| Sunday, 30th August 2026, 12:13 pm

ഹോര്‍മുസ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; ഇന്ധനച്ചെലവ് 22 ബില്യണ്‍ ഡോളര്‍ അധികം

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള ഇന്ധനവില ഉയര്‍ന്നതോടെ ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയെന്ന് റിപ്പോര്‍ട്ട്.

മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള ആറ് മാസത്തിനിടെ ഫോസില്‍ ഇന്ധനങ്ങള്‍ക്കായി ഇന്ത്യ 22 ബില്യണ്‍ ഡോളര്‍ അധികമായി ചെലവഴിച്ചതായി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ (സി.ആര്‍.ഇ.എ) നടത്തിയ പഠനത്തില്‍ പറയുന്നു.

ഹോര്‍മുസ് പ്രതിസന്ധിക്കിടെ ഇന്ധന വിലവര്‍ധനവുമൂലം ഏറ്റവും കൂടുതല്‍ അധികച്ചെലവ് നേരിടുന്ന 20 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പഠനത്തില്‍ സൂചിപ്പിക്കുന്നു.

ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍, എണ്ണ ഉത്പ്പന്നങ്ങള്‍, പ്രകൃതി വാതകം തുടങ്ങിയ ഇന്ധനങ്ങളുടെ വിലയില്‍ വലിയ വര്‍ധനയുണ്ടായതാണ് ഇറക്കുമതി ചെലവ് ഉയരാന്‍ പ്രധാന കാരണം.

ഇന്ധന ഇറക്കുമതിക്കാരില്‍ അധിക ചെലവിന്റെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ 78 ബില്യണ്‍ ഡോളറുമായി ഒന്നാമതും ചൈന 35 ബില്യണ്‍ ഡോളറുമായി രണ്ടാമതുമാണ്. ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്.

എന്നാല്‍ വിലവര്‍ധന മൂലമുണ്ടായ അധിക ചെലവും ഇന്ധന ഇറക്കുമതിയിലെ മറ്റു മാറ്റങ്ങളും കണക്കിലെടുത്തുള്ള ഇന്ത്യയുടെ അറ്റ അധിക ചെലവ് 14.4 ബില്യണ്‍ ഡോളര്‍ ആണെന്നാണ് പഠനത്തില്‍ പറയുന്നത്. ഇത് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ഏകദേശം 0.38 ശതമാനത്തിന് തുല്യമാണ്.

ക്രൂഡ് ഓയില്‍ ഇറക്കുമതിയിലും വലിയ വര്‍ധനയുണ്ടായി. ആറ് മാസത്തിനിടെ ക്രൂഡ് ഓയിലിനായി ഇന്ത്യയുടെ അധിക ചെലവ് 20.5 ബില്യണ്‍ ഡോളര്‍ ആയിരുന്നു. രാജ്യത്തെ പാചകവാതകമായ എല്‍.പി.ജിയുടെ ഇറക്കുമതി ചെലവിലും വിലവര്‍ധനയുടെ പ്രതിഫലനം ഉണ്ടായി.

എല്‍.പി.ജി ഇറക്കുമതിക്കായി ചെലവഴിച്ച 4.7 ബില്യണ്‍ ഡോളറില്‍ ഏകദേശം 1.1 ബില്യണ്‍ ഡോളര്‍ വിലവര്‍ധന മൂലമുണ്ടായ അധിക ചെലവാണ്.

ആഗോളതലത്തിലും ഹോര്‍മുസ് പ്രതിസന്ധി വലിയ സാമ്പത്തിക ആഘാതമാണ് സൃഷ്ടിച്ചത്. ലോകത്തെ ഫോസില്‍ ഇന്ധന ഇറക്കുമതിക്കാര്‍ക്ക് ആറ് മാസത്തിനിടെ ഏകദേശം 330 ബില്യണ്‍ ഡോളറിന്റെ അധിക ചെലവ് ഉണ്ടായതായാണ് സി.ആര്‍.ഇ.എയുടെ വിലയിരുത്തല്‍.

ഇന്ത്യയുടെ ഇന്ധന ആവശ്യകതയുടെ വലിയൊരു ഭാഗം ഇറക്കുമതിയെ ആശ്രയിക്കുന്നതിനാല്‍ ആഗോള എണ്ണവിലയിലെ വര്‍ധന രാജ്യത്തിന്റെ ഇറക്കുമതിയെയും സാമ്പത്തിക മേഖലയെയും നേരിട്ട് ബാധിക്കുന്ന സാഹചര്യമാണുള്ളതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Content Highlights: Major setback for India due to the Hormuz crisis; fuel costs rise by an additional $22 billion.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more