ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ വെച്ച് ഹൈദരാബാദ്-ബെംഗളൂരു ബസിന് തീപിടിച്ച് വന്‍ അപകടം. 42 പേര്‍ സഞ്ചരിച്ച കാവേരി ട്രാവല്‍സിന്റെ ബസിനാണ് തീപിടിച്ചത്. 20 മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെയുള്ളവര്‍ മരണപ്പെട്ടെന്ന് പൊലീസ് അറിയിച്ചു.
അപകടത്തില്‍ 15 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ കര്‍ണൂല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി സംഭവസ്ഥലത്തേക്ക് തിരിച്ചിരിക്കുകയാണ്.
ബംഗളൂരുവില്‍ നിന്നും ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ബസില്‍ ഇരുചക്രവാഹനം ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസിന് പിന്നിലിടിച്ച ഇരുചക്ര വാഹനം ബസിനടിയിലേക്ക് വീണ് ഇന്ധന ടാങ്കില്‍ ഇടിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് തീപിടുത്തമുണ്ടായത്. തീ വാഹനത്തെ മുഴുവന്‍ വിഴുങ്ങുകയായിരുന്നു. അപകടത്തില്‍ ഇരുചക്രവാഹനത്തിന്റെ ഡ്രൈവറും മരണപ്പെട്ടു.
മരണപ്പെട്ടവര്‍ ഹൈദരാബാദ് സ്വദേശികളാണ് എന്നാണ് പ്രഥമിക വിവരം. കുര്‍ണൂലിന് സമീപത്തെ ഗ്രാമപ്രദേശത്താണ് അപകടം നടന്നത്.
പുലര്‍ച്ചെയോടെ നടന്ന അപകടം അറിയാന്‍ നാട്ടുകാര്‍ വൈകിയതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. വിവരമറിഞ്ഞ് പൊലീസെത്തിയ ശേഷം രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
Content Highlight: Major accident as Bengaluru-Hyderabad bus catches fire in Kurnool; 20 dead