| Thursday, 22nd October 2026, 10:12 am

യു.പിയിൽ വോട്ടർപട്ടികയിൽ വൻ ക്രമക്കേട്; സംസ്ഥാനവ്യാപക പരിശോധനയ്ക്ക് ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ശ്രീലക്ഷ്മി പി.പി

ലഖ്‌നൗ: ഉത്തർപ്രദേശിലെ വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിൽ (എസ്.ഐ.ആർ) ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന ആരോപണവുമായി കോൺഗ്രസ്.

പിലിഭിത്ത് സദർ അസംബ്ലി മണ്ഡലത്തിൽ മാത്രം പതിനാറായിരത്തിലധികം വോട്ടർമാരുടെ വിവരങ്ങളിൽ വലിയ തോതിലുള്ള കൃത്രിമം നടന്നിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു.

വിഷയം വലിയ രാഷ്ട്രീയ വിവാദമായതോടെ, കൃത്രിമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൺവ നിർദേശം നൽകി.

ചില വോട്ടർമാരുടെ ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാർഡ് നമ്പറുകൾ ഓൺലൈനിൽ പരിശോധിക്കുമ്പോൾ മറ്റ് വ്യക്തികളുടെ വിവരങ്ങൾ കാണിക്കുന്നുവെന്ന പരാതികൾ പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് പിലിഭിത്ത് ജില്ലാ ഇലക്ഷൻ ഓഫീസറോട് സമഗ്രാന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സി.ഇ.ഒ ആവശ്യപ്പെട്ടു.

കൂടാതെ, സംസ്ഥാനത്തെ മുഴുവൻ ജില്ലാ കളക്ടർമാരും അതത് ജില്ലകളിലെ അസംബ്ലി മണ്ഡലങ്ങളിലെ വോട്ടർപട്ടികകൾ അടിയന്തരമായി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, രണ്ട് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശം നൽകി.

നേരത്തെ, പിലിഭിത്ത് സദർ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ വ്യാപക തിരിമറി നടന്നിട്ടുണ്ടെന്ന് കാണിച്ച് കോൺഗ്രസ് നേതൃത്വം വാർത്താസമ്മേളനം നടത്തിയിരുന്നു. സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും സമാനമായ അട്ടിമറികൾ നടന്നിട്ടുണ്ടോയെന്ന് പാർട്ടി പരിശോധിച്ചുവരികയാണെന്നും, ഇതിനെതിരെ നിയമപരമായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നേതാക്കൾ വ്യക്തമാക്കി.

കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം വോട്ടർമാരുടെ വിവരങ്ങൾ ദുരൂഹമായ രീതിയിൽ തിരുത്തിയെഴുതപ്പെട്ടതിന് തെളിവായി പിലിഭിത്ത് സദറിനെയാണ് (മണ്ഡലം നമ്പർ 127) യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രാജേന്ദ്ര പാൽ ഗൗതം ചൂണ്ടിക്കാണിച്ചത്.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കരട് എസ്.ഐ.ആർ പട്ടിക പുറത്തിറങ്ങിയതിന് ശേഷം, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ചുരുങ്ങിയ മാസങ്ങൾക്കിടയിൽ 13,150 വോട്ടർമാരുടെ പേരുകളിൽ മാറ്റം വരുത്തിയതായി അദ്ദേഹം ആരോപിച്ചു.

പാർട്ടി പ്രവർത്തകർ ബൂത്തുതലത്തിൽ നേരിട്ടെത്തി നടത്തിയ പരിശോധനയിൽ, കരട് പട്ടികയിലെ അതേ ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാർഡ് നമ്പറും അതേ ക്രമനമ്പറും നിലനിർത്തിക്കൊണ്ടുതന്നെ യഥാർത്ഥ വോട്ടർമാരുടെ പേരുകൾ മാറ്റി മറ്റ് പേരുകൾ തിരുകിക്കയറ്റിയതായി വ്യക്തമായിട്ടുണ്ടെന്ന് രാജേന്ദ്ര പാൽ ഗൗതം പറഞ്ഞു.

ഇതിനുപുറമെ, സ്വന്തം വീടുകളിൽ സ്ഥിരമായി താമസിക്കുന്ന 804 വോട്ടർമാരെ കാണാനില്ല എന്ന് രേഖപ്പെടുത്തി വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തു. അതേസമയം, ആ മണ്ഡലത്തിൽ താമസിക്കാത്ത 2,600-ഓളം വ്യാജ വോട്ടർമാരെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പിലിഭിത്ത് സദറിലെ രാഷ്ട്രീയ സമവാക്യങ്ങൾ പരിശോധിക്കുമ്പോൾ ഈ അട്ടിമറിയുടെ വ്യാപ്തി ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേതെ ചൂണ്ടിക്കാട്ടി.

ബി.ജെ.പി മന്ത്രി സഞ്ജയ് ഗംഗ്‍വാർ ഈ സീറ്റിൽ വെറും 6,930 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 3.48 ലക്ഷത്തോളം വോട്ടർമാരുള്ള ഒരു മണ്ഡലത്തിൽ, പേര് ചേർക്കാനോ തിരുത്താനോ ഉള്ള ഫോം ആറ് ഉപയോഗിക്കാത്ത കാലയളവിൽ പോലും തിരിച്ചറിയൽ കാർഡ് നമ്പർ നിലനിർത്തി 13,150 പേരുകൾ മാറ്റിയെഴുതിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് അവർ വിമർശിച്ചു.

ജനാധിപത്യ പ്രക്രിയയുടെ സുതാര്യത തകർക്കുന്ന ഇത്തരം ഗുരുതരമായ ക്രമക്കേടുകൾക്കെതിരെ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ശക്തമായി ആവശ്യപ്പെട്ടു.

Content Higglight:Major irregularities in the electoral roll in UP; Chief Electoral Officer orders a state-wide inspection.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more