മേജര്‍ ലീഗ് ക്രിക്കറ്റില്‍ എം.ഐ ന്യൂ യോര്‍ക്കിനെതിരെ ടെക്‌സസ് സൂപ്പര്‍ കിങ്‌സിന് മൂന്ന് റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഓക്‌ലാന്‍ഡ് കൊളീസിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂയോര്‍ക്ക് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടാനാണ് സൂപ്പര്‍ കിങ്‌സിന് സാധിച്ചത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂയോര്‍ അവസാന ഘട്ടം വരെ പോരാടിയെങ്കിലും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. സൂപ്പര്‍ കിങ്‌സിന് വേണ്ടി ബാറ്റിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ്. 44 പന്തില്‍ നിന്ന് അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 65 റണ്‍സാണ് താരം നേടിയത്.
ഏഴാമനായി ഇറങ്ങിയ കാല്‍വിന്‍ സാവേജ് 34 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പടെ മിന്നും പ്രകടനമാണ് നടത്തിയത്. ക്യാപ്റ്റനും ഓപ്പണറുമായ ഫാഫ് ഡുപ്ലെസി 15 പന്തില്‍ ഒരു സിക്‌സും ഫോറും വീതം നേട മടങ്ങിയെങ്കിലും ഫീല്‍ഡിങ്ങില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
13ാം ഓവറിലെ രണ്ടാം പന്തില്‍ മിച്ചല്‍ ബ്രേസ്‌വെല്ലിനിനെതിരെ ആദം മില്‍നെ എറിഞ്ഞ പന്തിലാണ് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുന്ന പ്രകടനവുമായി ഫാഫ് തിളങ്ങിയത്. ബ്രേസ്‌വെല്‍ മിഡ് വിക്കറ്റിലേക്ക് അടിച്ച പന്ത് 40 കാരനായ ഫാഫ് യാഡ് സര്‍ക്കിളിനുള്ളില്‍ നിന്ന് ഫുള്‍ സ്‌ട്രെച്ചില്‍ ഡൈവ് ചെയ്ത് കയ്യിലാക്കുകയായിരുന്നു. ബൗണ്ടറി ഉറപ്പിച്ച പന്ത് പറന്ന് പിടിച്ച ഫാഫിന്റെ ഫീല്‍ഡിങ് വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
അതേസമയം സൂപ്പര്‍ കിങ്‌സിന് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടി ആദം മില്‍നെ തിളങ്ങിയിരുന്നു. താരത്തിന് പുറമെ നൂര്‍ അഹമ്മദ്, മുഹമ്മദ് മൊഹസിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂയോര്‍ക്കിന് വേണ്ടി മൂന്നാമനായി ഇറങ്ങിയ മൊനാക് പട്ടേല്‍ 44 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 62 റണ്‍സാണ് താരം നേടിയത്.
ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മധ്യ നിരയില്‍ 38 റണ്‍സ് നേടി ബ്രേസ്‌വെല്ലും 32 റണ്‍സ് നേടി കെയ്‌റോണ്‍ പൊള്ളാര്‍ഡ് 32 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ ഇരുവരുടേയും വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ന്യൂയോര്‍ക്ക് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
Content Highlight: Major League Cricket: Faf du Plessis’ diving catch goes viral