| Thursday, 10th September 2026, 5:10 pm

ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങളിലെ വ്യാപാര നിരോധനത്തിന് ബ്രിട്ടനില്‍ ജനങ്ങളുടെ ഭൂരിപക്ഷ പിന്തുണ

അഞ്ജു ചന്ദ്രന്‍

ലണ്ടന്‍: വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങളിലെ വ്യാപാരം നിരോധിച്ച ബ്രിട്ടീഷ് സര്‍ക്കാറിന്റെ തീരുമാനത്തിന് ഭൂരിഭാഗം ബ്രിട്ടീഷ് പൗരന്മാരും പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ട്. യൂഗോവ് നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തവരില്‍ ഏകദേശം പകുതി പേരും നിരോധനത്തെ അനുകൂലിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച സര്‍വേയില്‍ 50 ശതമാനം ബ്രിട്ടീഷ് ജനങ്ങളും ഈസ്രഈല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുന്ന നടപടിയെ പിന്തുണച്ചു. 16 ശതമാനം പേര്‍ മാത്രമാണ് നടപടിയെ എതിര്‍ത്തത്. വിഷയത്തില്‍ ബ്രിട്ടീഷ് സമൂഹത്തില്‍ താരതമ്യേന ശക്തമായ അനുകൂല നിലപാടാണ് നിലനില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള ഉത്പ്പന്നങ്ങളുമായുള്ള വ്യാപാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നടപടി ബ്രിട്ടീഷ് സര്‍ക്കാര്‍ സെപ്റ്റംബര്‍ 8ന് പ്രഖ്യാപിച്ചിരുന്നു. ഫ്രാന്‍സും കാനഡയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളും സമാനമായ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്രങ്ങളുടെ വ്യാപനം ഫലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിനുള്ള സാധ്യതയെ ബാധിക്കുന്നുവെന്നും അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ തീരുമാനത്തിനെതിരെ ഇസ്രഈല്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാനഡ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ഐസ്‌ലാന്‍ഡ്, അയര്‍ലന്‍ഡ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്പെയിന്‍, സ്വീഡന്‍ എന്നീ പതിനൊന്ന് രാജ്യങ്ങള്‍ ചൊവ്വാഴ്ച ബ്രിട്ടനുമായി ചേര്‍ന്ന് പ്രസിദ്ധീകരിച്ച ഒരു സംയുക്ത പ്രസ്താവനയില്‍ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങളിലെ ചരക്കുകളുടെ വ്യാപാരത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പിന്തുണ നല്‍കിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Content Highlights: Majority public support in Britain for a ban on trade with Israeli settlements.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more