| Sunday, 21st June 2026, 4:36 pm

വോട്ടവകാശം മൗലികാവകാശമാക്കണം; എന്നാലേ ജനാധിപത്യം സംരക്ഷിക്കാനാവൂ: കോണ്‍ഗ്രസ്

സിജൊ

ന്യൂദല്‍ഹി: രാജ്യത്ത് വോട്ടവകാശം മൗലികാവകാശമാക്കി മാറ്റണമെന്ന് കോണ്‍ഗ്രസ്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഈ നടപടി അനിവാര്യമാണെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു. തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണവുമായി (എസ്.ഐ.ആര്‍) ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികള്‍ക്ക് പരിഹാരം കാണാന്‍ വോട്ടവകാശത്തെ മൗലികാവകാശമാക്കി മാറ്റണമെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

വോട്ടവകാശത്തെ മൗലികാവകാശമായി ഉയര്‍ത്തേണ്ട ശരിയായ സമയമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു. മൗലികാവകാശമാക്കി മാറ്റിയാല്‍ വോട്ടവകാശത്തിന് ഏറ്റവും ഉയര്‍ന്ന ജുഡീഷ്യല്‍ സംരക്ഷണം ലഭിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

നടപ്പാതകളിലൂടെ നടക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് ഈ വെള്ളിയാഴ്ച സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് സമാനമായി വോട്ടവകാശത്തെയും മൗലികമായി കാണണമെന്ന് ജയറാം രമേശ് പറയുന്നു.

എസ്.ഐ.ആര്‍ നടപ്പാക്കിയപ്പോള്‍ സംഭവിച്ചത് പോലെ വോട്ടര്‍മാരെ ഒഴിവാക്കുന്നതോ തെറ്റായി ഉള്‍പ്പെടുത്തുന്നതോ പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ വോട്ടവകാശത്തെ മൗലികാവകാശമാക്കണം. രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് തികച്ചും പക്ഷപാത പരമായാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. അക്കാര്യങ്ങള്‍ അതിഭീകരമായി ഇവിടെ വെളിപ്പെട്ടിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.

മൗലികാവകാശങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ പരിഗണിക്കാനായി ഭരണഘടനാ അസംബ്ലി സര്‍ദാര്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ഒരു ഉപദേശക സമിതി രൂപീകരിച്ചിരുന്നു. 1947 ഏപ്രിലില്‍ ഈ സമിതി യോഗം ചേര്‍ന്നപ്പോള്‍ വോട്ടവകാശത്തെ മൗലികാവകാശമാക്കി മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ചകളുയര്‍ന്നിരുന്നു. വോട്ടവകാശത്തെ മൗലികാവകാശമാക്കി മാറ്റുന്നതിനെ അന്ന് ഡോക്ടര്‍ അംബേദ്കറും ബാബു ജഗ്ജീവന്‍ റാമും ശക്തമായി അനുകൂലിച്ചിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.

വോട്ടവകാശം മൗലികാവകാശമാക്കിയാല്‍ നാട്ടു രാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതിക്കും എന്ന വാദമുയര്‍ത്തി സര്‍ദാര്‍ പട്ടേലും സി. രാജഗോപാലാചാരിയും അടക്കമുള്ളവര്‍ അന്ന് എതിര്‍പ്പുന്നയിച്ചിരുന്നു. സാര്‍വത്രിക വോട്ടവകാശം ഭരണ ഘടനയില്‍ ഉള്‍പ്പെടുത്തുക മാത്രം ചെയ്യാമെന്നും മൗലികാവകാശമാക്കാമെന്നും തുടര്‍ന്ന് തീരുമാനിക്കുകയായിരുന്നെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

കാല്‍നടയാത്രക്കാര്‍ക്ക് ഫുട്പാത്തിലൂടെ സുരക്ഷിതമായി നടക്കാനുള്ള അവകാശം മൗലികാവകാശമാണെന്നായിരുന്നു വെള്ളിയാഴ്ചത്തെ സുപ്രീം കോടതി വിധി. അതിനാല്‍ റോഡില്‍ വാഹനങ്ങളെക്കാള്‍ പരിഗണന കാല്‍നട യാത്രക്കാര്‍ക്കാണെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസുമാരായ പി.എസ് നരസിംഹ, എ.എസ് ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതായിരുന്നു വിധി. നടക്കാനുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) (ഡി) പ്രകാരമുള്ള സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെയും ഭാഗമാണെന്ന് കോടതി പറഞ്ഞിരുന്നു.

Content Highlight: Make right to vote a Fundamental Right in light of ‘partisan EC, SIR’: Congress

സിജൊ

We use cookies to give you the best possible experience. Learn more