| Sunday, 30th March 2025, 9:41 am

എവിടെയെങ്കിലുമൊന്ന് ഉറച്ച് നില്‍ക്കെടേ; ആദ്യ ഷോ കണ്ടപ്പോള്‍ 'എമ്പുരാനൊരു വേള്‍ഡ് ക്ലാസ് ഫിലിം' വിവാദമായപ്പോള്‍ വിമര്‍ശനവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാര്‍ച്ച് 27നായിരുന്നു മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ റിലീസിന് എത്തിയത്. മുരളി ഗോപി തിരക്കഥ ഒരുക്കിയ ഈ സിനിമ ആരംഭിച്ചത് 2002ലെ ഗുജറാത്ത് കലാപം കാണിച്ചു കൊണ്ടായിരുന്നു.

സിനിമയുടെ ആദ്യത്തെ 20 മിനിറ്റില്‍ ഗുജറാത്ത് കലാപമായിരുന്നു പശ്ചാത്തലം. ഗുജറാത്ത് കലാപത്തിന് കാരണക്കാരായവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്ന പ്രസ്താവനയടക്കം എമ്പുരാനില്‍ ഉണ്ടായിരുന്നു.

അതോടെ ഇന്‍ഡസ്ട്രിയിലെ ഏറ്റവും ചെലവേറിയ ചിത്രമായി എത്തിയ എമ്പുരാന്‍ ആദ്യ ഷോയ്ക്ക് പിന്നാലെ വ്യാപകമായ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഗുജറാത്ത് കലാപത്തെ കുറിച്ച് പറഞ്ഞ വസ്തുതകള്‍ ചില തീവ്രവലതുപക്ഷക്കാരെ ചൊടിപ്പിക്കുകയായിരുന്നു.

മോഹന്‍ലാലും പൃഥ്വിരാജ് സുകുമാരനും പല ഭാഗങ്ങില്‍ നിന്നുള്ള വ്യാപകമായ സൈബര്‍ ആക്രമണമാണ് നേരിട്ടത്. പിന്നാലെ സിനിമയെ സപ്പോര്‍ട്ട് ചെയ്ത് കൊണ്ടും അല്ലാതെയും നിരവധി പേര്‍ മുന്നോട്ട് വന്നിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാല്‍ റിലീസിന് മുമ്പ് എമ്പുരാന്‍ സിനിമ പൂര്‍ണമായും കണ്ടിട്ടില്ലെന്നും ചിത്രം കണ്ട് മോഹന്‍ലാലിന് മാനസികമായി വളരെ വിഷമമായെന്നും പറഞ്ഞ് സംവിധായകനും ബി.ജെ.പി നേതാവുമായ മേജര്‍ രവി പ്രതികരിച്ചത്.

സിനിമയില്‍ കണ്ടിട്ടുള്ള പ്രശ്‌നങ്ങളെല്ലാം കട്ട് ചെയ്യാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നും തനിക്കറിയാവുന്ന മോഹന്‍ലാല്‍ ജനങ്ങളോട് മാപ്പുപറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ എമ്പുരാന്‍ സിനിമയുടെ ആദ്യ ഷോ കണ്ട മേജര്‍ രവി അന്ന് എമ്പുരാനെ വിശേഷിപ്പിച്ചത് ‘ഒരു വേള്‍ഡ് ക്ലാസ് ഫിലിം’ എന്നായിരുന്നു. ആളുകള്‍ പ്രതീക്ഷിക്കുന്നത് എന്താണോ അത് തിയേറ്ററില്‍ ചെന്നാല്‍ കിട്ടുമെന്നതില്‍ സംശയമില്ലമെന്നും അദ്ദേഹം അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

‘എമ്പുരാന്‍ അടിപൊളി. നിങ്ങളൊക്കെ എക്സ്പെക്റ്റ് ചെയ്യുന്ന സാധനം തിയേറ്ററില്‍ ചെന്നാല്‍ കിട്ടുമെന്നതില്‍ സംശയമില്ല. ലൂസിഫറാണോ എമ്പുരാനാണോ ഇഷ്ടമായതെന്ന് ചോദിച്ചാല്‍ എമ്പുരാന്‍.

ലൂസിഫറിനേക്കാള്‍ ഒരുപടി മുന്നിലാണ് എമ്പുരാന്‍ നില്‍ക്കുന്നത്. ലൂസിഫര്‍ വ്യത്യസ്തമാണ്. എമ്പുരാന്‍ വേറെ തന്നെയാണ്. മുഴുവന്‍ ലോകം കറക്കിയിട്ടുള്ള സിനിമയാണ്. ഒരു വേള്‍ഡ് ക്ലാസ് ഫിലിം. സിനിമ കണ്ട് ഞാന്‍ ഹാപ്പിയാണ്,’ എന്നായിരുന്നു മേജര്‍ രവി അന്ന് പറഞ്ഞിരുന്നത്.

എമ്പുരാന് എതിരെ തീവ്രവലതുപക്ഷക്കാരുടെ ആക്രമണം കടുത്തതോടെയാണ് മേജര്‍ രവിയും സിനിമക്ക് എതിരെ സംസാരിച്ചു തുടങ്ങിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സെന്‍സര്‍ ബോര്‍ഡില്‍ ഇരിക്കുന്ന ബി.ജെ.പിക്ക് ഒരു ഉപകാരവുമില്ലാത്ത ആളുകളെ വെളിയില്‍ കളയണമെന്നും രാജ്യസ്നേഹമുള്ള ഏതെങ്കിലും ഒരു വ്യക്തി ഉണ്ടായിരുന്നെങ്കില്‍ പടം കണ്ടിട്ട് അത് പ്രശ്‌നമാണെന്ന് മനസിലാക്കുമായിരുന്നുവെന്നുമാണ് മേജര്‍ രവി പറഞ്ഞത്.

ഇതോടെ മേജര്‍ രവിയോട് എവിടെയെങ്കിലും ഒന്ന് ഉറച്ചുനില്‍ക്കാന്‍ പറയുകയാണ് സോഷ്യല്‍ മീഡിയ. മോഹന്‍ലാല്‍ റിലീസിന് മുമ്പ് എമ്പുരാന്‍ സിനിമ പൂര്‍ണമായും കണ്ടിട്ടില്ലെന്ന മേജര്‍ രവിയുടെ പ്രസ്താവനയെ പൊളിക്കുന്ന തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ ഇടങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. മോഹന്‍ലാല്‍ എമ്പുരാന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖങ്ങളില്‍ എമ്പുരാന്‍ കണ്ടതിനെ കുറിച്ച് പറയുന്ന വീഡിയോകളാണ് വൈറലാകുന്നത്.

Content Highlight: Major Ravi’s Responds About Empuraan Movie

We use cookies to give you the best possible experience. Learn more