ദുബൈ: യു.എ.ഇയിലെ ഫുജൈറയില്‍ വന്‍ വാഹനാപകടം. നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധിയാളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെട്ടതായാണ് വിവരം. ഫുജൈറയിലേക്കുള്ള പ്രവേശന കവാടത്തിലുള്ള ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റില്‍ ലോറിയും നിരവധി വാഹനങ്ങളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ട്രക്കും നിരവധി വാഹനങ്ങളും കൂട്ടിയിടിച്ച് നിരവധി ആളുകള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തതായി ഫുജൈറ പോലീസ് ജനറല്‍ കമാന്‍ഡ് പ്രതികരിച്ചു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണമോ കൂടുതല്‍ വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് അപകടമെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. അപകടവിവരം ലഭിച്ചയുടന്‍ പൊലീസ്, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളിലെ പ്രത്യേക സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. അപകടസ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. അപകടത്തിന്റെ കാരണവും സാഹചര്യങ്ങളും കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഫുജൈറ പൊലീസ് അറിയിച്ചു.
Content Highlight: Major accident involving a collision of vehicles in Fujairah: Several people killed