നീട് 2017 സെപ്റ്റംബറില്‍ പാലക്കാട്, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു.
Content Highlight: Malabar Cements case; Setback for VM Radhakrishnan; High Court rejects plea for acquittal