1994ല്‍ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റിലെ ഉലകകാഴ്ച്ച എന്ന പരിപാടിയില്‍ അവതാരകയായി കരിയര്‍ ആരംഭിച്ച വ്യക്തിയാണ് മാല പാര്‍വതി. എന്നാല്‍ 2008ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പ്രധാനമായും മലയാളത്തിലും കൂടാതെ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും നൂറിലധികം സിനിമകളില്‍ അഭിനയിച്ച മാല പാര്‍വതി സിനിമാ മേഖലയിലെ തന്റെ നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയമാണ്.
അടുത്തിടെ മലയാളത്തിലെ താരസംഘടനയായ എ.എം.എം.എ യുമായി ബന്ധപ്പെട്ട വിവാദങ്ങളിലെ ശക്തമായ നിലപാടുകളുമായി മാല പാര്‍വതി രംഗത്തെത്തിയിരുന്നു. അടുത്തിടെ ഓണ്‍ലൈന്‍ ചാനലായ മൂവി വേള്‍ഡ് മീഡിയ ഗ്ലോബലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കരിയറിന്റെ ആരംഭകാലത്തെ കുറിച്ചും ഒരു സിനിമ ചെയ്യുമ്പോള്‍ താന്‍ ശ്രദ്ധിക്കാറുള്ള കാര്യങ്ങളെ കുറിച്ചും മാല പാര്‍വതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
മാല പാര്‍വതി. Photo: X.com
‘മോശം സംവിധായകനാണ് എന്നെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത്. നല്ല സംവിധായകന്‍ എങ്ങനെയെങ്കിലും ഒരു മോശം സ്‌ക്രിപ്റ്റിനെ വലിച്ച് അപ്പുറത്തേക്ക് ഇടും. മോശം സംവിധായകന്‍ കൂടിയാണെങ്കില്‍ പെട്ട് പോകും. ഞാന്‍ ഒരിക്കല്‍ ഒരു സിനിമയുടെ സെറ്റില്‍ നിന്നും പോന്നിട്ടുണ്ട്. ഞാനും സംവിധായകനും തമ്മില്‍ വര്‍ക്കാവാതെ ഷൂട്ടിങ് തുടങ്ങി മൂന്നാമത്തെ ദിവസം ഞാന്‍ നിര്‍ത്തി പോന്നിട്ടുണ്ട്. തീരെ നിവര്‍ത്തിയില്ലെങ്കില്‍ പോകുന്നതാണ് നല്ലത്. അവിടെ തൂങ്ങി നില്‍ക്കേണ്ട കാര്യമില്ലല്ലോ.
ഇപ്പോഴെല്ലാം അല്പം കൂടെ എക്‌സ്പീരിയന്‍സ് ആയതിന് ശേഷം അതൊന്നും ശ്രദ്ധിക്കാതെ അഭിനയിക്കാന്‍ എനിക്കറിയാം. നമ്മുടെ ജോലി മാത്രം ചെയ്യുക തിരിച്ച് പോരുക. അതെന്നെ പഠിപ്പിച്ചത് സീമ ചേച്ചിയാണ്. ആ സിനിമയില്‍ ഒരു ബസിലെ സ്വീകന്‍സുണ്ടായിരുന്നു. അതില്‍ എന്റെ തൊട്ടപ്പുറത്തിരിക്കുന്ന ആക്ടര്‍ക്ക് വെള്ളം വേണമായിരുന്നു. ഞാന്‍ പെട്ടെന്ന് തന്നെ ഓടിപ്പോയി വെള്ളം കൊണ്ട് കൊടുത്തു. അതിനിടയില്‍ അവിടെ ആര്‍ട്‌സിന്റെ കുറച്ച് സാധനങ്ങള്‍ താഴ പോയി. അതെല്ലാം എടുത്ത് അവര്‍ക്കും കൊണ്ട് കൊടുത്തു. ഇതെല്ലാം സീമ ചേച്ചി നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഷോട്ട്് കഴിഞ്ഞപ്പോള്‍ എന്നോട് ക്യാരവാനില്‍ വരാന്‍ പറഞ്ഞു.
മാല പാര്‍വതി. Photo: X.com
എന്താ ചേച്ചി എന്ന് ചോദിച്ചപ്പോള്‍ എന്നാടി നിനക്ക് എത്ക്ക് നീ ഇങ്കെ വന്തെ എന്നാണ് എന്നോട് ചോദിച്ചത്. അവനവന്റെ കാര്യം നോക്കി മര്യാദക്ക് അഭിനയിക്കാന്‍ എന്നോട് പറഞ്ഞു. ഇല്ലെങ്കില്‍ അഭിനയിക്കുമ്പോള്‍ നിന്റെ കോണ്‍സെന്‍ട്രേഷന്‍ പോകുമെന്നും ചേച്ചി പറഞ്ഞു. സീമ ചേച്ചി സെറ്റില്‍ വന്നാല്‍ പണി ചെയ്ത് തിരിച്ചുപോകും. അതിന് ശേഷം ഞാനും ആ അച്ചടക്കം പഠിച്ചു,’ മാല പാര്‍വതി പറഞ്ഞു.
Content Highlight: Mala parvathy talks about her experience and advice given by actress Seema