| Monday, 24th March 2025, 7:47 am

താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി ഞാന്‍ മാറിയതില്‍ ഖേദിക്കുന്നു; പൃഥ്വിരാജിനോട് ക്ഷമാപണവുമായി മൈത്രേയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ പറഞ്ഞ വാക്കുകളിലെ ഒരു പ്രത്യേക വരി മാത്രമെടുത്ത് വാര്‍ത്തയാക്കിയതിനെതിരെ മൈത്രേയന്‍. അഭിമുഖത്തില്‍ പൃഥ്വിരാജിനെ കുറിച്ച് മൈത്രേയന്‍ പറഞ്ഞ വാക്കുകളാണ് ഹൈലൈറ്റ് ചെയ്യപ്പെട്ടത്. ‘പൃഥ്വിരാജ് ഇതുവരെ ഒരു നല്ല സിനിമ എടുത്തതായി ഞാന്‍ കേട്ടിട്ട് പോലുമില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹത്തിന് രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ഇപ്പോള്‍ തന്റെ ഫേസ്ബുക്കിലൂടെ സംഭവത്തെ കുറിച്ചുള്ള വിശദീകരണം നല്‍കുകയും പൃഥ്വിരാജിനോട് മാപ്പ് ചോദിക്കുകയുമാണ് മൈത്രേയന്‍.

പൃഥ്വിരാജിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ അഭിമുഖം നടത്തുവാന്‍ മൂന്ന് പേര്‍ വന്നുവെന്നും പല വിഷയങ്ങള്‍ സംസാരിച്ചിരുന്നതില്‍ സിനിമ, സംവിധാനം, അഭിനയം എന്നിവ ചര്‍ച്ച ചെയ്തുവെന്നത് സത്യമാണെന്നും മൈത്രേയന്‍ കുറിപ്പില്‍ പറയുന്നു.

അഭിമുഖത്തില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമകളെ പറ്റി സംസാരിച്ചിരുന്നുവെന്നും പോസ്റ്ററിലുള്ള കാര്യം താന്‍ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇത്തരം ഒരു പോസ്റ്റര്‍ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അഭിമുഖമെടുക്കാന്‍ വന്നവര്‍ ആ ചോദ്യം ചോദിച്ചതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും പൃഥ്വിരാജിനെ അടിക്കാന്‍ പാകത്തിലൊരു വടിയായി താന്‍ മാറിയതില്‍ ഖേദിക്കുന്നുവെന്നും മൈത്രേയന്‍ കൂട്ടിച്ചേര്‍ത്തു. നിരുപാധികം മാപ്പുചോദിക്കുന്നുവെന്നും പൃഥ്വിരാജിന്റെ സിനിമ ആദ്യ ദിവസം തന്നെ കാണുമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

Content Highlight: Maitreyan apologizes to Prithviraj

We use cookies to give you the best possible experience. Learn more