| Tuesday, 6th January 2026, 9:19 am

നിനക്കൊന്നും വേറെ പണിയില്ലേ, അടുത്ത വിഷവുമായി ഇറങ്ങിയിട്ടുണ്ട്, കേരള സ്റ്റോറി 2ന്റെ കമന്റ് ബോക്‌സ് ഏറ്റെടുത്ത് മലയാളികള്‍

അമര്‍നാഥ് എം.

സംവിധായകന്റെ വിഷനിലുള്ള കേരളത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു കേരള സ്റ്റോറി. 2023ല്‍ പുറത്തിറങ്ങിയ ചിത്രം കേരളത്തെക്കുറിച്ചുള്ള ഇല്ലാക്കഥകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചു. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച ദേശീയ അവാര്‍ഡില്‍ മികച്ച സംവിധായകനടക്കം രണ്ട് പുരസ്‌കാരം കേരള സ്റ്റോറിക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുകയും ചെയ്തു.

ഇപ്പോഴിതാ കേരള സ്‌റ്റോറിക്ക് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. വളരെ സുരക്ഷയോടെ അതീവ രഹസ്യമായിട്ടാണ് ചിത്രം ഷൂട്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ബിയോണ്ട്  ദി കേരള സ്‌റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. കേരള സ്റ്റോറിയുടെ നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സാണ് രണ്ടാം ഭാഗവും നിര്‍മിച്ചിരിക്കുന്നത്.

ബിയോണ്ട് കേരള സ്‌റ്റോറി Photo: Screen grab/ Sunshine Pictures

ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോയുടെ കമന്റ് ബോക്‌സില്‍ മുഴുവന്‍ മലയാളികളുടെ വിമര്‍ശനമാണ്. ഒരു തരത്തിലും കേരള സ്‌റ്റോറിയുടെ രണ്ടാം ഭാഗത്തിനെ ആരും പിന്തുണക്കുന്നില്ല. അടുത്ത പ്രൊപ്പഗണ്ട ഒരുങ്ങിയിട്ടുണ്ടെന്നും നാഷണല്‍ അവാര്‍ഡ് ഇപ്പോത്തന്നെ ഉറപ്പിച്ചുവെച്ചിട്ടുണ്ടെന്നുമാണ് പലരുടെയും കമന്റുകള്‍.

‘നിനക്കൊന്നും വേറെ പണിയില്ലേ’, ‘അടുത്ത വിഷവും കൊണ്ട് ഇറങ്ങിയിട്ടുണ്ട്’, ‘ഇവമ്മാര്‍ക്കൊന്നും മതിയായില്ലേ’, ‘വല്ല മണ്ണും വാരി തിന്നൂടെ നിനക്കൊക്കെ’, ‘വിവരമില്ലായ്മക്കും സീക്വല്‍ ഇറക്കുന്നുണ്ടോ’ എന്നിങ്ങനെയാണ് ഇന്‍സ്റ്റഗ്രാമിലെ കമന്റുകള്‍. ചുരുളി, ജോജി എന്നീ സിനിമകളിലെ ചില പ്രത്യേക സീനുകളുടെ ജിഫ് ഇമേജുകളും കമന്റിന്റേ രൂപത്തില്‍ ചിലര്‍ പങ്കുവെക്കുന്നുണ്ട്.

ബിയോണ്ട്  ദി കേരള സ്‌റ്റോറി Photo: Screen grab/ Sunshine Pictures

യൂട്യൂബിലും സ്ഥിതി വ്യത്യസ്തമല്ല. ‘ഇപ്പോള്‍ എന്തിനാ ഇങ്ങനെയൊരു പടം… ഓ… ബംഗാളില്‍ ഇലക്ഷന്‍ വരാന്‍ പോവുകയാണല്ലോ’, ‘നിന്നെയൊക്കെ ഞങ്ങള്‍ എന്നാ ഉണ്ടാക്കാന്‍ വന്നു’, ‘ഒരു ലോഡ് നാഷണല്‍ അവാര്‍ഡ് ലോഡിങ്’ ‘വിവേക് അഗ്നിഹോത്രി ബംഗാള്‍ ഫയല്‍സ് എന്ന ഒരു പ്രൊപ്പഗണ്ട സിനിമ ഇറക്കിയപ്പോള്‍ എല്ലാവരും ചേര്‍ന്ന് അത് പൊട്ടിച്ച് കൈയില്‍ കൊടുത്തു. ഇത്തവണയും അത് ആവര്‍ത്തിക്കും’ എന്നിങ്ങനെയാണ് യൂട്യൂബ് കമന്റുകള്‍.

കാമാഖ്യ നാരായണ്‍ സിങ്ങാണ് രണ്ടാം ഭാഗത്തിന്റെ സംവിധായകന്‍. ബിയോണ്ട് കേരള സ്‌റ്റോറി  ഫെബ്രുവരി 21ന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആദാ ശര്‍മ, സിദ്ധി ഇദ്‌നാനി, ദേവദര്‍ശിനി തുടങ്ങിയവരായിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങള്‍.

Content Highlight: Makers announced second part for Kerala Story movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more