| Wednesday, 25th November 2026, 8:48 am

ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് ഭൂരിപക്ഷം അമേരിക്കൻ വോട്ടർമാരും: സർവേ ഫലം പുറത്ത്

ശ്രീലക്ഷ്മി പി.പി

വാഷിങ്ടൺ: ഇറാനെതിരായ അമേരിക്ക-ഇസ്രഈൽ സൈനിക നടപടി, അനുകൂലമായ നിബന്ധനകൾ ലഭിച്ചില്ലെങ്കിലും ഉടൻ അവസാനിപ്പിക്കണമെന്ന് ഭൂരിപക്ഷം അമേരിക്കൻ വോട്ടർമാരും ആഗ്രഹിക്കുന്നതായി പുതിയ സർവേ. യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡും ഗവേഷണ സ്ഥാപനമായ ഇപ്സോസും സംയുക്തമായി നടത്തിയ ക്രിട്ടിക്കൽ ഇഷ്യൂസ് പോൾ സർവേയിലാണ് ഈ കണ്ടെത്തൽ.

സർവേയിൽ പങ്കെടുത്ത 1,022 മുതിർന്ന പൗരന്മാരിൽ 55 ശതമാനം പേരും നിബന്ധനകൾ എന്തുതന്നെയായാലും യുദ്ധം അവസാനിപ്പിക്കണം എന്ന നിലപാടിനെ പിന്തുണച്ചു. ഡെമോക്രാറ്റിക് വോട്ടർമാരിൽ 80 ശതമാനവും സ്വതന്ത്ര വോട്ടർമാരിൽ 59 ശതമാനവും യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ, റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളിൽ 25 ശതമാനം പേരും ഈ നിലപാടിനെ അനുകൂലിച്ചു.

ഇറാനിൽ നിന്ന് കൂടുതൽ വിട്ടുവീഴ്ചകൾ നേടിയെടുക്കുന്നതിനായി നിലവിലെ യുദ്ധനയം തുടരണമെന്ന് 21 ശതമാനം പേർ മാത്രമാണ് അഭിപ്രായപ്പെട്ടത്. സൈനിക നടപടികൾ കൂടുതൽ ശക്തമാക്കണമെന്ന നിലപാടിനെ 18 ശതമാനം പേരും പിന്തുണച്ചു.

യുദ്ധം അവസാനിപ്പിക്കുന്നതിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിനുമേൽ സമ്മർദം ചെലുത്തണമെന്നും ഭൂരിപക്ഷം ഡെമോക്രാറ്റിക് വോട്ടർമാരും ആഗ്രഹിക്കുന്നു. സൈനിക നടപടികൾക്കുള്ള ധനസഹായം യു.എസ് കോൺഗ്രസ് തടഞ്ഞുവെക്കുന്നതിനെ 53 ശതമാനം ഡെമോക്രാറ്റുകൾ പിന്തുണച്ചു.

വരാനിരിക്കുന്ന ബജറ്റ് ചർച്ചകളിൽ യുദ്ധത്തിനുള്ള ഫണ്ട് അനുവദിക്കുന്നത് തടയുന്നതിലൂടെ സർക്കാർ പ്രവർത്തനം സ്തംഭിക്കുന്ന സാഹചര്യമുണ്ടായാലും നടപടി സ്വീകരിക്കണമെന്ന് 51 ശതമാനം പേരും അഭിപ്രായപ്പെട്ടു.

നിബന്ധനകൾ പരിഗണിക്കാതെ യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടിന് ലഭിച്ച വലിയ പിന്തുണ തന്നെ അത്ഭുതപ്പെടുത്തിയെന്ന് സർവേയുടെ മുഖ്യ ഗവേഷകൻ ഷിബ്ലി തെൽഹാമി പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

യുദ്ധത്തോട് ജനങ്ങൾക്ക് എതിർപ്പുണ്ടെന്ന് അറിയാമായിരുന്നെങ്കിലും, അത് അവസാനിപ്പിക്കാൻ ഇത്രയധികം വിട്ടുവീഴ്ചകൾക്ക് അവർ തയ്യാറാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും, എന്ത് വിലകൊടുത്തും യുദ്ധം അവസാനിപ്പിക്കണമെന്നതാണ് പൊതുജനങ്ങളുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനെതിരായ അമേരിക്കയുടെ യുദ്ധ നടപടികൾക്കെതിരെ വലിയ വിമർശനം ആണ് ഉയർന്നത്. പുതിയ കണ്ടെത്തലുകളുമായാണ് ഈ സർവ്വേ റിപ്പോർട്ട് പുറത്ത് വന്നത്.

Content Highlight:Majority of American voters want the war against Iran to end immediately: Survey results released.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more