| Wednesday, 28th October 2026, 11:10 pm

കറുപ്പും വിശ്വനാഥും വെറും സാമ്പിള്‍ മാത്രം... ഫുള്‍ ഫോമില്‍ സൂര്യയെ കാണാന്‍ പോകുന്നത് സീനിലാകുമെന്ന് ആരാധകര്‍

അമര്‍നാഥ് എം.

കമല്‍ ഹാസന് ശേഷം തമിഴ് സിനിമ കണ്ട ഏറ്റവും വലിയ തിരിച്ചുവരവ് നടത്തിയ നടനാണ് സൂര്യ. ഒരുകാലത്ത് ഇന്‍ഡസ്ട്രിയുടെ ടോപ്പില്‍ നിന്നിരുന്ന സൂര്യക്ക് 13 വര്‍ഷത്തോളം ബോക്‌സ് ഓഫീസില്‍ കഷ്ടകാലമായിരുന്നു. വലിയ പ്രതീക്ഷയിലെത്തിയ പല സിനിമകളും വേണ്ടത്ര വിജയമാകാതെ പോയി. കരിയറിലെ ഏറ്റവും വലിയ ഹൈപ്പിലെത്തിയ കങ്കുവ ആജീവനാന്ത ട്രോള്‍ മെറ്റീരിയലായപ്പോള്‍ സൂര്യയുടെ കാലം കഴിഞ്ഞെന്നായിരുന്നു പലരും വിധിയെഴുതിയത്.

എന്നാല്‍ പരാജയത്തില്‍ തളരാതെ മുന്നോട്ട് കുതിച്ച സൂര്യയുടെ യഥാര്‍ത്ഥ ഫോമാണ് ഈ വര്‍ഷം സിനിമാലോകം കണ്ടത്. ആരാധകര്‍ക്ക് പോലും വലിയ പ്രതീക്ഷയില്ലാത്ത കറുപ്പ് താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറി. ബോക്‌സ് ഓഫീസില്‍ 300 കോടിയോളം നേടി ചരിത്രമെഴുതി. പിന്നാലെയെത്തിയ വിശ്വനാഥ് ആന്‍ഡ് സണ്‍സും ബ്ലോക്ക്ബസ്റ്ററായി മാറിയതോടെ ബോക്‌സ് ഓഫീസില്‍ സൂര്യ തന്റെ ട്രാക്കില്‍ തിരിച്ചെത്തി.

ബാക്ക് ടു ബാക്ക് ഹിറ്റുമായി നില്‍ക്കുന്ന സൂര്യയുടെ അടുത്ത ചിത്രം റിലീസിന് തയാറെടുക്കുകയാണ്. അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലെത്തിയ സീനിന്റെ ഓരോ അപ്‌ഡേറ്റും ക്വാളിറ്റിയുള്ളതായിരുന്നു. ഹാട്രിക് ഹിറ്റിനായി കാത്തിരിക്കുന്ന സൂര്യയുടെ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

കരിയറിലെ ഏറ്റവും മികച്ച റിലീസാണ് സീനിന്റേതെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ദീപാവലി റിലീസുമായി സൂര്യ എത്തുമ്പോള്‍ മികച്ച വരവേല്പാണ് ഒരുങ്ങുന്നത്. കേരളത്തിലെ 700ലധികം സ്‌ക്രീനുകളില്‍ ഏകദേശം 500 സ്‌ക്രീനുകള്‍ സീനിന്റെ വിതരണക്കാര്‍ ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

തമിഴ്‌നാട്ടിലും റെക്കോഡ് റിലീസാണ് ചിത്രത്തിന്. 600നടുത്ത് സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. കൃത്യമായ പ്രൊമോഷനുകളോടെയാണ് സീന്‍ റിലീസിനെത്തുന്നത്. നവംബര്‍ ആറിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ഈ ഞായറാഴ്ച ആരംഭിച്ചേക്കും. ഇത്രയും നേരത്തെ ബുക്കിങ് ആരംഭിക്കുന്നത് നിലവിലെ ഹൈപ്പ് റിലീസ് ദിവസം വരെ നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

താരത്തിന്റെ മുന്‍ ചിത്രങ്ങള്‍ രണ്ടും റിലീസിന് തലേദിവസം വരെ നിരവധി പ്രതിസന്ധികള്‍ നേരിട്ടിരുന്നു. ഇത്തവണ അത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും ഗംഭീര ഓപ്പണിങ് തന്നെ സീനിന് ലഭിക്കുമെന്നും ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നുണ്ട്. എല്ലാം ഒത്തുവന്നാല്‍ തമിഴില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് 200 കോടി ചിത്രം സ്വന്തം പേരിലാക്കിയ ആദ്യ നടനായി സൂര്യ മാറിയേക്കും.

Content Highlight: Makers planning a grand release for Scene Movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more