| Wednesday, 28th January 2015, 8:01 am

മാള അരവിന്ദന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോയമ്പത്തൂര്‍: ചലച്ചിത്ര താരം മാള അരവിന്ദന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഇന്ന് രാവിലെ 6.20 ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

തബല വായിച്ചുകൊണ്ടായിരുന്നു അദ്ദേഹം കലാരംഗത്തേക്ക് പ്രവേശിച്ചിരുന്നത്. 1968ല്‍ “സിന്ദൂരം” എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. “നൂല്‍പ്പാലം” ആണ് അവസാനം അഭിനയിച്ച ചിത്രം.

ഏറണാകുളം ജില്ലയില്‍ വടവുകോട്ട് എന്ന സ്ഥലത്ത് അയ്യപ്പന്റെയും പൊന്നമ്മയുടേയും മൂത്തമകനായാണ് അരവിന്ദന്‍ ജനിച്ചത്. പിതാവ് പോലീസ് എക്‌സൈസ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. മാതാവ് സംഗീത അധ്യാപികയും.

തബലിസ്റ്റായിരുന്ന മാള അരവിന്ദന്‍ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ആദ്യം നാടകങ്ങളുടെ അണിയറയില്‍ തബലിസ്റ്റ് ആയിരുന്നു.

പിന്നീട് ചെറിയ നാടകങ്ങളില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം പിന്നീട് പ്രഫഷണല്‍ നാടകങ്ങളില്‍ സജീവമായി. കേരളത്തിലെ പ്രധാന നാടക കമ്പനികളായ കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സ്, നാടകശാല, സൂര്യതോമ എന്നിവരുടെ ഒട്ടേറെ നാടകങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. സൂര്യതോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിനു ഏറ്റവും മികച്ച നാടകനടനുള്ള അവാര്‍ഡും കരസ്ഥമാക്കി.

അധ്യാപികയായ മാതാവിനൊപ്പം മാളയില്‍ താമസമാക്കിയ അരവിന്ദന്‍ പിന്നീട് മാള അരവിന്ദന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. 1968ല്‍ ഡോ. ബാലകൃഷ്ണന്റെ “സിന്ദൂരം” എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തിയത്.

“ബെല്‍റ്റ് മത്തായി”, എന്റെ ഗ്രാമം, തടവാട്, കൂടം തേടി, രേവതിക്കൊരു പാവക്കുട്ടി, പ്രേമലേഖനം, വെള്ളരിക്ക പട്ടനം, മിമിക്‌സ് പരേഡ്, ഗാനമേള, ആഗ്‌നേയം, വധു ഡോക്ടറാണ്, പിന്‍ഗാമി, അഗ്‌നിദേവന്‍, കന്മദം, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, പട്ടാളം, മീശമാധവന്‍, കളിയൂഞ്ഞാല്‍, സന്ദേശം, പട്ടണപ്രവേശം തുടങ്ങിയ 300 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഗീതയാണു ഭാര്യ. മുത്തു, കല എന്നിവര്‍ മക്കളാണ്.

We use cookies to give you the best possible experience. Learn more