പുഷ്പയുടെ മാസ് വിജയത്തിന് ശേഷം അല്ലു അര്‍ജുന്‍ മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രവുമായി എത്തുകയാണ്. ജവാന് ശേഷം അറ്റ്‌ലീ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ അല്ലുവാണ് നായകന്‍. ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച അനൗണ്‍സ്‌മെന്റായിരുന്നു ഈ പ്രൊജക്ടിന്റേത്. AA 22 x A6 എന്ന് താത്കാലിക ടൈറ്റില്‍ നല്‍കിയ ചിത്രം പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.
ആദ്യം പ്ലാന്‍ ചെയ്തതിനെക്കാള്‍ കഥയും ബജറ്റും വലുതായെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സ്‌കെയിലും പ്രൊഡക്ഷന്‍ ചെലവും പ്രതീക്ഷിച്ചതിനെക്കാള്‍ കൂടിയെന്നാണ് പുറത്തുവരുന്ന വിവരം. ഇക്കാരണം കൊണ്ട് AA 22 x A6 രണ്ട് ഭാഗങ്ങളാക്കാനൊരുങ്ങുന്നെന്നും റിപ്പോര്‍ട്ടുണ്ട്. 2026ല്‍ ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.
ആദ്യഭാഗത്തിന്റെ റിലീസിന് ശേഷം മാത്രമാകും രണ്ടാം ഭാഗത്തിന്റെ ഷൂട്ട് ആരംഭിക്കുക. പ്രൊഡക്ഷന്‍ ചെലവ് വിചാരിച്ചതിനെക്കാള്‍ ഉയര്‍ന്നതുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ഇത്തരമൊരു നീക്കം നടത്തിയതിന് പിന്നിലെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ തവണയാണ് അല്ലുവിന്റെ ചിത്രം രണ്ട് ഭാഗങ്ങളാക്കുന്നത്.
പുഷ്പയുടെ ഓളം ഈ പ്രൊജക്ടിനും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ബോളിവുഡില്‍ ഇന്‍ഡസ്ട്രി ഹിറ്റ് സ്വന്തമാക്കുകയും 1000 കോടി ക്ലബ്ബില്‍ ഇടം പിടിക്കുകയും ചെയ്ത നടനും സംവിധായകനും ആദ്യമായി കൈകോര്‍ക്കുന്നു എന്നതാണ് AA 22 x A6ന്റെ ഏറ്റവും വലിയ പ്രത്യേകത. കഥയുടെ വലിപ്പത്തില്‍ മാത്രമല്ല, ക്രൂവിന്റെ വലിപ്പത്തിലും ചിത്രം ഹൈപ്പ് ഉയര്‍ത്തുന്നുണ്ട്.
എന്‍ഡ് ഗെയിമിന് വി.എഫ്.എക്‌സ് ഒരുക്കിയ ലോല വി.എഫ്.എക്‌സാണ് ഈ ചിത്രത്തിന്റെ വി.എഫ്.എക്‌സ് ഒരുക്കുന്നത്. ട്രാന്‍സ്‌ഫോര്‍മേഴ്‌സിന്റെ മേക്കപ്പ് മാനും അക്വാമാന്റെ പ്രൊഡക്ഷന്‍ ഡിസൈനറും ആദ്യമായി ഒരു ഇന്ത്യന്‍ സിനിമക്ക് വേണ്ടി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ പ്രൊജക്ടിനുണ്ട്. 650 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കരിയറില്‍ ആദ്യമായി അല്ലു അര്‍ജുന്‍ ഇരട്ടവേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും AA 22 x A6നുണ്ട്. ദീപിക പദുകോണാണ് ചിത്രത്തിലെ നായിക. മൃണാള്‍ താക്കൂര്‍, ജാന്‍വി കപൂര്‍, ഭാഗ്യശ്രീ ബോര്‍സെ എന്നിവരാണ് മറ്റ് താരങ്ങള്‍. അല്ലുവിന്റെ പിറന്നാള്‍ ദിനമായ ഏപ്രില്‍ എട്ടിന് ചിത്രത്തിന്റെ ടൈറ്റിലടക്കമുള്ള അപ്‌ഡേറ്റുകള്‍ പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്.
Content Highlight: Makers are planning to split AA 22 x A6 into two parts because of high production cost