| Thursday, 18th December 2025, 3:48 pm

വിജയ്‌യുടെയും മോഹന്‍ലാലിന്റെയും ഫാന്‍സിനെ സുഖിപ്പിക്കാന്‍ നോക്കി, പക്ഷേ, ഒത്തില്ല

അമര്‍നാഥ് എം.

ഈ പതിറ്റാണ്ടില്‍ ദിലീപിന്റെ ഏഴാമത്തെ തിരിച്ചുവരവ് എന്ന് ആരാധകര്‍ അവകാശപ്പെട്ട ചിത്രമാണ് ഭ ഭ ബ. ഭയ ഭക്തി ബഹുമാനത്തിന്റെ ചുരുക്കെഴുത്താണ് ടൈറ്റിലിലൂടെ അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിച്ചത്. ജയിലിലായതിന് ശേഷം ദിലീപിന്റെ സിനിമകള്‍ക്ക് ലഭിച്ച ‘സ്വീകാര്യത’ മനസിലായതുകൊണ്ടാകാം, ഈ സിനിമയുടെ തിരക്കഥാകൃത്തുക്കളായ നൂറിന്‍ ഷെറീഫും ഫഹീം സഫറും മറ്റൊരു ഐഡിയ പുറത്തെടുത്തു.

കേരളത്തില്‍ ഏറ്റവും ഫാന്‍സുള്ള രണ്ട് നടന്മാരെ ഈ സിനിമയില്‍ ഉപയോഗിച്ചാല്‍ അവരുടെ ആരാധകര്‍ പ്രൊമോഷന്‍ ചെയ്‌തോളുമെന്നാകും ചിന്തിച്ചിട്ടുണ്ടാവുക. പുറത്തുവന്ന അപ്‌ഡേറ്റിലെല്ലാം ദിലീപിനെക്കാള്‍ അണിയറപ്രവര്‍ത്തകര്‍ പ്രാധാന്യം വിജയ്ക്കും മോഹന്‍ലാലിനും കൊടുത്തത് കണ്ടപ്പോള്‍ അത് ഏറെക്കുറെ ഉറപ്പായി. സിനിമയിലും അങ്ങനെത്തന്നെയാണ് ഉപയോഗിച്ചത്.

പടം തുടങ്ങുമ്പോള്‍ തന്നെ ‘ദളപതി കോളനി’ എന്ന ബോര്‍ഡാണ് സംവിധായകന്‍ കാണിച്ചത്. വിജയ്‌യെ ജീവനുതുല്യം ആരാധിക്കുന്ന കോളനിയിലെ കുട്ടികള്‍ക്ക് വലിയ ബില്‍ഡപ്പാണ് നല്‍കുന്നത്. എന്നാല്‍ വിജയ് ഫാന്‍സായ പിള്ളേര്‍ നടുറോഡില്‍ ഡാന്‍സ് കളിക്കുകയും ചോദ്യം ചെയ്യുന്ന ആളുടെ കാറില്‍ കല്ലുകൊണ്ട് സ്‌ക്രാച്ച് ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.

വിജയ് ഫാന്‍സിനെ ഇങ്ങനെയൊക്കെയാണോ കരുതിയത് എന്ന് ഈ പടത്തിന്റെ റൈറ്റേഴ്‌സിനോട് ചോദിക്കണമെന്ന് തോന്നിപ്പോയി. ഇതേ പിള്ളേരുടെ ഡയലോഗ് ഡെലിവറിയും അങ്ങേയറ്റം അരോചകമായിരുന്നു. ദിലീപിന്റെ ഇന്‍ട്രോയില്‍ തന്നെ ആ കഥാപാത്രം പഴത്തൊലിയില്‍ ചവിട്ടി വീഴുമെന്ന് പ്രതീക്ഷിച്ച് നില്‍ക്കുന്നവരോട് ‘അതൊക്കെ പണ്ട്’ എന്ന് മാസ് ഡയലോഗ് അടിക്കുന്നുണ്ട്.

എന്നാല്‍ ഇതേ കഥാപാത്രം പിന്നീട് പഴകിത്തേഞ്ഞ ‘സോ കോള്‍ഡ് പേട്ടന്‍ തമാശകള്‍’ ആവര്‍ത്തിക്കുന്നുമുണ്ട്. ഒരുകാലത്തും മാറാന്‍ താത്പര്യമില്ലെന്ന് ആ സീനുകളോടെ മനസിലായി. പുട്ടിന് പീര പോലെ ഇടക്കിടെ വിജയ് ഫാന്‍സിനെ സുഖിപ്പിക്കാന്‍ ഗില്ലിയിലെ ‘അര്‍ജുനര്‍ വില്ല്’ പാട്ടും ആ സിനിമയിലെ ജീപ്പും കാണിച്ച് ദിലീപിന്റെ കോമാളിത്തരങ്ങളെ മറയ്ക്കാന്‍ നോക്കുന്നുണ്ട്.

വിജയ് ഫാന്‍സിനെ മാത്രം സുഖിപ്പിച്ചാല്‍ പണിയാകുമെന്ന് കരുതിയാകും മോഹന്‍ലാലിനെക്കൊണ്ട് അതിഥിവേഷം ചെയ്യിപ്പിച്ചത്. ഏഷ്യാനെറ്റിന്റെ ഓണം പ്രോഗ്രാമിലെക്കാള്‍ മോശം വിഗ്ഗായിരുന്നു ഭ ഭ ബയുടെ അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് നല്‍കിയത്. നാലര പതിറ്റാണ്ടായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന മോഹന്‍ലാല്‍ ഈ സിനിമയില്‍ വിജയ്‌യുടെ കടുത്ത ആരാധകനായാണ് വേഷമിട്ടത്.

ആരാധകരെ കോരിത്തരിപ്പിക്കാന്‍ ഗംഭീര ഇന്‍ട്രോ നല്‍കിയെങ്കിലും അവരെക്കൊണ്ട് തന്നെ ‘അയ്യേ’ എന്ന് പറയിപ്പിക്കുന്ന ക്ലൈമാക്‌സ് എന്‍ട്രിയും പിന്നീടുള്ള ഡയലോഗ് ഡെലിവറിയും കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. വിജയ്, മോഹന്‍ലാല്‍ എന്നിവരുടെ ഫാന്‍സിനെ ഊറ്റി അതിലൂടെ ഹിറ്റടിക്കാനുള്ള ശ്രമമെന്നേ ഭ ഭ ബയെക്കുറിച്ച് പറയാനാകുള്ളൂ.

ലോജിക്കൊന്നും നോക്കാതെ സ്പൂഫ് മോഡില്‍ കഥ പറയുന്ന സിനിമകള്‍ തമിഴിലും തെലുങ്കിലും ഹിറ്റായിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലി ഇത്തരത്തില്‍ ലോജിക് ആവശ്യമില്ലാത്ത സിനിമയാണ്. ആ സിനിമ തന്ന ഹൈയും ആവേശവും ഭ ഭ ബയില്‍ ഇല്ലെന്ന് സംശയമില്ലാതെ പറയാം. അജിത് എന്ന താരത്തെ മാക്‌സിമം മാസ്സായി അവതരിപ്പിക്കുക എന്ന് മാത്രമായിരുന്നു ഗുഡ് ബാഡ് അഗ്ലിയുടെ ലക്ഷ്യം.

എന്നാല്‍ ഭ ഭ ബയുട കഥ നോക്കിയാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് സാദൃശ്യമുള്ള ഒരു പാര്‍ട്ടിയുടെ മുഖ്യമന്ത്രി തന്റെ മുഖത്തെ ചിരി ഇല്ലാതാക്കി തന്നെ ഭ്രാന്തനാക്കിയതിന് നടത്തുന്ന പ്രതികാരമാണ്. രാമലീലക്ക് ശേഷം ഓരോ സിനിമയിലും ‘അയ്യോ ഞാന്‍ നിരപരാധിയാണേ, എന്നെ പെടുത്തിയതാണേ’ എന്ന് പലകുറി പറയുന്ന പേട്ടന്‍ ഇത്തവണയും അത് ആവര്‍ത്തിക്കുകയാണെന്ന് കരുതാതെ വയ്യ.

Content Highlight: Makers used lot of Vijay and Mohanlal reference in Bha Bha Ba movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more