| Wednesday, 30th September 2026, 10:07 am

കർണാടകയിൽ മുസ്‌ലിം വോട്ടർമാരെ ഒഴിവാക്കാൻ വൻ നീക്കം; ഫോം ഏഴ് ദുരുപയോഗം ചെയ്ത് വ്യാജ അപേക്ഷകൾ

ശ്രീലക്ഷ്മി പി.പി

ബെംഗളൂരൂ: കർണാടകയിൽ നടന്നുവരുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്.എസ്.ആർ) നടപടികളിൽ, വോട്ടർമാരെ വ്യാപകമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വൻതോതിൽ അപേക്ഷകൾ സമർപ്പിക്കപ്പെട്ടതായി റിപ്പോർട്ട്.

പട്ടികയിൽനിന്ന് ആളുകളെ വെട്ടിമാറ്റാനായി സമർപ്പിക്കുന്ന ഫോം ഏഴ് ദുരുപയോഗം ചെയ്ത് നാലായിരത്തിലധികം പരാതികളാണ് വിവിധ കേന്ദ്രങ്ങളിൽ ലഭിച്ചിട്ടുള്ളത്. ഇത്തരം നീക്കങ്ങളിൽ ഭൂരിഭാഗവും മുസ്‌ലിം വോട്ടർമാരെ കേന്ദ്രീകരിച്ചുള്ളതാണെന്ന് പ്രധാന മാധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. കോൺഗ്രസ്, ബി.ജെ.പി കക്ഷികളുടെ ജനപ്രതിനിധികൾ വിജയിച്ച പ്രധാന മണ്ഡലങ്ങളിലാണ് ഈ വിധത്തിലുള്ള ഏറ്റവും കൂടുതൽ അപേക്ഷകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കർണാടക മന്ത്രിസഭയിലെ അംഗമായ എം.ബി. പാട്ടീൽ നയിക്കുന്ന വിജയപുരയിലെ ബാബലേശ്വർ മണ്ഡലത്തിൽ സെപ്റ്റംബർ 22ന് മാത്രം 1,373 ഒഴിവാക്കൽ അപേക്ഷകളാണ് എത്തിയത്. ഇതിൽ ശ്രദ്ധേയമായ കാര്യം, 1,363 അപേക്ഷകളും കൈമാറിയത് വെറും പത്ത് വോട്ടർമാർ മാത്രമാണെന്നതാണ്. തങ്ങളുടെ സ്വന്തം പോളിങ് ബൂത്തുകൾക്ക് പുറത്തുള്ള മുസ്‌ലിം വോട്ടർമാരെ തെരഞ്ഞുപിടിച്ചാണ് ഈ അപേക്ഷകൾ നൽകിയത്.

ഹുച്ചപ്പ ഗാനിഗർ എന്നൊരാൾ സെപ്റ്റംബർ 22, 23 തീയതികളിലായി 493 അപേക്ഷകളും, ഗോവിന്ദരാജ് മുണ്ടൂർ എന്നയാൾ സെപ്റ്റംബർ 23ന് 33 വ്യത്യസ്ത പോളിങ് ബൂത്തുകളിലായി 413 അപേക്ഷകളും ഫയൽ ചെയ്തു.

മന്ത്രി ഈശ്വർ ഖണ്ഡ്രെ പ്രതിനിധാനം ചെയ്യുന്ന ഭാൽക്കി മണ്ഡലത്തിൽ സെപ്റ്റംബർ 23-ാം തീയതി 30 പേർ ചേർന്ന് 1,700-ലേറെ വോട്ടർമാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. സന്തോഷ് എന്ന വ്യക്തി രണ്ട് ദിവസത്തിനിടെ ഒട്ടനവധി അപേക്ഷകൾ സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു.

സെപ്റ്റംബർ 24-ന് എത്തിയ അധികമായ 525 എതിർപ്പുകളിൽ ഏറിയ പങ്കും വെറും 20 പേർ നൽകിയതായിരുന്നു. ബീദർ ജില്ലയിലെ ഭാൽക്കിയിൽ പുതിയതായി പേര് ചേർക്കാൻ 2,368 അപേക്ഷകൾ എത്തിയപ്പോൾ, ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ചത് 3,079 അപേക്ഷകളാണ്.

അതുപോലെ വിജയപുര ജില്ലയിലെ ബബലേശ്വരിൽ പുതിയതായി ചേർക്കാൻ 1,226 അപേക്ഷകൾ ലഭിച്ചപ്പോൾ, പേരുകൾ വെട്ടാൻ വന്നത് 1,647 അപേക്ഷകളായിരുന്നു. മറ്റ് എല്ലാ മണ്ഡലങ്ങളിലും പേര് ചേർക്കാനുള്ള അപേക്ഷകളായിരുന്നു കൂടുതൽ ലഭിച്ചതെങ്കിൽ, ഈ രണ്ട് മണ്ഡലങ്ങളിൽ മാത്രമാണ് ഒഴിവാക്കൽ അപേക്ഷകൾ കൂടുതലായി വന്നത്.

ഈ രണ്ട് മണ്ഡലങ്ങളിലും മുസ്‌ലിം സമുദായത്തിനെതിരായ എതിർപ്പുകളുടെ വ്യാപ്തി വളരെ വ്യക്തമാണ്. 2011-ലെ സെൻസസ് കണക്കുകൾ അനുസരിച്ച് കർണാടകയിലെ ആകെ മുസ്‌ലിം ജനസംഖ്യ 12.9 ശതമാനമാണ്. എന്നാൽ ഫോം 10 വഴി രേഖപ്പെടുത്തിയ ആകെ 29,360 തടസവാദങ്ങളിൽ 27.1 ശതമാനവും മുസ്‌ലിം വോട്ടർമാർക്ക് നേരെയായിരുന്നു. ഭാൽക്കിയെയും ബാബലേശ്വരിനെയും ഒഴിവാക്കി പരിശോധിച്ചാൽ സംസ്ഥാന തലത്തിലെ ഈ നിരക്ക് 15.4 ശതമാനത്തിലേക്ക് താഴുമെന്നത് ഈ രണ്ട് ഇടങ്ങളിലെയും തീവ്രത വ്യക്തമാക്കുന്നു.

ഭാൽക്കി മണ്ഡലത്തിൽ വോട്ടർമാരെ ഒഴിവാക്കാൻ സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ 92.1 ശതമാനവും മുസ്‌ലിം വോട്ടർമാരെ ലക്ഷ്യമിട്ടായിരുന്നു. ബാബലേശ്വരിൽ ലഭിച്ച അപേക്ഷകളിലാവട്ടെ ഇത് 80 ശതമാനത്തോളമാണ്. ബി.ജെ.പി വിജയിച്ച ബസവകല്യാൺ മണ്ഡലത്തിലെ ഒരു ബൂത്തിൽ ലഭിച്ച 37 പരാതികളിൽ 32 എണ്ണവും മുസ്‌ലിം വോട്ടർമാർക്കെതിരായിരുന്നു.

ബെൽത്തങ്ങാടിയിലും ഇത്തരത്തിൽ 21 അപേക്ഷകൾ സമർപ്പിക്കപ്പെട്ടു. ഭാൽക്കിയിലെ പല പരാതികളിലും നീക്കം ചെയ്യപ്പെടേണ്ട വോട്ടർമാരുടെ വിശദാംശങ്ങൾ മുൻകൂട്ടി പ്രിന്റ് ചെയ്ത നിലയിലും, പരാതിക്കാരന്റെ വിവരങ്ങൾ കൈപ്പടയിൽ എഴുതിയ നിലയിലുമായിരുന്നു കണ്ടെത്തിയത്. അപേക്ഷകരുമായി ഒത്തുപോകാത്ത വിവരങ്ങളും പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.

ഇവയെല്ലാം തന്നെ വോട്ട് വെട്ടലിന് പിന്നിൽ ആസൂത്രിതമായ വലിയ നീക്കങ്ങൾ നടന്നിട്ടുണ്ടെന്ന സംശയത്തെ ബലപ്പെടുത്തുന്നു. എന്നാൽ അർഹരായ ഒരു വോട്ടറെയും പട്ടികയിൽ നിന്ന് ചട്ടവിരുദ്ധമായി പുറത്താക്കിയിട്ടില്ലെന്ന് വിജയപുരയിലെയും ബീദറിലെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. സമർപ്പിക്കപ്പെട്ട മുഴുവൻ അപേക്ഷകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും, കൂട്ടത്തോടെ വ്യാജ അപേക്ഷകൾ കെട്ടിച്ചമച്ചു നൽകുന്നവർക്കെതിരെ പിഴ അടക്കമുള്ള ശക്തമായ ശിക്ഷാനടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകി.

Content Highlight :Major move to exclude Muslim voters in Karnataka; fraudulent applications filed through the misuse of Form 7.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more