| Thursday, 13th August 2026, 12:52 pm

കുഞ്ഞിക്ക പിന്മാറി, ഇനി പോരാട്ടം പൃഥ്വിയും നിവിനും തമ്മില്‍

അമര്‍നാഥ് എം.

സമീപകാലത്ത് എല്ലാവരും ഒരുപോലെ പ്രതീക്ഷയോടെ കാത്തിരുന്ന ഓണം സീസണായിരുന്നു ഇത്. മോളിവുഡിലെ മൂന്ന് ടോപ് താരങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഒന്നിച്ച് ഏറ്റുമുട്ടുന്നത് സിനിമാപ്രേമികള്‍ക്ക് ആവേശം സമ്മാനിച്ചിരുന്നു. പൃഥ്വിയുടെ ഖലീഫ, ദുല്‍ഖറിന്റെ ഐ ആം ഗെയിം, നിവിന്‍ പോളിയുടെ ബെത്‌ലഹേം കുടുംബയൂണിറ്റ് എന്നീ ചിത്രങ്ങള്‍ ഓണം റിലീസായെത്തുന്നത് സിനിമാപേജുകളില്‍ ചര്‍ച്ചയായി മാറി.

എന്നാല്‍ ഈ ക്ലാഷില്‍ നിന്ന് ഐ ആം ഗെയിം പിന്മാറുകയാണെന്ന തരത്തില്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ റൂമറുകള്‍ പരന്നു. ഇപ്പോഴിതാ ഐ ആം ഗെയിം റിലീസ് മാറ്റുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ ഒഫിഷ്യലായി തന്നെ അറിയിച്ചിരിക്കുകയാണ്. ചിത്രം കൂടുതല്‍ വലുതാകുമെന്നാണ് പുതിയ പ്രസ് റിലീസില്‍ പറഞ്ഞിരിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി റിലീസ് ചെയ്യാനാണ് ഈയൊരു നീക്കമെന്നും അണിയറപ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. മാര്‍ക്കറ്റ് വലുതാക്കാന്‍ പുതിയ റിലീസ് ഡേറ്റ് സഹായിക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഓഗസ്റ്റ് 20ല്‍ നിന്ന് സെപ്റ്റംബര്‍ മൂന്നിലേക്കാണ് ഐ ആം ഗെയിം റിലീസ് മാറ്റിയത്.

ദുല്‍ഖര്‍ പിന്മാറിയതോടെ ഓണം ക്ലാഷ് പൃഥ്വിരാജും നിവിന്‍ പോളിയും തമ്മിലായിരിക്കുകയാണ്. വന്‍ ബജറ്റിലും സ്റ്റാര്‍ കാസ്റ്റിലും ഒരുങ്ങുന്ന മാസ് ആക്ഷന്‍ എന്റര്‍ടൈനറുമായി പൃഥ്വി എത്തുമ്പോള്‍ തന്റെ സേഫ് സോണായ റോം കോമുമായാണ് നിവിന്‍ എത്തുന്നത്. പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കുമെന്ന് ഉറപ്പാണ്.

ബോക്‌സ് ഓഫീസ് ക്ലാഷില്‍ നിവിനും പൃഥ്വിയും ഇതിന് മുമ്പ് ഏറ്റുമുട്ടിയതിന്റെ ചരിത്രം നോക്കുമ്പോള്‍ മുന്‍തൂക്കം നിവിന്‍ പോളിക്കാണ്. മൂന്ന് തവണയാണ് ഇരുവരും മുമ്പ് ഏറ്റുമുട്ടിയത്. 2014ല്‍ പൃഥ്വിരാജിന്റെ ലണ്ടന്‍ ബ്രിഡ്ജിനെ മറികടന്ന് നിവിന്റെ 1983 ക്ലാഷില്‍ വിജയിച്ചിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ വീണ്ടും ഇരുവരും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടി.

സ്‌കോട്ട്‌ലന്‍ഡിലെ നരബലിയും മറ്റ് അനാചാരങ്ങളും പ്രമേയമാക്കി വന്ന ബിഗ് ബജറ്റ് ചിത്രം ആദം ജോണിനെ വെറും ഫീല്‍ ഗുഡ് ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കൊണ്ട് നിവിന്‍ തൂക്കി. പൃഥ്വിക്ക് പുറമെ സാക്ഷാല്‍ മമ്മൂട്ടിയും മോഹന്‍ലാലും അന്ന് നിവിനോട് പരാജയപ്പെട്ടിരുന്നു. 2019ലാണ് അവസാനമായി ഇരുവരും ഏറ്റുമുട്ടിയത്.

കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ബ്രദേഴ്‌സ് ഡേയും ധ്യാന്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ലവ് ആക്ഷന്‍ ഡ്രാമയും ഏറ്റുമുട്ടിയപ്പോള്‍ ഹാട്രിക് വിജയവുമായി നിവിന്‍ കളംപിടിച്ചു. ഏഴ് വര്‍ഷത്തിന് ശേഷം മറ്റൊരു ക്ലാഷിന് കളമൊരുങ്ങുമ്പോള്‍ സിനിമാപ്രേമികള്‍ പ്രതീക്ഷയിലാണ്.

Content Highlight: Makers officially announced that I’m Game out from Onam clash

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more