| Saturday, 5th September 2026, 7:50 am

തൃശ്ശൂര്‍ കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാര്‍ ഇടിച്ച് കയറി വന്‍ അപകടം: കോളേജ് വിദ്യാര്‍ത്ഥികളടക്കം എട്ട് പേര്‍ക്ക് ദാരുണാന്ത്യം

നിഷാന. വി.വി

തൃശ്ശൂര്‍: കയ്പ്പ മംഗലം പനമ്പിക്കുന്നില്‍ നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാര്‍ ഇടിച്ച് കയറി എട്ട് പേര്‍ക്ക് ദാരുണാന്ത്യം.മരിച്ചവരില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. ഡ്രൈവറും മരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയോടെ ദേശീയപാതയുടെ നിര്‍മാണം പുരോഗമിക്കുന്ന ഇടത്തായിരുന്നു അപകടം.

തമിഴ്‌നാട് മധുര രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പെട്ടത്. ഗുരുവായൂര്‍ ഭാഗത്ത് നിന്ന് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. ദിണ്ടകളില്‍ നിന്നുള്ള എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ത്ഥികളാണ് കാറില്‍ ഉണ്ടായിരുന്നത്.

സേലം സ്വദേശി വിശ്വം (20), ഡിണ്ടികല്‍ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ഡിണ്ടികല്‍ സ്വദേശി യുവസഞ്ജിത് (20) എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. എല്ലാവരും പി.എസ്.എന്‍.എ എഞ്ചിനീറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്.

ദേശീയ പാത അതോറിറ്റിയുടെ വീഴ്ചയാണ് അപകടത്തിന് പിന്നിലെന്നാണ് ആരോപണം. ഈ മേഖലയില്‍ അപകടം പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൃത്യമായ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടില്ലെന്നും അനധികൃതമായി ലോറി പാര്‍ക്ക് ചെയ്തതുമാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

മൂന്ന് ലോറികള്‍ ഇതേ സ്ഥലത്ത് നിര്‍ത്തിയിട്ടുണ്ട്. ലോറികള്‍ അലക്ഷ്യമായാണ് നിര്‍ത്തിയിട്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.  ദേശീയ പാതയുടെ സ്പീഡ് ട്രാക്കറിലാണ് ലോറി നിര്‍ത്തിയിട്ടിരുന്നത്. വാഹനങ്ങള്‍ വഴിതരിച്ച് വിടുന്ന സ്ഥലത്ത് കൃത്യമായ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലായിരുന്നുവെന്നും ആരോപണമുണ്ട്. മുന്നറിയിപ്പ് ബോര്‍ഡ് കാണാത്ത തരത്തിലായിരുന്നു ലോറി നിര്‍ത്തിയിട്ടിരിക്കുന്നതെന്നും ആരോപണമുണ്ട്.

ഏഴ് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയുമാണ് മരിച്ചത്. മരിച്ച വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് മോര്‍ട്ടം രാവിലെ ഒമ്പത് മണിയോടെ ആരംഭിക്കുമെന്നാണ് മെഡിക്കല്‍ കോളേജ് അറിയിച്ചത്.

Content Highlight: Major accident in Kaipamangalam, Thrissur: Car crashes into parked lorry; eight people, including college students, meet a tragic end.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more