| Wednesday, 4th June 2025, 1:08 pm

മൊഴി കൊടുത്തത് തന്നെ ധാരാളം, ഇനി നടപടിയുണ്ടാവട്ടെയെന്ന വാദം യോജിക്കാനാവാത്തത്; പാര്‍വതി തിരുവോത്തിന് തുറന്ന കത്തുമായി മാല പാര്‍വതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി സംബന്ധിച്ച കേസുകള്‍ അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത നടി പാര്‍വതി തിരുവോത്തിനെതിരെ മാല പാര്‍വതി. അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന പാര്‍വതിയുടെ ചോദ്യത്തെ വിസ്മയത്തോടെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂവെന്ന് തുറന്ന കത്തില്‍ മാല പാര്‍വതി പറഞ്ഞു.

ഹേമാ കമ്മിറ്റി വച്ചതും എസ്.ഐ.ടി രൂപീകരിച്ചതും, ഡബ്ല്യൂ.ഡി.സിയുടെ പ്രവര്‍ത്തനങ്ങളും, സ്ത്രീകളെ ഇന്‍ഡസ്ട്രീയിലേക്ക് കൊണ്ട് വരാന്‍ അക്കാദമി ചെയ്യുന്ന കാര്യങ്ങളും, കരട് രേഖ ചമയ്ക്കുന്നതിന്റെ ചര്‍ച്ചകളും ഒന്നും കാണാതെ പോകുന്നുണ്ടോ എന്നൊരു സംശയമുണ്ടെന്നും മാല പാര്‍വതി പറഞ്ഞു. മറ്റൊരു സംസ്ഥാനവും ചിന്തിക്കാത്ത കാര്യം ചെയ്ത് തുടങ്ങിയ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കാമായിരുന്നുവെന്നും മാല പാര്‍വതി പറയുന്നു.

കോടതിയില്‍ പോയി നമ്മുടെ പരാതി പറയാതെയും നമ്മുടെ പക്ഷം പറയാതെയും നിയമ നടപടി ഉണ്ടാകണമെന്ന് പറയുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ലെന്നും ഗവണ്‍മെന്റ് എന്തായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും മാല പാര്‍വതി ചോദിച്ചു.

സുപ്രീം കോടതിയിലെ കേസ് ഉള്ളത് കൊണ്ട് കോടതിയില്‍ പോയില്ലെന്നും പക്ഷേ നട്ടെല്ലും നിലപാടുമുള്ള സഹപ്രവര്‍ത്തകരും പോകാത്തത് എന്നെ വിസ്മയിപ്പിച്ചുവെന്നും മാല പാര്‍വതി പറഞ്ഞു.

‘കോടതിയില്‍ പോയി നമ്മുടെ പരാതി പറയാതെ, നമ്മുടെ പക്ഷം പറയാതെ, നിയമ നടപടി ഉണ്ടാകണം എന്ന് പറയുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല. ഗവണ്‍മെന്റ് എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? ഹേമാ കമ്മിറ്റിയില്‍ മൊഴി കൊടുത്ത പ്രകാരം, കേസെടുത്ത് പ്രതികളെ ശിക്ഷിക്കട്ടെ, കൂടുതല്‍ ചോദ്യോത്തരം ഒന്നും വേണ്ട എന്നാണോ? സ്വാഭാവിക നീതിക്ക് എതിരായി ഗവണ്‍മെന്റ് നിലപാടെടുക്കണം എന്നാണോ?

‘കോടതിയില്‍ പോയാല്‍, സിനിമയില്‍’ ‘അവസരം നഷ്ടപ്പെടുത്തും’, വെച്ചേക്കത്തില്ല, അതു കൊണ്ട്, മൊഴി കൊടുത്തത് തന്നെ ധാരാളം, ചെയ്തത് മതി. ഇനി നടപടിയുണ്ടാവട്ടെ എന്ന വാദം യോജിക്കാനാവാത്തതാണ്. രേവതി സമ്പത്ത് കേസ് നടത്തുന്നത് നമ്മുടെ മുന്നില്‍ തെളിവായുണ്ട്. പൊതു സമൂഹത്തിന്റെ പിന്തുണയും ആ കുട്ടിക്ക് തന്നെയാണ്,’ മാല പാര്‍വതി പറഞ്ഞു.

ഡബ്ല്യൂ.സി.സിയെയും പാര്‍വ്വതിയെയും ഏറ്റവും ആദരവോടെ തന്നെയാണ് കാണുന്നതെന്നും അതില്‍ മാറ്റമില്ലെന്നും മാല പാര്‍വതി പറഞ്ഞു. പറയുന്നതില്‍ അല്പം കൂടെ വ്യക്തത വരേണ്ടതുണ്ട് എന്നാണെന്റെ അഭിപ്രായമെന്നും സ്ത്രീകള്‍ പറഞ്ഞതു കൊണ്ട് നടപടി എന്നതും ശരിയല്ലെന്നും അവര്‍ പറഞ്ഞു.

‘Right To Be Heard’ എന്നത് ഒരു ഫണ്ടമെന്റല്‍ പ്രിന്‍സിപ്പിള്‍ ആണെന്നും അത് പെണ്ണിനും ആണിനും കൊടുക്കേണ്ടത് ഒരു ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണെന്നും പിന്നെ കരട് രേഖ, അത് നടക്കുന്നുണ്ട് എന്നതും എല്ലാവര്‍ക്കും അറിയാമെന്നും പരിഹാസത്തിന് പ്രസക്തിയുണ്ടോ എന്ന് ഉറക്കെ ചിന്തിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Mala Parvathy with an open letter to Parvathy Thiruvoth

We use cookies to give you the best possible experience. Learn more