| Wednesday, 6th August 2025, 12:21 pm

പഞ്ചാബില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പ്ലാന്റില്‍ വന്‍ സ്‌ഫോടനം; രണ്ട് മരണം, മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: പഞ്ചാബിലെ മൊഹാലി ജില്ലയിലെ ഓക്‌സിജന്‍ സിലിണ്ടര്‍ പ്ലാന്റില്‍ വന്‍ സ്‌ഫോടനം. അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

മൊഹാലിയിലെ ഫേസ് 9ല്‍ സ്ഥിതി ചെയ്യുന്ന ഒരു യൂണിറ്റിലെ ഫാക്ടറിയിലാണ് സ്‌ഫോടനം നടന്നത്. ഇന്ന് (ബുധനാഴ്ച) രാവിലെ നടന്ന സ്‌ഫോടനത്തില്‍ പ്രദേശമാകെ നടുങ്ങി.

അപകടത്തിന് പിന്നാലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഉള്‍പ്പെടെയുള്ള പൊലീസിലെയും സിവില്‍ അഡ്മിനിസ്‌ട്രേഷനിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. അവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടുപേരുടെ മരണം സ്ഥിരീകരിച്ച ഉദ്യോഗസ്ഥര്‍ മൂന്ന് ആളുകളുടെ പരിക്കുകള്‍ ഗുരുതരമാണെന്നും അറിയിച്ചു. പരിക്കേറ്റവരെ മൊഹാലിയിലെ സിവില്‍ ആശുപത്രിയിലേക്കാണ് മാറ്റിയത്. മൂവരുടെയും അവസ്ഥ നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

‘ഇന്ന് രാവിലെയാണ് ഞങ്ങള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായി വിവരം ലഭിക്കുന്നത്. സ്‌ഫോടനം വളരെ ശക്തമായിരുന്നു. ഒരു സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ സമീപത്തുള്ള ബാക്കി സിലിണ്ടറുകള്‍ കൂടി പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് എത്തിയപ്പോള്‍ രണ്ടുപേരുടെ ജീവന്‍ നഷ്ടമായതായും ചിലര്‍ക്ക് പരിക്കേറ്റതായും കണ്ടെത്തി. പരിക്കേറ്റ ആളുകളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയിട്ടുണ്ട്,’ മൊഹാലിയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസും വ്യക്തമാക്കി.

Content Highlight: Major explosion at oxygen cylinder plant in Punjab; Two dead, three seriously injured

We use cookies to give you the best possible experience. Learn more