AMMA സംഘടനയില്‍ തെരഞ്ഞെടുപ്പ് ചൂടേറുകയാണ്. മുപ്പത്തിരണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പോരാട്ടത്തിനാണ് സംഘടന സാക്ഷ്യം വഹിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പുറകെ മുഖം മങ്ങിയ സംഘടനയില്‍ ഓഗസ്റ്റ് പതിനഞ്ചിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള ഇലക്ഷന്‍ നടക്കും.
കഴിഞ്ഞ ദിവസമായിരുന്നു AMMAയിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം. മോഹന്‍ലാല്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ് ഉള്‍പ്പെടെ ആറ് പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് നടി മാല പാര്‍വതി.
‘ബാബുരാജ് മത്സരിക്കുന്നത് ഉചിതമല്ലെന്നും ഒരു മര്യാദയുടെ പുറത്ത് മാറി നില്‍ക്കേണ്ടതായിരുന്നുവെന്നും മാല പാര്‍വതി പറയുന്നു. ഇത്തരത്തില്‍ ആരോപണങ്ങള്‍ നേരിട്ടവരെല്ലാം മാറി നിന്നിട്ടുള്ളതാണ്. സിദ്ദിഖ് മാറിനിന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ബാബുരാജിനെതിരെയും ആരോപണങ്ങള്‍ വരുന്നത്. ശ്വേതാ മേനോന്‍ അപ്പോള്‍ തന്നെ ബാബുരാജ് മാറിനില്‍ക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അയാള്‍ അത് കേട്ടില്ല,’ മാല പാര്‍വതി പറയുന്നു.
രാജി വെക്കാന്‍ പറഞ്ഞിട്ട് അത് കേള്‍ക്കാത്തതുകൊണ്ടാകാം മോഹന്‍ലാല്‍ രാജിവെച്ച് അഡ്ഹോക് കമ്മിറ്റിയില്‍ നിന്ന് പോയതെന്നും തെരെഞ്ഞെടുപ്പ് വരുന്ന സമയത്ത് ‘അമ്മ’ സംഘടനയെ പ്രതിസ്ഥാനത്ത് നിര്‍ത്താതിരിക്കാന്‍ ബാബുരാജ് മാറിനില്‍ക്കേണ്ടതായിരുന്നുവെന്നും നടി പറയുന്നു.
ഒരു വലിയ വിഭാഗം ഈ തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കുകയാണെന്നും ഇടവേള ബാബുവാണ് വരേണ്ടതെന്ന് ഒരു വലിയ വിഭാഗത്തിന് അഭിപ്രായമുണ്ടെന്നും മാല പാര്‍വതി പറഞ്ഞു. അദ്ദേഹത്തിന് കുറേകൂടി വിശ്വാസീയതയുണ്ട്. എന്നാല്‍ ആരോപണവിധേയനായതുകൊണ്ട് അദ്ദേഹം മാറി നില്‍ക്കുകയാണ്. കുഞ്ചാക്കോ ബോബന്റെയും വിജയരാഘവന്റേയും പേരുകള്‍ വന്നിരുന്നുവെന്നും അവരുടേതായ കാരണങ്ങളാല്‍ അവര്‍ ഒഴിയുകയായിരുന്നുവെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.
‘കുഞ്ചാക്കോ ബോബന്റെയും വിജയരാഘവന്‍ ചേട്ടന്റെയും ശേഷമാണ് ജഗദീഷ് വന്നിരിക്കുന്നത്. സംഘടനയെ വിമര്‍ശിച്ച് കഴിഞ്ഞ വര്‍ഷം രംഗത്ത് വന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന് പൊതുജനങ്ങളുടെ ഇടയില്‍ ഒരു ഹീറോ ഇമേജ് ഉണ്ട്. സംഘടനയിലെ അംഗങ്ങള്‍ക്ക് എന്നാല്‍ മറ്റൊരു അഭിപ്രായമാണുള്ളത്,’ നടി പറഞ്ഞു.
സിദ്ദിഖിന്റെ പ്രശ്‌നം വന്നപ്പോള്‍ സംഘടനയിലെ ആളുകള്‍ ഒരു പ്രസ് മീറ്റ് നടത്താന്‍ തീരുമാനിച്ചതായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഒന്നും പറയേണ്ടെന്ന് ജഗദീഷ് അവരെ ഉപദേശിക്കുകയായിരുന്നുവെന്നും നടി വെളിപ്പെടുത്തി. ജഗദീഷിന്റെ കൂര്‍മ ബുദ്ധിയില്‍ വിശ്വസിച്ച അവര്‍ പ്രസ് മീറ്റ് വെച്ചില്ലെന്നും എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം സംഘടനയിലെ അംഗങ്ങള്‍ക്ക് നാവില്ലേ എന്ന് ചോദിച്ച് അദ്ദേഹം മാധ്യമങ്ങളെ കാണുകയായിരുന്നു. അങ്ങനെയാണ് സംഘടന വലിയ രീതിയില്‍ പ്രതിസന്ധിയിലാകുന്നതെന്നും മാല പാര്‍വതി പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവര്‍.
Content Highlight: Mala Parvathy talks about AMMA Organization election