സീരീസ് പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സീരീസാണ് സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ്. 2022ല്‍ പുറത്തിറങ്ങിയ നാലാം സീസണ് ക്ലിഫ് ഹാങ്ങിങ് മൊമന്റിലാണ് അവസാനിച്ചത്. അവസാന സീസണ്‍ നവംബറില്‍ പുറത്തിറങ്ങാനിരിക്കുകയാണ്. മൂന്ന് ഭാഗങ്ങളിലായാണ് അഞ്ചാം സീസണ്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കുന്നത്.
നവംബര്‍ 26ന് ആദ്യ ഭാഗവും ഡിസംബര്‍ 26ന് രണ്ടാം ഭാഗവും പുറത്തിറക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. അവസാന എപ്പിസോഡ് ന്യൂ ഇയര്‍ ഈവിനാണ് സ്ട്രീം ചെയ്യുക. എന്നാല്‍ ഇപ്പോഴിതാ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന്റെ അവസാന എപ്പിസോഡ് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ യു.എസില്‍ മാത്രമേ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന്റെ തിയേറ്റര്‍ റിലീസുണ്ടാകുള്ളൂവെന്നും കേള്‍ക്കുന്നു. 350നടുത്ത് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. ഇന്ത്യയില്‍ അവസാന എപ്പിസോഡിന് തിയേറ്റര്‍ റിലീസുണ്ടാകില്ലെന്നുള്ള വാര്‍ത്ത ഇന്ത്യയിലെ സീരീസ് പ്രേമികള്‍ക്ക് നിരാശ സമ്മാനിക്കുകയാണ്. സീരീസ് ചരിത്രത്തിലെ ഏറ്റവും വലിയ വരവേല്പാകും സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന് ലഭിക്കുകയെന്നാണ് കരുതുന്നത്.
ഓരോ എപ്പിസോഡും രണ്ട് മണിക്കൂറിന് മുകളിലാണുള്ളത്. അവസാന എപ്പിസോഡിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറാണ്. ഡഫര്‍ ബ്രദേഴ്‌സ് എന്താണ് ഒരുക്കി വെച്ചതെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊമോഷന്‍ പരിപാടികള്‍ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന് വേണ്ടി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2016ല്‍ ആരംഭിച്ച സീരീസ് പത്താം വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് അവസാനിക്കുന്നത്. ഓരോ സീസണിലും പ്രേക്ഷകരെ പരമാവധി എന്‍ഗേജ് ചെയ്യിച്ചുകൊണ്ടാണ് ഡഫര്‍ ബ്രദേഴ്‌സ് സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് മുന്നോട്ടു കൊണ്ടുപോയത്. സീരീസിന്റെ അവസാന എപ്പിസോഡ് ആരാധകരെ പരമാവധി ഇമോഷണലാക്കുമെന്ന് ഉറപ്പാണ്.
ഇലവനും വെക്ന/ വണ്ണും തമ്മിലുള്ള പോരാട്ടം തന്നെയാണ് ഈ സീസണിന്റെ ഹൈലൈറ്റ്. ലോകം കീഴടക്കാന്‍ വെക്ന നടത്തുന്ന ശ്രമങ്ങള്‍ ഇലവനും കൂട്ടരും തടയുന്ന ഭാഗം അഡ്രിനാലിന്‍ റഷ് സമ്മാനിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. മില്ലി ബോബി ബ്രൗണ്‍, വിനോന റൈഡര്‍, ഡേവിഡ് ഹാര്‍ബര്‍, ഫിന്‍ വോള്‍ഫ്ഹാര്‍ഡ് എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്. ഓരോ കഥാപാത്രങ്ങള്‍ക്കും പ്രത്യേക ഫാന്‍ ബെയ്സുള്ള സിരീസ് കൂടിയാണ് സ്ട്രെയ്ഞ്ചര്‍ തിങ്സ്.
Content Highlight: Makers of Stranger Things planning to release the final episode in U.S theatres