| Saturday, 29th March 2025, 9:10 pm

ഞാന്‍ അറിയുന്ന മോഹന്‍ലാല്‍ നിങ്ങളോടെല്ലാം മാപ്പ് പറയും; റിലീസിന് മുന്നേ അദ്ദേഹം സിനിമ കണ്ടിട്ടില്ല: മേജര്‍ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാനുമായ വിഷയങ്ങളില്‍ സംസാരിക്കുകയാണ് സംവിധായകനും ബി.ജെ.പി നേതാവുമായ മേജര്‍ രവി. മോഹന്‍ലാല്‍ റിലീസിന് മുമ്പ് എമ്പുരാന്‍ എന്ന സിനിമ പൂര്‍ണമായും കണ്ടിട്ടില്ലെന്നും ചിത്രം കണ്ട് മോഹന്‍ലാലിന് മാനസികമായി വളരെ വിഷമമായെന്നും മേജര്‍ രവി പറഞ്ഞു. ആ സിനിമയില്‍ കണ്ടിട്ടുള്ള പ്രശ്നങ്ങളെല്ലാം കട്ട് ചെയ്യാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നും തനിക്കറിയാവുന്ന മോഹന്‍ലാല്‍ ജനങ്ങളോട് മാപ്പുപറയുമെന്നും അദ്ദേഹം പറയുന്നു.

മുരളി ഗോപിയോട് പറയാനുള്ളത് മുസ്ലിം സഹോദരങ്ങളെ ആക്രമിക്കുന്ന ഹിന്ദുക്കളെ കാണിക്കുമ്പോള്‍ കലാപത്തിന്റെ തുടക്കം കാണിക്കാനുള്ള ധൈര്യം ഉണ്ടാകണമെന്നും രവി കൂട്ടിച്ചേര്‍ത്തു. സെന്‍സര്‍ ബോര്‍ഡില്‍ ഇരിക്കുന്ന ബി.ജെ.പിക്ക് ഒരു ഉപകാരവുമില്ലാത്ത ആളുകളെ വെളിയില്‍ കളയണമെന്നും രാജ്യസ്‌നേഹമുള്ള ഏതെങ്കിലും ഒരു വ്യക്തി ഉണ്ടായിരുന്നെങ്കില്‍ പടം കണ്ടിട്ട് അത് പ്രശ്നമാണെന്ന് മനസിലാക്കുമായിരുന്നുവെന്നും മേജര്‍ രവി പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘അഞ്ച് സിനിമകളാണ് താന്‍ മോഹന്‍ലാലുമായി ചെയ്തിട്ടുള്ളത്. കഥ കേട്ട് കഴിഞ്ഞ് ഒക്കെ പറഞ്ഞാല്‍ പിന്നെ അദ്ദേഹം സിനിമയില്‍ ഇടപെടില്ല. സിനിമ റിലീസ് ആകുന്നതിന് മുമ്പ് അദ്ദേഹം ഫുള്‍ സിനിമ കാണില്ല. കീര്‍ത്തിചക്രപോലും അദ്ദേഹം കണ്ടിട്ടില്ല. റിലീസിന് മുമ്പ് സിനിമ കാണുന്ന സ്വഭാവം അദ്ദേഹത്തിനില്ല. ഈ സിനിമക്കും അത് തന്നെയാണ് സംഭവിച്ചത്. അദ്ദേഹത്തിന് വളരെയധികം മാനസികമായി വിഷമമുണ്ട്. ഞങ്ങള്‍ ഒന്നിച്ചിരുന്നാണ് ഫസ്റ്റ് ഷോ കണ്ടത്.

അതില്‍ കണ്ടിട്ടുള്ള പ്രശ്നങ്ങളെല്ലാം കട്ട് ചെയ്യാന്‍ നേരത്തെ തന്നെ നിര്‍ദേശം കൊടുത്തിട്ടുണ്ട്. 26 മിനിറ്റോളം കട്ട് ചെയ്യുമെന്നാണ് ഞാന്‍ കേട്ടത്. അദ്ദേഹം കണ്ടിട്ട് റിലീസ് ചെയ്ത സിനിമയല്ല ഇത്. സിനിമയുടെ കണ്ടന്റില്‍ പ്രശ്‌നങ്ങളുണ്ട്. ഒരു മണിക്കൂറിന് ശേഷമാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ വരുന്നത്. ഡബ്ബ് ചെയ്യുന്ന ഭാഗങ്ങള്‍ മാത്രമേ അദ്ദേഹം കാണുകയുള്ളു. ഞാന്‍ അറിയുന്ന മോഹന്‍ലാല്‍ നിങ്ങളോടെല്ലാം മാപ്പ് പറയും. അദ്ദേഹം അത് ചെയ്യുമെന്ന ഉറപ്പ് എനിക്കുണ്ട്.

മുരളി ഗോപി എന്ന എന്റെ സഹോദരനോട് എനിക്ക് പറയാനുള്ളത് സിനിമ ആരംഭിക്കുമോള്‍ മുസ്ലിം സഹോദരങ്ങളെ ആക്രമിക്കുന്നത് ഹിന്ദുക്കളെ കാണിക്കാനുള്ള ധൈര്യം ഉണ്ടെങ്കില്‍ ആ കലാപത്തിന്റെ തുടക്കം എവിടെ നിന്നെന്നും ആ വണ്ടി എങ്ങനെ കത്തിയെന്നും കാണിക്കാനുള്ള ധൈര്യം കൂടി വേണം.

എവിടെ നിന്ന് അത് തുടങ്ങി, ആ വണ്ടി എങ്ങനെ കത്തി, ആര് കത്തിച്ചു, എന്തുകൊണ്ട് ഒരു കംപാര്‍ട്ട്‌മെന്റിന്റെ അകത്ത് 53 പേര്‍ മരിച്ചുപോയി എന്നതില്‍ തുടങ്ങിയിരുന്നെങ്കില്‍ ഇത് ഇത്രവലിയ വിഷയം ആകുമായിരുന്നില്ല. മുസ്ലിം സഹോദരങ്ങളെ കൊല്ലുന്ന ഹിന്ദുക്കളെന്ന് കാണിച്ചാല്‍ അത് വര്‍ഗീയതയല്ലേ.

ബി.ജെ.പിക്ക് ഒരു ഉപകാരവുമില്ലാതെ ബിജെപിക്കാരെന്ന് പറഞ്ഞ് നടക്കുന്ന കുറേ ഇത്തിള്‍ക്കണ്ണികള്‍ ഈ പാര്‍ട്ടിയിലുണ്ട്. ഏതെങ്കിലും ഒരു സെന്‍സര്‍ ബോര്‍ഡില്‍ ഇരിക്കുന്ന കുറേ എണ്ണമുണ്ട്. ഇവരെയെല്ലാം ആദ്യം ചികഞ്ഞെടുത്ത് വെളിയില്‍ തള്ളണം. അവരാവും സിനിമ കാണുന്നില്ല. അതില്‍ രാജ്യസ്‌നേഹമുള്ള ഏതെങ്കിലും ഒരു വ്യക്തി ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയെങ്കിലും പടം കണ്ടിട്ട് അത് പ്രശ്നമാണെന്ന് മനസിലാക്കുമായിരുന്നു,’ മേജര്‍ രവി പറഞ്ഞു.

Content Highlight: Major Ravi Says Mohanlal Didn’t Watch Empuraan Movie before Its Release

We use cookies to give you the best possible experience. Learn more