ചിലിയുടെ വെറ്ററന്‍ സ്ട്രൈക്കര്‍ അലക്‌സി സാഞ്ചസിനെ സ്വന്തമാക്കി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ സി.എഫ് മോണ്‍ഡ്രിയല്‍. സ്പാനിഷ് ക്ലബ്ബ് സെവിയ്യയില്‍ നിന്നുമാണ് താരം അമേരിക്കയിലെത്തിയിരിക്കുന്നത്.
യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളില്‍ കളിച്ച പരിചയസമ്പത്തുള്ള സാഞ്ചസ് തന്റെ 37ാം വയസിലാണ് പുതിയ ലീഗില്‍ പോരാട്ടത്തിനൊരുങ്ങുന്നത്. ബാഴ്‌സലോണ, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഇന്റര്‍ മിലാന്‍ തുടങ്ങിയ വമ്പന്‍ ടീമുകള്‍ക്ക് വേണ്ടിയാണ് സാഞ്ചസ് ബൂട്ട് കെട്ടിയിട്ടുണ്ട്.
ബാഴ്‌സലോണക്കൊപ്പം 2013ല്‍ ലീഗ് കിരീടം സ്വന്തമാക്കിയ സാഞ്ചസ് ഇറ്റാലിയന്‍ ടീം ഇന്റര്‍ മിലാനൊപ്പം 2021, 2024 വര്‍ഷങ്ങളില്‍ ലീഗ് ചാമ്പ്യനായി. ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ആഴ്‌സണലിനൊപ്പം രണ്ട് കിരീടങ്ങളാണ് ചിലി താരം നേടിയത്. 2015, 2017 സീസണില്‍ ഗണ്ണേഴ്‌സിനൊപ്പം എഫ്.എ കപ്പ് സ്വന്തമാക്കാനും സാഞ്ചസിന് സാധിച്ചു.
രാജ്യാന്തര തലത്തിലും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ സാഞ്ചസ് തന്നെയാണ് ചിലിയുടെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍. 51 തവണയാണ് സാഞ്ചസ് ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. ചിലിക്കൊപ്പം രണ്ട് മേജര്‍ കിരീടങ്ങള്‍ നേടാനും സാഞ്ചസിന് സാധിച്ചിട്ടുണ്ട്. 2015, 2016 വര്‍ഷങ്ങളില്‍ നടന്ന കോപ്പ അമേരിക്കയില്‍ ചാമ്പ്യന്മാരായത് സാഞ്ചസിന്റെ ചിലിയായിരുന്നു.
ഈ രണ്ട് തവണയും ലയണല്‍ മെസിയുടെ അര്‍ജന്റീനയെ വീഴ്ത്തിയായിരുന്നു ചിലിയുടെ കിരീട നേട്ടം. ഒരു കാലത്ത് ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ ശക്തികേന്ദ്രമായ ചിലിക്ക് അടുത്തിടെ നടന്ന ലോകകപ്പുകളിലൊന്നും യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. എങ്കിലും അര്‍ജന്റീനയെ തകര്‍ത്ത് കിരീടം ചൂടിയ സാഞ്ചസിന്റെയും ചിലിയുടെയും പേര് ഇന്നും ചരിത്രത്തിന്റെ ഭാഗമാണ്.
ഇപ്പോള്‍ ഫുട്‌ബോളിലെ തന്റെ അവസാന സമയങ്ങളില്‍ അമേരിക്കയിലേക്ക് താരം കൂടുമാറുമ്പോള്‍ ഇതേ മെസിയും തന്റെ എതിരാളിയായി എം.എല്‍.എസില്‍ കളിക്കുന്നുണ്ടെന്നതും മറ്റൊരു വസ്തുതയാണ്.
മെസിക്കൊപ്പം ബാഴ്‌സയില്‍ സാഞ്ചസ് കളിക്കളത്തില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. 2011 മുതല്‍ 2014 വരെയായിരുന്നു അര്‍ജന്റൈന്‍ ഇതിഹാസത്തിനൊപ്പം സാഞ്ചസ് കളിച്ചത്. പഴയ ടീമിലെ താരങ്ങള്‍ വീണ്ടും ഒരു ലീഗില്‍ എതിരാളികളായെത്തുന്ന പോരാട്ടത്തിന് കൂടി ആരാധകര്‍ സാക്ഷ്യം വഹിക്കും.
Content Highlight: Major League Soccer club CF Montreal acquires Alexis Sanchez