| Tuesday, 17th November 2026, 2:25 pm

ഈ വര്‍ഷത്തെ സകല കാമിയോയും കൊണ്ടുവന്നാലും ഇതിന്റെ തട്ട് താണ് തന്നെയിരിക്കും.... തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ സീനിലെ സൂ- ജോ

അമര്‍നാഥ് എം.

പ്രീ റിലീസ് മാര്‍ക്കറ്റിങ്ങിന് വേണ്ടി മനപൂര്‍വം സൂപ്പര്‍താരങ്ങളുടെ കാമിയോ കുത്തിക്കയറ്റുന്നതാണ് ഇപ്പോള്‍ സിനിമാലോകത്തെ പ്രധാന ട്രെന്‍ഡ്. ലോകേഷ് കനകരാജും നെല്‍സണും ആരംഭിച്ചുവെച്ച ഈ ട്രെന്‍ഡ് ഇപ്പോള്‍ സൗത്ത് ഇന്ത്യയില്‍ സ്ഥിരം കാഴ്ചയാണ്. പല കാമിയോകളും റിലീസിന് മുമ്പുള്ള ഹൈപ്പ് നിലനിര്‍ത്താനാകാതെ പ്രേക്ഷകരെ മടുപ്പിക്കുന്നെന്നും അഭിപ്രായങ്ങളുണ്ട്.

അപൂര്‍വം ചില കാമിയോകള്‍ മാത്രമാണ് ഇതിന് അപവാദം. അത്തരത്തിലൊന്നാണ് തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന സീന്‍. സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 250 കോടിയിലേറെ നേടിക്കഴിഞ്ഞു. റിലീസിന് മുമ്പ് ചിത്രത്തിലെ രണ്ട് കാമിയോകളെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ഒരു സൂചനയും പുറത്തുവിട്ടിരുന്നില്ല. ഇതിന്റെ ഫലമായി ഗംഭീര എക്‌സ്പീരിയന്‍സാണ് സിനിമാപ്രേമികള്‍ക്ക് ലഭിച്ചത്.

ആദ്യത്തെ കാമിയോയായ ടൊവിനോയുടെ രംഗം സീനിന്റെ അണിയറപ്രവര്‍ത്തകര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ കാമിയോയും റിവീല്‍ ചെയ്തിരിക്കുകയാണ്. രണ്ടാം പകുതിയില്‍ നസ്രിയ അവതരിപ്പിച്ച മായ എന്ന കഥാപാത്രം തന്നെക്കുറിച്ച് വിവരിക്കുകയും അത് സൂര്യയുടെ ഇന്‍ബരാജ് സങ്കല്പിക്കുകയും ചെയ്യുന്ന സീനിലാണ് കാമിയോ വരുന്നത്.

നസ്രിയ തന്നെക്കുറിച്ച് വിവരിക്കുമ്പോള്‍ സൂര്യ കണ്ണടച്ച് അത് ശ്രദ്ധിക്കുന്നുണ്ട്. മുഖമില്ലാത്ത ഒരുപാട് ആളുകളെ കടന്ന് മുന്നോട്ട് പോകുമ്പോള്‍ ജ്യോതികയെയാണ് സൂര്യ മനസില്‍ സങ്കല്പിക്കുന്നത്. തിയേറ്ററില്‍ ജ്യോതികയും മുഖം കാണിച്ചപ്പോള്‍ ഓരോ പ്രേക്ഷകര്‍ക്കും സര്‍പ്രൈസ്ഡായി. ഈ വര്‍ഷത്തെ ഏറ്റവും അണ്‍ എക്‌സ്‌പെക്റ്റഡായിട്ടുള്ള കാമിയോ ഇതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

വിവാഹജീവിതത്തിന്റെ 20ാം വര്‍ഷം അടുത്തിടെയായിരുന്നു സൂര്യയും ജ്യോതികയും ആഘോഷിച്ചത്. രണ്ട് പതിറ്റാണ്ടായുള്ള സ്‌നേഹത്തിന് ജിത്തു മാധവന്‍ നല്‍കിയ ട്രിബ്യൂട്ടായാണ് ഈ സീനിനെ പലരും വിലയിരുത്തുന്നത്. ഈ സീനിന് ശേഷം സൂര്യ കാക്ക കാക്കയിലെ ‘ഓ മഹസീയാ’ എന്ന പാട്ട് മൂളുന്നതും തിയേറ്ററില്‍ കൈയടി നേടി.

ഒട്ടും ഫോഴ്‌സ്ഡായി തോന്നാതെ വളരെ നാച്ചുറലായാണ് ജ്യോതികയുടെ കാമിയോയെ അവതരിപ്പിച്ചത്. സൂ-ജോ കോമ്പോയെ ഒന്നിച്ച് സ്‌ക്രീനില്‍ കാണാന്‍ സാധിച്ചില്ലെങ്കിലും ഇരുവരുടെയും കെമിസ്ട്രി കൃത്യമായി അടയാളപ്പെടുത്താന്‍ ജിത്തു മാധവന് സാധിച്ചിട്ടുണ്ട്. ടൊവിനോയുടെ കാമിയോയെക്കുറിച്ച് ചെറിയ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ജ്യോതികയുടെ സാന്നിധ്യം സസ്‌പെന്‍സായിരുന്നു. ഈ വര്‍ഷത്തെ സകല കാമിയോകളും കൊണ്ടുവന്നാലും ജ്യോതികയുടെ തട്ട് താണ് തന്നെയിരിക്കുമെന്നാണ് കമന്റുകള്‍.

Content Highlight: Makers reveled the cameo of Jyothika in Scene movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more