| Sunday, 24th August 2025, 2:52 pm

എനിക്ക് ഒരു തന്ത; എമ്പുരാൻ വർഗവിദ്വേഷമുണ്ടാക്കുന്ന സിനിമ, മോഹൻലാൽ അത് കണ്ടിട്ടില്ല: മല്ലികയ്ക്ക് മറുപടിയുമായി മേജർ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംഘപരിവാർ സംഘടനകൾ ഏറെ വിവാദമാക്കിയ സിനിമയായിരുന്നു മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എമ്പുരാൻ. ചിത്രത്തിലെ ഗുജറാത്ത് കലാപത്തെ കാണിച്ചിരിക്കുന്ന രംഗമായിരുന്നു തീവ്ര വലതുപക്ഷത്തെ ചൊടിപ്പിച്ചത്. അതിന് ശേഷം മോഹൻലാൽ മാപ്പെഴുതിത്തന്ന കടലാസ് തന്റെ കയ്യിലുണ്ടെന്നും മോഹൻലാൽ സിനിമ കണ്ടിട്ടില്ലെന്നുമുള്ള വാദങ്ങളുമായി ബി.ജെ.പി നേതാവും സംവിധായകനുമായ മേജർ രവി രംഗത്തെത്തിയിരുന്നു.

പിന്നാലെ മേജർ രവിയെ വിമർശിച്ച് മല്ലിക സുകുമാരനും എത്തി. മോഹൻലാൽ മാപ്പെഴുതിത്തന്നു, അദ്ദേഹം സിനിമ കണ്ടില്ല തുടങ്ങിയ കഥകൾ മേജർ രവി എന്തിനാണ് ഉണ്ടാക്കിയതെന്ന് തനിക്കറിയില്ലെന്ന് മല്ലിക പറഞ്ഞിരുന്നു. രാജ്യസ്നേഹിയായ പട്ടാളക്കാരൻ കള്ളം പറയരുതെന്നും പാർട്ടി ചാടിച്ചാടി മാറുന്നയാൾക്ക് ക്വാളിറ്റി ഉണ്ടാകില്ലെന്നും അവർ വിമർശിച്ചിരുന്നു.

ഇപ്പോഴിതാ മല്ലിക സുകുമാരന് മറുപടി നൽകുകയാണ് മേജർ രവി. മല്ലിക ഫാക്ടുകൾ മനസിലാകാതെ സംസാരിക്കുകയാണെന്നും വർഗവിദ്വേഷമുണ്ടാക്കുന്ന സിനിമയാണ് എമ്പുരാനെന്നും മേജർ രവി പറഞ്ഞു.

‘എനിക്ക് വളരെ ബഹുമാനമുള്ളയാളാണ് മല്ലികച്ചേച്ചി. എന്നാൽ ആദ്യം ഫാക്ടുകൾ മനസിലാക്കണം. ചാടിച്ചാടി പാർട്ടി മാറുന്നുപോലും. എനിക്ക് ഒരു തന്തയാണ്. ഇങ്ങനെ പറയുന്നതിൽ ക്ഷമിക്കണം. ഇന്ത്യ മഹാരാജ്യത്ത് ഏതെങ്കിലും പാർട്ടിയിൽ ഞാൻ മെമ്പറായിരുന്നു എന്ന് ഇവർ പറയുകയാണെങ്കിൽ അന്ന് ഞാൻ അവർ പറയുന്നത് കേൾക്കും. അത് തെളിയിക്കണം.

എന്നെ കോൺഗ്രസുകാർ പല സ്ഥലത്തും വിളിച്ച്‌ ആദരിച്ചിട്ടുണ്ട്. അന്ന് ഞാൻ കോൺഗ്രസായി എന്ന് പറയുന്നത് വിവരദോഷമാണ്. അൽപജ്ഞാനം കൊണ്ട് ഇതുപോലെ ആരെയും കുറ്റപ്പെടുത്തരുത്. പട്ടാളക്കാരന്റെ രാജ്യസ്‌നേഹം അളക്കാൻ മല്ലികച്ചേച്ചി ആയിട്ടില്ല.
എമ്പുരാൻ സിനിമ കണ്ടിറങ്ങുമ്പോൾ എനിക്ക് അങ്ങനെയേ പറയാൻ സാധിക്കൂ.

ഇത്രയും വർഗവിദ്വേഷമുണ്ടാക്കുന്ന ഒരു സിനിമ. അതിനെക്കുറിച്ച്‌ ഓരോന്നായി എടുത്ത് പറയാൻ തുടങ്ങിയാൽ, എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ഞാൻ പറയുന്നു മോഹൻലാൽ എമ്പുരാൻ സിനിമ കണ്ടിട്ടില്ല. ഇനിയും മല്ലികച്ചേച്ചി എന്തെങ്കിലും എന്നെക്കുറിച്ച്‌ പറയുകയാണെങ്കിൽ ആരും എന്നെ വിളിക്കരുത്. ഇതിനൊന്നും പ്രതികരിക്കണമെന്ന് എനിക്ക് തോന്നുന്നില്ല,’ മേജർ രവി പറഞ്ഞു.

Content Highlight: Major Ravi reacts to Mallika Sukumaran’s comment about him

We use cookies to give you the best possible experience. Learn more